ആധുനിക ചരിത്രത്തിലെ കൊടുംകുറ്റവാളിയായ നഴ്സ് ലൂസി ലെറ്റ്ബിയുടെ കുറ്റകൃത്യങ്ങൾ ജഡ്ജ് തലത്തിൽ അന്വേഷിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. കൊടുംകുറ്റവാളിയെ കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്തും. ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, ആറ് പേരെ വധിക്കാനും ശ്രമിച്ചതിന് നിയോനേറ്റൽ നഴ്സായ ലെറ്റ്ബിക്ക് കഴിഞ്ഞ ആഴ്ചയാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചത്.
അന്വേഷണം നയിക്കാൻ കഴിയുന്ന യോഗ്യരായ സീനിയർ ജഡ്ജിമാരുടെ പട്ടിക നൽകാൻ ജസ്റ്റിസ് മന്ത്രാലയത്തോട് യു.കെ ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേ ആവശ്യപ്പെട്ടു. ഡിപ്പാർട്ട്മെന്റ് നൽകിയ പ്രാഥമിക പട്ടിക ഹ്രസ്വമായതിനാൽ കൂടുതൽ പേരുടെ പട്ടിക തയ്യാറാക്കി നൽകാനാണ് ആവശ്യപ്പെട്ടത്.
ലെറ്റ്ബിയുടെ ഇരകളുമായി ചർച്ച നടത്തിയ ശേഷമാകും അന്വേഷണം പുതിയ തലത്തിലേക്ക് ഉയർത്താനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക. 33-കാരിയായ ലെറ്റ്ബിക്ക് 14 ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.
നേരമ്പോക്കിനായി നവജാത ശിശുക്കളെ കൊന്നൊടുക്കിയ ലൂസി ലെറ്റ്ബി എന്ന കൊലയാളി നഴ്സിന് ശിഷ്ടകാലം ജയിലിനകത്തെ ഏകാന്തത മാത്രമെന്നുറപ്പായി. സഹതടവുകാരുടെ ആക്രമണം ഇവർക്ക് നേരെ ഉണ്ടാകുമെന്ന ആശങ്കയിലാണ് ഇവർക്ക് ഏകാന്ത തടവ് വിധിച്ചത്. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട സീരീയൽ കില്ലറാണിവർ. ഏഴ് നവജാത ശിശുക്കളെയാണ് കൊന്നത്. മറ്റ് ആറുപേരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ഇവർ ചെയ്ത കുറ്റകൃത്യത്തിന്റെ ഭീകരത അറിഞ്ഞു കൊണ്ടായിരുന്നു, സാധാരണയായി പതിവില്ലാത്ത മരണം വരെ തടവ് ശിക്ഷ ഇവർക്ക് വിധിച്ചത്. മറ്റ് അദ്ഭുതങ്ങൾ ഒന്നും നടന്നില്ലെങ്കിൽ, ഇനി ലൂസി ലെറ്റ്ബി എന്ന നഴ്സിന് ഇനി പുറം ലോകം കാണാൻ കഴിയില്ല. മരണം വരെ തടവ് ശിക്ഷ ലഭിക്കുന്ന നാലാമത്തെ ബ്രിട്ടീഷ് വനിതയാണിവർ.
*** *** ***
ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗിനെ കുറിച്ചുള്ള പ്രതികരണത്തിൽ രാജസ്ഥാൻ കായിക മന്ത്രി അശോക് ചന്ദനയ്ക്ക് ട്രോൾ. ചന്ദ്രയാൻ മൂന്നിലെ യാത്രക്കാർക്ക് തന്റെ സല്യൂട്ട് എന്നായിരുന്നു മന്ത്രിയുടെ പരാമർശം. ചന്ദ്രനിൽ ലാൻഡിംഗ് നടത്തിയതിന് പിന്നാലെയായിരുന്നു ഇത്. ബഹിരാകാശ യാത്രികരുമായി പോയ പേടകമാണിതെന്ന ഓർമയിലായിരുന്നു മന്ത്രിയുടെ പരാമർശം. ട്വിറ്റർ എക്സിലാണ് മന്ത്രി ഈ വീഡിയോ ട്വീറ്റ് ചെയ്തത്. കോൺഗ്രസ് നേതാവ് കൂടിയായ മന്ത്രി ചന്ദ്രയാനിലെ യാത്രക്കാരെ പ്രകീർത്തിക്കുന്നതാണിത്. സോഷ്യൽ മീഡിയയിൽ ഇത് വലിയ പരിഹാസങ്ങൾക്കാണ് വഴിവെച്ചത്. ശാസ്ത്രത്തിൽ ഒരു ചുവടുകൂടി മുന്നോട്ട് വെച്ചിരിക്കുകയാണ് നമ്മൾ. ഈ ഘട്ടത്തിൽ ആ ചന്ദ്രയാനിലെ യാത്രക്കാരെയും, രാജ്യത്തെ പൗരന്മാരെയും അഭിനന്ദിക്കുകയാണെന്നും മന്ത്രി പറയുന്നുണ്ട്.
മന്ത്രിയുടെ നാക്കുപിഴ സോഷ്യൽ മീഡിയ കണ്ടെത്തുകയായിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന്റെ പരാമർശത്തെ ട്രോളിയത്. രാജസ്ഥാനിലെ മന്ത്രിക്ക് ഇത് ആളില്ലാ പേടകമാണെന്ന് പോലും അറിയില്ലെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
ചന്ദ്രയാൻ3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതോടെ ലോക മാധ്യമങ്ങൾ ഇന്ത്യയെയും ഐ.എസ്ആർ.ഒയെയും അഭിനന്ദിച്ചു. ചന്ദ്രോപരിതലത്തിന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി. 'ചന്ദ്രയാൻ3: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇന്ത്യ ചരിത്രപരമായ ലാൻഡിംഗ് നടത്തുന്നു,' ബിബിസി പറഞ്ഞു. ദി ഗാർഡിയൻ, സി.എൻ.എൻ, ന്യൂയോർക്ക് ടൈംസ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളും പ്രശംസിച്ചു.
ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിലെ ലാൻഡിങ്ങ് പാക്കിസ്ഥാനിലെ മാധ്യമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് മുൻ പാക് മന്ത്രി ഫവാദ് ഹുസൈൻ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് ആശംസകൾ അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചന്ദ്രയാൻ മൂന്ന് മനുഷ്യരാശിയുടെ ചരിത്രനിമിഷമാണ്. ഇന്ത്യയിലെ ജനങ്ങളുടെയും ശാസ്ത്രജ്ഞരുടെയും ശാസ്ത്ര സമൂഹത്തിന്റെയും. ഒരുപാട് ആശംസകളെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഇമ്രാൻ ഖാൻ മന്ത്രിസഭയിലെ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു ഫവാദ് ഹുസൈൻ.
2019ലെ ചന്ദ്രയാൻ രണ്ട് പദ്ധതിയിൽ ഐഎസ്ആർഒയെ നിരന്തരം പരിഹസിച്ചിരുന്നയാളായിരുന്നു ഫവാദ് ഹുസൈൻ. രണ്ടാം ചാന്ദ്ര ദൗത്യത്തിനായി സർക്കാർ 900 കോടി ചെലവഴിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു. അറിയാത്ത സ്ഥലത്തേക്ക് പോകുന്നത് ബുദ്ധിയല്ലെന്നായിരുന്നു ഫവാദിന്റെ പരിഹാസം. ചന്ദ്രയാൻ രണ്ട് പരാജയപ്പെട്ടപ്പോൾ ഇന്ത്യ പരാജയപ്പെട്ടു എന്ന ഹാഷ് ടാഗോടെ എക്‌സിൽ ട്വീറ്റ് ചെയ്തിരുന്നു. പാക്കിസ്ഥാനിലെ ഒരു യുവാവ് ഇന്ത്യയുടെ ചന്ദ്ര ദൗത്യത്തെ കുറിച്ച് പ്രതികരിച്ചതാണ് ലോകമെങ്ങും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഞങ്ങൾക്ക് ചന്ദ്രനിൽ പോകേണ്ട കാര്യമൊന്നുമില്ല. ഇവിടെയില്ലാത്ത എന്ത് പ്രത്യേകതയാണ് ചന്ദ്രനിലുള്ളത്. ഇവിടെയും കറന്റില്ല, വെള്ളമില്ല, ഭക്ഷണവുമില്ല, ആവശ്യത്തിന് റോഡുകളില്ല. താമസ കേന്ദ്രങ്ങളുമില്ല. പിന്നെന്തിന് ഞങ്ങൾ ചന്ദ്രനിലേക്ക് പോകണം? ഇതാണ് വൈറലായത്.
*** *** ***
ഇന്ത്യയുടെ അഭിമാനകരമായ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 യെ പരിഹസിച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ പോലീസ് സ്റ്റേഷനിൽ കേസെടുത്തതായി പോലീസ് അറിയിച്ചു. ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് പരാതി നൽകിയത്. ചന്ദ്രയാൻ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരിൽ ചന്ദ്രനിൽ ചായ അടിക്കുന്ന ഒരാളുടെ കാർട്ടൂണാണ് പ്രകാശ് രാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് വ്യാപകമായ പ്രതിഷേധം ഉയർന്നത്. ഇതിനെ തുടർന്നാണ് പ്രകാശ് രാജിനെതിരെ ചില സംഘടനകൾ പരാതിയുമായി എത്തിയത്. എന്നാൽ ചന്ദ്രനിൽപ്പോയാലും അവിടെ ചായക്കടയുമായി ഒരു മലയാളിയുണ്ടാകും എന്ന തമാശയാണ് താനുദ്ദേശിച്ചതെന്ന വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. തന്നെ വിമർശിക്കുന്നവർ ഏത് 'ചായ്വാല'യെ ആണ് ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.
*** *** ***
നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ ഒരുക്കിയ ഓണസദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോൾ തീർന്നു. സദ്യയുണ്ണാൻ എത്തിയ സ്പീക്കർ എ.എൻ.ഷംസീറും പേഴ്സനൽ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും ഊണ് കിട്ടിയില്ല. ഒടുവിൽ പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി.
1300 പേർക്കായി ഒരുക്കിയ ഓണസദ്യയാണ് 800 പേർക്കു മാത്രം വിളമ്പി അവസാനിപ്പിച്ചത്. മുമ്പ് ജീവനക്കാർ പിരിവെടുത്താണു നിയമസഭയിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തവണ ഓണസദ്യ സർക്കാർ ചെലവിൽ നടത്താൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു. 1,300 പേർക്ക് ഓണസദ്യ നൽകാനായി ക്വട്ടേഷൻ വിളിച്ചു. കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജൻസി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതിനാൽ ക്വട്ടേഷൻ അവർക്കു നൽകി. 400 പേർക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്.
ആദ്യത്തെ പന്തിയിൽ എല്ലാവർക്കും സദ്യ ലഭിച്ചു. എന്നാൽ, രണ്ടാമത്തെ പന്തിയിൽ പകുതിപ്പേർക്ക് വിളമ്പിയപ്പോൾ തീർന്നു. ഇതേ സമയത്താണ് സ്പീക്കറും സംഘവും എത്തിയത്. ഇവർക്കായി കസേര ക്രമീകരിച്ച് ഇലയിട്ടെങ്കിലും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. തുടർന്ന് സദ്യ കഴിച്ചു കൊണ്ടിരുന്നവരുടെ ഭാഗത്തുനിന്നു പായസവും പഴവും എത്തിച്ചു നൽകി. രണ്ടും കഴിച്ച് സ്പീക്കറും സംഘവും ഹാൾ വിട്ടു. രണ്ടാം പന്തിയിൽ കാത്തിരുന്ന ബാക്കിയുള്ളവർക്ക് എവിടെ നിന്നോ ചോറും ഏതാനും കറികളും എത്തിച്ചു നൽകി. അതോടെ ഓണസദ്യ അവസാനിച്ചു.
പുറത്ത് കാത്തുനിന്ന അഞ്ഞൂറോളം പേർ ഇന്ത്യൻ കോഫി ഹൗസിലും മറ്റും പോയാണ് വിശപ്പടക്കിയത്.
പിന്നിട്ട വാരത്തിൽ അത്തം ഘോഷയാത്രയോടെ മലയാളക്കരയുടെ ഓണാഘോഷത്തിന് തുടക്കമായി. തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്നു തുടങ്ങി നഗരം ചുറ്റിയായിരുന്നു ഘോഷയാത്ര. മുഖ്യമന്ത്രി പിണറായി വിജയൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. അത്താഘോഷ പരിപാടിയിൽ അതിഥിയായി എത്തുന്നത് ആദ്യമായാണെന്ന് മമ്മൂട്ടി പറഞ്ഞു. ചെമ്പിലുള്ള ആളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുമ്പ് അത്തം ഘോഷയാത്രക്ക് വായ് നോക്കി നിന്നിട്ടുണ്ട്. അന്നും പുതുമയും അത്ഭുതവും ഉണ്ട്. ഇന്നും അത് വിട്ടുമാറിയിട്ടില്ല. ഏത് സങ്കൽപ്പത്തിന്റെയോ ഏത് വിശ്വാസത്തിന്റേയോ പേരിലായാലും ഓണം നമുക്ക് ആഘോഷമാണ്. അത്തച്ചമയം കേരളത്തിന്റെ വലിയ ടാഗ് ലൈൻ ആകും. ട്രേഡ്മാർക്ക് ആകും. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്നും മമ്മൂട്ടി അഭ്യർത്ഥിച്ചു. മനുഷ്യരെ ഒന്നിപ്പിക്കുന്ന ആഘോഷമായി ഓണം നിലനിൽക്കട്ടെയന്നും മമ്മൂട്ടി ആശംസിച്ചു.
*** *** ***
തനിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ച് അച്ചു ഉമ്മൻ. സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യാജപ്രചാരണങ്ങൾ നടത്തുന്നു എന്ന് അച്ചു കുറിപ്പിൽ ചൂണ്ടിക്കാട്ടി. കണ്ടന്റ് ക്രിയേഷൻ ഒരു പ്രഫഷനായി ഞാൻ തെരഞ്ഞെടുത്തത് 2021 ഡിസംബറിലാണ്. ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ ഞാൻ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിട്ടുണ്ട്. ഇത്രയും നാളായി ഈ പ്രഫഷനിൽ എന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ല. ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലർത്തിയിട്ടുമുണ്ട്.
എന്നാൽ, കുറച്ചു ദിവസങ്ങളായി ചില സൈബർ പോരാളികൾ എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യാജപ്രചാരണങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യശ്ശശരീനായ എന്റെ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകൾ. ഇതു വളരെ നിരാശാജനകമാണ്.
പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭർത്താവിന്റെയും കുട്ടികളുടെയും പൂർണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്.എന്നാൽ, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. ഞാനൊരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവർത്തിക്കുന്നു. എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നു. നീചമായ ഈ ചെയ്തിക്കെതിരെ പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് രംഗത്തെത്തിയത് ശ്രദ്ധേയമായി. അച്ചു ഉമ്മനെതിരായ സമൂഹമാധ്യമങ്ങളിലെ സൈബർ ആക്രമണം ശുദ്ധ മര്യാദകേടാണെന്നും അന്തസ്സുള്ളവർക്ക് ചേർന്ന പണിയല്ല അത്തരം പ്രചാരണങ്ങളെന്നും ജെയ്ക് സി തോമസ് പറഞ്ഞു.
മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെയായാലും മുഖ്യമന്ത്രിയുടെ മകൾക്കെതിരെയായാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാനാവില്ല. അന്തസുള്ളവർ വ്യക്തി അധിക്ഷേപത്തെ പിന്തുണക്കില്ലെന്നും ജെയ്ക് സി തോമസ് വ്യക്തമാക്കി.
*** *** ***
മട്ടന്നൂർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല എംഎ ഇംഗ്ലീഷ് സിലബസിൽ ഉൾപ്പെടുത്തിയെന്ന് ആരോപണം. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന സിലബസിലാണ് കെ.കെ ശൈലജയുടെ ആത്മകഥയായ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്നതാണ് പാഠഭാഗമാക്കി ഉൾപ്പെടുത്തിയത്. സിലബസ് പ്രസിദ്ധീകരിക്കും മുമ്പ് ഇത് വാട്സ്ആപ്പിലൂടെ പ്രചരിച്ചത് വിവാദമായിരുന്നു. സിലബസ് രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹമെന്ന് കോൺഗ്രസ്സ് അനുകൂല അധ്യാപക സംഘടന പറഞ്ഞു.
ഔദ്യോഗികമായി പുറത്തിറങ്ങും മുമ്പാണ് കണ്ണൂർ സർവകലാശാല പിജി സിലബസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇത് പ്രചരിക്കുന്നത്. ഗ്രൂപ്പുകളിൽ സിലബസ് ഉപയോഗിച്ച് ക്ലാസ്സെടുക്കാനും നിർദേശം നൽകിയിരുന്നു. പിജി ക്ലാസുകൾ ആരംഭിച്ചിട്ടും സർവകലാശാല കോളേജുകൾക്ക് സിലബസ് നൽകിയിരുന്നില്ല. സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാൽ അഡ്ഹോക് കമ്മിറ്റികളാണ് സിലബസ് തയ്യാറാക്കിയത്. സിലബസ് പുറത്തുവിട്ടത് സർവകലാശാലയുടെ അറിവോടെയല്ലെന്ന് രജിസ്ട്രാർ പറഞ്ഞു. സിലബസ് പ്രചരിപ്പിക്കാൻ ആർക്കും അനുവാദം നൽകിയില്ലെന്ന് കരിക്കുലം കമ്മിറ്റി കൺവീനറും വ്യക്തമാക്കി. കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മട്ടന്നൂർ എം എൽ എയുമായ കെ.കെ ശൈലജ പറഞ്ഞു. കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. അത് ഉൾപ്പെടുത്തിയതിനോട് താത്പര്യമില്ല, യോജിക്കുന്നുമില്ല. തനിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു.
*** *** ***
2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് എന്ന താരം അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ 18 വർഷത്തോളമായി മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന ഹണി ഇപ്പോൾ അറിയപ്പെടുന്ന തെന്നിന്ത്യൻ താരമായും മാറി. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഹണി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇതര ഭാഷകളിൽ നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. തെലുങ്ക് സൂപ്പർ താരം ബാലയ്യ നായകനായ വീരസിംഹ റെഡ്ഡി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ വലിയൊരു ആരാധക വൃന്ദത്തെ തെലുങ്കിൽ സ്വന്തമാക്കാൻ ഹണിയ്ക്ക് കഴിഞ്ഞു. ഇതിന് പിന്നാലെ ഹണിയുടെ താരമൂല്യത്തിലും വർധനവുണ്ടായെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ലക്ഷങ്ങളാണ് ഉദ്ഘാടനങ്ങൾക്ക് ഹണി പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. എത്ര പണം മുടക്കിയും ഹണിയെ ഉദ്ഘാടനത്തിന് എത്തിക്കാൻ ഹൈദരാബാദിലും തെലങ്കാനയുടെ പല ഭാഗങ്ങളിലും തയ്യാറായി നിൽക്കുന്ന നിരവധി പ്രമുഖ ബിസിനസുകാരുണ്ട്. അടുത്തിടെ ആന്ധ്രാപ്രദേശിലെ മാർക്കാപുരം എന്ന സ്ഥലത്ത് ഹണി റോസ് ഒരു ഷോപ്പിംഗ് മാൾ ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നു. ഇതിനായി ഏകദേശം 60 ലക്ഷം രൂപ ഹണി കൈപ്പറ്റിയെന്നാണ് തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോർട്ട്.
കേരളത്തിലും ഏറ്റവും കൂടുതൽ ഉദ്ഘാടന ചടങ്ങുകൾക്ക് എത്താറുള്ള താരമാണ് ഹണി റോസ്. ഇതിന്റെ പേരിൽ താരത്തിന് നേരെ വലിയ വിമർശനങ്ങളും പരിഹാസങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ഉയർന്നു വരാറുണ്ട്. ഉദ്ഘാടന സ്റ്റാർ എന്നാണ് വിമർശകർ ഹണിയെ പരിഹസിക്കുന്നത്.
*** *** ***
69-ാമത് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'റോക്കട്രി: ദ നമ്പി എഫക്ട്' ആണ് മികച്ച ഫീച്ചർ സിനിമ. നടൻ ആർ. മാധവൻ സംവിധാനം. ചിത്രത്തിൽ അദ്ദേഹം തന്നെയാണ് പ്രധാന വേഷത്തിലെത്തിയത്. നിഖിൽ മഹാജനാണ് മികച്ച സംവിധായകൻ. മറാത്തി ചിത്രം 'ഗോദാവരി'യ്ക്കാണ് പുരസ്‌കാരം. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും (ഗംഗുഭായ് കത്ത്യാവാടി), കൃതി സനോൺ (മിമി) എന്നിവർ പങ്കിട്ടു. പുഷ്പ ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുനാണ് മികച്ച നടൻ.
ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. 'ഹോം' ആണ് മികച്ച മലയാള ചിത്രം. ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മേപ്പടിയാൻ എന്ന ചിത്രത്തിന് വിഷ്ണു മോഹനെ മികച്ച പുതുമുഖ സംവിധായകനായി തെരഞ്ഞെടുത്തു. ഇതിലും വലുത് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ദ്രൻസിനുള്ള അംഗീകാരം ഓണസമ്മാനമായി.






