ലൈല്‍സിന് ട്രിപ്പിള്‍, ശാഖരിക്ക് ഡബ്ള്‍

ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 4x100 റിലേകളില്‍ അമേരിക്ക ചാമ്പ്യന്മാരായി. പുരുഷ ടീമിനെ ആങ്കര്‍ ചെയ്ത നൂഹ് ലൈല്‍സ് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സ്വര്‍ണം നേടി. നേരത്തെ സ്പ്രിന്റ് ഡബ്ള്‍ സ്വന്തമാക്കിയിരുന്നു. 100 മീറ്റര്‍ ചാമ്പ്യന്‍ ശാഖരി റിച്ചാഡ്‌സനാണ് വനിതാ റിലേ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 200 മീറ്ററില്‍ വെങ്കലവും നേടിയിരുന്നു ശാഖരി. 
പോള്‍വോള്‍ടില്‍ സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്റിസ് സ്വര്‍ണം നിലനിര്‍ത്തിയെങ്കിലും റെക്കോര്‍ഡ് തകര്‍ക്കല്‍ തുടരാനായില്ല. 1500 മീറ്ററിനു പിന്നാലെ 5000 മീറ്ററിലും കെനിയയുടെ ഫെയ്ക് കിപ്യേഗോണ്‍ ചാമ്പ്യനായി. ആദ്യമായാണ് ഈ ഡബ്ള്‍ ഒരാള്‍ നേടുന്നത്. 800 മീറ്ററിലും ഡെക്കാത്തലണിലും സ്വര്‍ണം നേടി കാനഡയുടെ പിയേഴ്‌സ് ലെപേജ് ചരിത്രം സൃഷ്ടിച്ചു. പുരുഷ, വനിതാ ഹാമര്‍ത്രോയിലും കാനഡക്കായിരുന്നു സ്വര്‍ണം. കാനഡയുടെ തന്നെ ഒളിംപിക് ചാമ്പ്യന്‍ ഡാമിയന്‍ വാര്‍ണര്‍ക്കാണ് ഡെക്കാത്തലണില്‍ വെള്ളി. വനിതാ ഷോട്പുട്ടില്‍ അമേരിക്കയുടെ ചെയ്‌സ് ഈലിക്കു പിന്നില്‍ കാനഡയുടെ സാറ മിറ്റനും വെള്ളി നേടി. 
ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്പ്രിന്റ് ട്രിപ്പിള്‍ നേടുന്ന അഞ്ചാമത്തെ അത്‌ലറ്റാണ് നൂഹ്. 2015 ല്‍ ഉസൈന്‍ ബോള്‍ടായിരുന്നു അവസാനം. ബോള്‍ട് മൂന്നു തവണ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 
കിപ്യേഗോണ്‍ 5000 മീറ്ററിലും ചാമ്പ്യനായതോടെ നെതര്‍ലാന്റ്‌സിന്റെ സിഫാന്‍ ഹസന്റെ ട്രിപ്പിള്‍ സ്വപ്‌നം കണ്ണീരണിഞ്ഞു. സിഫാന്‍ 1500 മീറ്ററില്‍ ഫിനിഷിംഗ് ലൈനിനരികെ വീണിരുന്നു. 

Latest News