റിയാദ് - യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലിയുടെ പരിശീലക പദവി ഒഴിഞ്ഞ റോബര്‍ടൊ മാഞ്ചീനി സൗദി അറേബ്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി ചുമതലയേറ്റു. റിയാദിലെത്തിയ മാഞ്ചീനി സൗദി സോക്കര്‍ ഫെഡറേഷന്‍ ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് കരാറൊപ്പിട്ടത്. തുടര്‍ന്ന് മാധ്യമങ്ങളുടെ മുന്നിലും ഹാജരായി.
രണ്ടാഴ്ച മുമ്പാണ് ഇറ്റാലിയന്‍ സോക്കര്‍ ഫെഡറേഷന്‍ നേതൃത്വവുമായി അതൃപ്തി പ്രകടിപ്പിച്ച് അപ്രതീക്ഷതമായി മാഞ്ചീനി ഒഴിഞ്ഞത്. ഇറ്റാലി യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ നിര്‍ണായക മത്സരങ്ങള്‍ കളിക്കാനിരിക്കെയായിരുന്നു രാജി. നാപ്പോളിയെ ഇറ്റാലിയന്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച ലൂഷ്യാനൊ സ്പലേറ്റിയെ ഇറ്റലിയുടെ കോച്ചായി നിയമിച്ചിട്ടുണ്ട്.
നാലു വര്‍ഷത്തേക്ക് സൗദി സോക്കര്‍ ഫെഡറേഷനുമായി മാഞ്ചീനി കരാറൊപ്പിട്ടത്. സെപ്റ്റംബര്‍ എട്ടിന് കോസ്റ്ററീക്കക്കും നാലു ദിവസത്തിനു ശേഷം തെക്കന്‍ കൊറിയക്കുമെതിരായ സന്നാഹ മത്സരങ്ങളായിരിക്കും മാഞ്ചീനിയുടെ ആദ്യ ദൗത്യം. സൗദി ഉടമസ്ഥതയിലുള്ള ന്യൂകാസിലിന്റെ ഇംഗ്ലണ്ടിലെ ഗ്രൗണ്ടിലായിരിക്കും മത്സരങ്ങള്‍. യൂര്‍ഗന്‍ ക്ലിന്‍സ്മാനാണ് കൊറിയയുടെ കോച്ച്. സൗദി ടീം ഏഷ്യന്‍ കപ്പിനായി ഒരുങ്ങുകയാണ്.
യൂറോപ്പില്‍ താന്‍ ചരിത്രം സൃഷ്ടിച്ചുവെന്നും ഇനി സൗദി ടീമിനൊപ്പം ചരിത്രം രചിക്കലാണ് ലക്ഷ്യമെന്നും മാഞ്ചീനി പറഞ്ഞു. സൗദി അറേബ്യയുടെ പരിശീലക പദവി വാഗ്ദാനം ചെയ്യപ്പെട്ടത് വലിയ അംഗീകാരമാണ്. ഏഷ്യയില്‍ ഫുട്‌ബോള്‍ അതിവേഗം വളരുന്ന കാലത്ത് പുതിയ രാജ്യത്തെ കളി അനുഭവിക്കാനുള്ള അവസരമാണ് ഇത്. സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സംസ്‌കാരവും അവരുടെ കളിക്കാരുടെ നന്മയുമാണ് അവരുടെ വളര്‍ച്ചയുടെ അടിസ്ഥാനമെന്ന് മനസ്സിലാക്കുന്നു. സൗദി പ്രൊ ലീഗില്‍ മുന്‍നിര കളിക്കാരുടെ സാന്നിധ്യം ദേശീയ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് അടിത്തറ പാകും -മാഞ്ചീനി പറഞ്ഞു.
മാഞ്ചീനി 2005 മുതല്‍ 2008 വരെ ഇന്റര്‍ മിലാന് സീരീ അ കിരീടം നേടിക്കൊടുത്തിരുന്നു. 2012 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കി. എന്നാല്‍ ഇറ്റലിക്ക് കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാനാവാതിരുന്നത് വലിയ തിരിച്ചടിയായി.
ഇന്റര്‍നാഷനല്‍ ഫുട്‌ബോളില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ കരഗതമാക്കാന്‍ സഹായിക്കുന്ന ട്രാക്ക് റെക്കോര്‍ഡാണ് ക്ലബ്ബ് ഫുട്‌ബോളിലും ദേശീയ ഫുട്‌ബോളിലും മാഞ്ചീനിക്കെന്ന് സൗദി സോക്കര്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസര്‍ അല്‍മിശ്അല്‍ അഭിപ്രായപ്പെട്ടു. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ചവരോട് കിടപിടിക്കാനായി എല്ലാ മേഖലയും ഞങ്ങള്‍ വളര്‍ത്തുകയാണ്. ഏഷ്യന്‍ കപ്പ് കിരീടവും ലോകകപ്പ് യോഗ്യതാ സ്ഥാനവും നേടുകയുള്‍പ്പെടെ ലോക സ്‌റ്റെയ്ജില്‍ സൗദിയെ ഉയരങ്ങളിലെത്തിക്കാനുള്ള സൗദിയുടെ പദ്ധതിയില്‍ മാഞ്ചീനിക്ക് വിശ്വാസമുണ്ട് -അദ്ദേഹം പറഞ്ഞു.
ജനുവരിയില്‍ ഖത്തറിലാണ് ഏഷ്യന്‍ കപ്പ്. 2027 ലെ ആതിഥേയ രാജ്യമെന്ന നിലയില്‍ ഏഷ്യാ കപ്പ് നേടുക സൗദിക്ക് അഭിമാനപ്രശ്‌നമാണ്. കിര്‍ഗിസ്ഥാനും ഒമാനും തായ്‌ലന്റുമുള്‍പ്പെട്ട ഗ്രൂപ്പിലാണ് സൗദി.
അതിന് മുമ്പ് നവംബറില്‍ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളുണ്ട് -ജോര്‍ദാന്‍, പാക്കിസ്ഥാന്‍/കംബോഡിയ ടീമുകളുമായി. ഗ്രൂപ്പ് ജി-യിലെ നാലാമത്തെ ടീം താജിക്കിസ്ഥാനാണ്. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടന്നില്ലെങ്കിലും ചാമ്പ്യന്മാരായ അര്‍ജന്റീനയെ തോല്‍പിച്ച ഏക ടീമാണ് സൗദി.






