മഡ്രീഡ - വനിതാ ലോകകപ്പ് ഫൈനലിനു ശേഷമുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ ഫിഫ സസ്‌പെന്റ് ചെയ്ത സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിയാലിസിനെ ഒടുവില്‍ വനിതാ ടീം കോച്ച് ജോര്‍ജെ വില്‍ദയും കൈവിട്ടു. വില്‍ദക്കെതിരെ വനിതാ കളിക്കാര്‍ പരാതി ഉന്നയിക്കുകയും കലാപമുയര്‍ത്തുകയും ചെയ്തപ്പോള്‍ ശക്തമായി പിന്തുണച്ചത് റുബിയാലിസും സ്പാനിഷ് ഫെഡറേഷനുമായിരുന്നു. സ്‌പെയിനിന്റെ ലോകകപ്പ് വിജയം റുബിയാലിസിന്റെ മോശം പെരുമാറ്റത്തില്‍ നിറംമങ്ങിപ്പോയതില്‍ വില്‍ദ ദുഃഖം പ്രകടിപ്പിച്ചു.
റുബിയാലിസിനെ ഫിഫ 90 ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. മെഡല്‍ദാനച്ചടങ്ങില്‍ സ്‌പെയിന്‍ കളിക്കാര്‍ നിരനിരയായി മുന്നോട്ടുപോകവെ ജെന്നി ഹെര്‍മോസോയെ റുബിയാലിസ് തലയില്‍ പിടിച്ചുവലിക്കുകയും ചുണ്ടില്‍ ചുംബിക്കുകയുമായിരുന്നു. കളിക്കാരിയുടെ സമ്മതത്തോടെയാണ് റുബിയാലിസ് വാദിക്കുന്നത്.
എന്നാല്‍ താന്‍ നിസ്സഹായാവസ്ഥയിലായിരുന്നുവെന്നും ലൈംഗികാതിക്രമത്തിന്റെ ഇരയാണെന്നും ജെന്നി തിരിച്ചടിച്ചു. താന്‍ പ്രസിഡന്റിനെ എടുത്തുയര്‍ത്തുകയോ ചുംബനത്തിന് സമ്മതിക്കുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ വിശദീകരിച്ചു.
ജെന്നിയാണ് ആദ്യം ശരീരസമ്പര്‍ക്കം സ്ഥാപിച്ചതെന്ന് തെളിയിക്കാന്‍ റുബിയാലിസും സ്പാനിഷ് സോക്കര്‍ ഫെഡറേഷനും നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ജെന്നിയും ജെന്നിക്കു വേണ്ടി സംസാരിക്കുന്നവരും കള്ളം പറയുകയാണെന്നും തന്റെ വശം തെളിയിക്കാന്‍ അവസാനം വരെ നിയമയുദ്ധം നടത്തുമെന്നും റുബിയാലിസ് പ്രഖ്യാപിച്ചു. റുബിയാലിസ് രാജി വെച്ചില്ലെങ്കില്‍ സ്‌പെയിനിന് കളിക്കില്ലെന്ന് ലോകകപ്പില്‍ കളിച്ച 23 പേരുള്‍പ്പെടെ എണ്‍പതോളം സ്പാനിഷ് കളിക്കാരികളും മുന്നറിയിപ്പ് നല്‍കി. ജെന്നിക്ക് ലോകകപ്പ് ഫൈനലില്‍ തോറ്റ ഇംഗ്ലണ്ട് ടീം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ജെന്നി ഹെര്‍മോസോയുമായി സമ്പര്‍ക്കം പാടില്ലെന്ന് ഫിഫ റുബിയാലിസിനെ താക്കീത് ചെയ്തിട്ടുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ എല്ലാ ഫുട്‌ബോള്‍ പരിപാടികളിലും പങ്കെടുക്കുന്നതിന് നാല്‍പത്താറുകാരന് വിലക്ക് ബാധകമായിരിക്കും. 90 ദിവസത്തേക്കാണ് താല്‍ക്കാലിക സസ്‌പെന്‍ഷന്‍. അപ്പോഴേക്കും റുബിയാലിസിനെതിരായ ഫിഫ അച്ചടക്കസമിതിയുടെ അന്വേഷണം പൂര്‍ത്തിയാവും. റുബിയാലിസ യുവേഫ വൈസ് പ്രസിഡന്റ് കൂടിയാണ്. യുവേഫയില്‍ നിന്ന് വര്‍ഷം രണ്ടര ലക്ഷം യൂറോ പ്രതിഫലവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ട്.
വെള്ളിയാഴ്ച സ്പാനിഷ് ഫെഡറേഷന്‍ അടിയന്തര യോഗം വിളിച്ചെങ്കിലും റുബിയാലിസ് അതിശക്തമായി തന്റെ വാദം ന്യായീകരിക്കുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് ചുംബനം. ഇതിന്റെ പേരില്‍ രാജിയില്ല. അവസാനം വരെ പൊരുതും. ജെന്നിയാണ് തന്നെ എടുത്തുയര്‍ത്തി ആദ്യം ശരീരസമ്പര്‍ക്കം സ്ഥാപിച്ചത്. ചുംബനം തരട്ടേയെന്ന് ചോദിച്ചപ്പോള്‍ സമ്മതിച്ചു. വിജയാഘോഷ വേളയില്‍ പൊടുന്നനെ, പരസ്പര സമ്മതത്തോടെയുള്ള ചുംബനമായിരുന്നു അത്. അതിന്റെ പേരില്‍ വ്യാജ ഫെമിനിസ്റ്റുകള്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ് -റുബിയാലിസ് പറഞ്ഞു.






