സലാഹിന് പിന്നാലെ സൗദി, ലിവര്‍പൂളിന് ആശങ്കയുടെ 20 ദിനങ്ങള്‍

ജിദ്ദ - അറബ് ലോകത്തെ ഏറ്റവും വലിയ താരപ്രഭയുള്ള ഫുട്‌ബോളര്‍ക്കായി ലിവര്‍പൂളും സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദും തമ്മില്‍ അവസാന വടംവലി. സലാഹിന് മുന്നില്‍ അവഗണിക്കാനാവാത്ത ഓഫറാണ് ഇത്തിഹാദ് മുന്നോട്ടുവെച്ചിരിക്കുന്നത്. സലാഹിന് വലിയ താല്‍പര്യമുണ്ടെന്നാണ് സൂചന. എന്നാല്‍ ലിവര്‍പൂളില്‍ മുപ്പത്തൊന്നുകാരന് രണ്ടു വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുണ്ട്. ഒഴിവാക്കേണ്ട താരങ്ങളെയൊക്കെ ഒഴിവാക്കി പുതിയ ഏതാനും കളിക്കാരെ ഉള്‍പെടുത്തി പുതിയ സീസണില്‍ മുന്നോട്ടുപോവുകയാണ് ലിവര്‍പൂള്‍. അതിനിടയില്‍ സലാഹിനെ വിട്ടുകൊടുത്താല്‍ അവരുടെ പദ്ധതി താളം തെറ്റും. ഒരു കാരണവശാലും സലാഹിനെ കൈവിടില്ലെന്ന വാശിയിലാണ് കോച്ച് യൂര്‍ഗന്‍ ക്ലോപ. എന്നാല്‍ പ്രീമിയര്‍ ലീഗുള്‍പ്പെടെ അഞ്ച് പ്രധാന യൂറോപ്യന്‍ ലീഗുകളില്‍ സെപ്റ്റംബര്‍ ഒന്നിന് ട്രാന്‍സ്ഫര്‍ ജാലകം അടക്കും. സൗദിയില്‍ സെപ്റ്റംബര്‍ 20 വരെ ട്രാന്‍സ്ഫര്‍ ആവാം. അതിനാല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ 20 വരെയുള്ള ദിനങ്ങള്‍ ലിവര്‍പൂളിന് ഉറക്കമില്ലാത്തതായിരിക്കും. 
സലാഹിനെ വിട്ടുതരില്ലെന്ന ലിവര്‍പൂളിന്റെ വാശിക്കു മുന്നില്‍ 16.2 കോടി ഡോളറിന്റെ കാരറ്റാണ് ഇത്തിഹാദ് തൂക്കിയിട്ടിരിക്കുന്നത്. സലാഹിനെ നേടിയെടുക്കുകയെന്ന് ഇത്തിഹാദിന് അഭിമാനപ്രശ്‌നമായിരിക്കുകയാണ്. നെയ്മാറിനായി അല്‍ഹിലാല്‍ നല്‍കിയ ട്രാന്‍സ്ഫര്‍ തുക 9.7 കോടി ഡോളര്‍ മാത്രമാണ്. നെയ്മാറിന് അല്‍ഹിലാലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് അന്നസ്‌റും നല്‍കുന്ന പ്രതിഫലത്തോട് കിടപിടിക്കുന്ന വേതനവും ഇത്തിഹാദ് ഓഫര്‍ ചെയ്യുന്നു. ഡിസംബറില്‍ സൗദി അറേബ്യയില്‍ നടക്കുന്ന ക്ലബ്ബ് ലോകകപ്പില്‍ ആതിഥേയ രാജ്യത്തിന്റെ പ്രതിനിധികളെന്ന നിലയില്‍ ഇത്തിഹാദിന് പങ്കെടുക്കാം. ആ ടൂര്‍ണമെന്റില്‍ കരുത്തു കാട്ടുകയാണ് ഇത്തിഹാദിന്റെ ലക്ഷ്യം. സെര്‍ജിയൊ റാമോസിനെ പോലൊരു സെന്റര്‍ബാക്കിനെയും ഇത്തിഹാദ് തേടുന്നുണ്ട്. ആഴ്‌സനലിന്റെ ഗബ്രിയേലിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ റഫായേല്‍ വരാനെയും റാഞ്ചാനുള്ള ശ്രമം വിജയിച്ചിട്ടില്ല. 
 

Latest News