അബൂജ - കളിക്കാരെ ടീമിലുൾപ്പെടുത്താനായി നൈജീരിയൻ കോച്ച് സാലിസു യൂസുഫ് പണം വാങ്ങുന്ന ദൃശ്യങ്ങൾ ബി.ബി.സി പുറത്തുവിട്ടു. ആഫ്രിക്കൻ നാഷൻസ് കപ്പിനുള്ള ടീമിൽ രണ്ടു പേരെ ഉൾപ്പെടുത്താനായി 1000 ഡോളറാണ് കോച്ച് വാങ്ങിയതെന്ന് ചാനൽ വെളിപ്പെടുത്തി. മത്സരത്തിൽ കളിക്കാർക്ക് കിട്ടുന്ന വരുമാനത്തിന്റെ 15 ശതമാനം വേണമെന്നും കോച്ച് ആവശ്യപ്പെട്ടു.
ആഫ്രിക്കൻ കപ്പിൽ നൈജീരിയൻ ക്ലബ്ബുകളിൽ കളിക്കുന്നവരെയാണ് ടീമിലുൾപ്പെടുത്തുക. കളിക്കാർ യോഗ്യരാണെങ്കിൽ മാത്രമേ ടീമിലുൾപ്പെടുത്തൂ എന്നാണ് പറഞ്ഞതെന്നും സമ്മാനമെന്ന നിലയിലാണ് പണം തന്നതെന്നും കോച്ച് ന്യായീകരിച്ചു.
ഘാനക്കാരനായ ജേണലിസ്റ്റ് അനസ് അറമയാ അനസ് ആഫ്രിക്കൻ ഫുട്‌ബോളിലെ അഴിമതിയെക്കുറിച്ച് തയാറാക്കിയ പരമ്പരയിലാണ് വിവാദ ദൃശ്യങ്ങൾ ഉള്ളത്. അനസിന്റെ അന്വേഷണ പരമ്പരയെത്തുടർന്ന് ഘാനാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കവേസി നയാൻതാകിക്ക് രാജിവെക്കേണ്ടി വന്നിരുന്നു.