ഫോർട് ലോഡർഡെയ്ൽ - ഒളിംപിക്‌സിൽ 12 മെഡലുകൾ നേടിയ അമേരിക്കൻ സൂപ്പർ സ്വിമ്മർ റയാൻ ലോച്‌റ്റെക്ക് ഉത്തേജക ചട്ടം ലംഘിച്ചതിന് 14 മാസം വിലക്ക്. 2019 ജൂലൈ വരെ ലോച്‌റ്റെക്ക് മത്സരിക്കാനാവില്ല. ചട്ടം ലംഘിച്ച് വൈറ്റമിനുകൾ ഞരമ്പിലേക്ക് കുത്തിവെച്ചതിനാണ് അമേരിക്കൻ ഉത്തേജക വിരുദ്ധ ഏജൻസിയുടെ ശിക്ഷ. ഇതോടെ 2020 ലെ ഒളിംപിക്‌സിൽ മുപ്പത്തിമൂന്നുകാരൻ മത്സരിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായി.
കുഞ്ഞുമകന് അസുഖം വന്നതിനെത്തുടർന്ന് രോഗപ്രതിരോധമെന്ന നിലയിലാണ് ലോച്‌റ്റെയും ഭാര്യയും വൈറ്റമിൻ ഞരമ്പിൽ കുത്തിവെച്ചത്. ഇതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ ലോച്‌റ്റെ പോസ്റ്റ് ചെയ്തതു കണ്ടാണ് ഉത്തേജക വിരുദ്ധ ഏജൻസി അന്വേഷണം പ്രഖ്യാപിച്ചത്. ലോച്‌റ്റെ അന്വേഷണവുമായി സഹകരിച്ചെങ്കിലും ഏജൻസി ഒരു കരുണയും കാണിച്ചില്ല. അതോടെ അമേരിക്കൻ ദേശീയ ചാമ്പ്യൻഷിപ്പിലും പാൻപസഫിക് ചാമ്പ്യൻഷിപ്പിലും അടുത്ത വർഷത്തെ ലോക ചാമ്പ്യൻഷിപ്പിലും ലോച്‌റ്റെ ഉണ്ടാവില്ലെന്നുറപ്പായി. താൻ തകർന്നു പോയെന്ന് ലോച്‌റ്റെ പറഞ്ഞു.
2016 ലെ റിയൊ ഒളിംപിക്‌സിനു ശേഷം നാണം കെട്ടാണ് ലോച്‌റ്റെ മടങ്ങിയത്. തന്നെയും മൂന്ന് സഹതാരങ്ങളെയും സായുധ സംഘം കൊള്ളയടിച്ചുവെന്ന ലോച്‌റ്റെയുടെ കഥ പരിഹാസ്യമാം വിധം പൊളിഞ്ഞുപോയിരുന്നു. കള്ളക്കഥ മെനഞ്ഞതിന് ലോച്‌റ്റെയെ 10 മാസം അമേരിക്ക വിലക്കി.
ചട്ടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് കളിക്കാരുടെ ബാധ്യതയാണെങ്കിലും ഐ.വി ഇഞ്ചക്ഷനുകൾ പാടില്ലെന്നത് അറിയില്ലായിരുന്നുവെന്ന് ലോച്‌റ്റെ വാദിക്കുന്നു. റിയൊ ഒളിംപിക്‌സിനു ശേഷം നല്ല മനുഷ്യനാവാനുള്ള ശ്രമത്തിലായിരുന്നു താനെന്നും താരം പറയുന്നു.






