ഏഷ്യന്‍ റെക്കോര്‍ഡിന് മലയാളി തിളക്കം, ഇന്ത്യന്‍ റിലേ ടീം ഫൈനലില്‍

ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 4x400 റിലേയില്‍ ഇന്ത്യയുടെ പുരുഷ ടീം ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ഫൈനലിലെത്തി. രണ്ടു മിനിറ്റ് 59.05 സെക്കന്റില്‍ പറന്നെത്തിയ നാലംഗ സംഘം ആദ്യമായി ഇന്ത്യക്ക് ഫൈനലില്‍ സ്ഥാനം നേടിക്കൊടുത്തു. മലയാളികളായ മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍ എന്നിവരും തമിഴ്‌നാട്ടുകാരന്‍ രാജേഷ് രമേശുമാണ് റിലേയില്‍ ഇന്ത്യന്‍ കുപ്പായമിട്ടത്. ഹീറ്റ്‌സില്‍ അമേരിക്കക്കു പിന്നില്‍ രണ്ടാമതെത്തിയാണ് അവര്‍ ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചത്. ജപ്പാന്റെ പേരിലായിരുന്നു നിലവിലെ ഏഷ്യന്‍ റെക്കോര്‍ഡ് (2:59.51). 
വനിതാ 4x400 റിലേയില്‍ അമേരിക്ക ഹീറ്റ്‌സില്‍ ഒന്നാമതെത്തിയെങ്കിലും ബാറ്റണ്‍ കൈമാറ്റത്തില്‍ പിഴച്ചതോടെ അയോഗ്യരാക്കപ്പെട്ടു. പലതവണ  ശ്രമിച്ചിട്ടും ക്വാനേറ ഹെയ്ന്‍സിന് ബാറ്റണ്‍ ആങ്കര്‍ റണ്ണര്‍ അലക്‌സിസ് ഹോംസിന് കൈമാറാനായില്ല. ഒടുവില്‍ കൈമാറുമ്പോഴേക്കും പാസിംഗ് മേഖല കഴിഞ്ഞിരുന്നു. എട്ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴു തവണയും അമേരിക്കയായിരുന്നു ഈയിനത്തില്‍ ചാമ്പ്യന്മാര്‍. 

Latest News