വ്രോക്ലാ (പോളണ്ട്) - എട്ടാമത്തെയും ഒമ്പതാമത്തെയും റൗണ്ടുകളില്‍ ബ്രിട്ടിഷ് ചലഞ്ചര്‍ ഡാനിയേല്‍ ഡുബോയിസിനെ ഇടിച്ചുവീഴ്ത്തി ഉക്രൈന്‍കാരന്‍ ഒലക്‌സാണ്ടര്‍ ഉസിക് ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് കിരീടങ്ങള്‍ നിലനിര്‍ത്തി. അഞ്ചാം റൗണ്ടില്‍ ഡുബോയിസിന്റെ ഇടിയില്‍ ഉസിക് അടിതെറ്റി വീണിരുന്നു. എന്നാല്‍ തലനാരിഴക്ക് ഇടി അരക്കു താഴെയാണെന്ന് റഫറി വിധിച്ചു. ഇതോടെ ആവശ്യത്തിന് വിശ്രമിച്ച് തിരിച്ചുവരാന്‍ ഉസിക്കിന് സാധിച്ചു. ഡുബോയിസിന് പോയന്റ് പിഴ നല്‍കിയുമില്ല. വിജയം ചതിപ്രയോഗത്തിലൂടെ തട്ടിയെടുക്കുകയായിരുന്നുവെന്ന് ഡുബോയിസ് ആരോപിച്ചു. സൗദി അറേബ്യയില്‍ ആന്റണി ജോഷ്വയെ തോല്‍പിച്ച ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് ഉസിക് റിംഗിലിറങ്ങിയത്. 21 മത്സരങ്ങളില്‍ ഉസിക് അജയ്യനായി തുടരുകയാണ്. 21 മത്സരങ്ങളില്‍ ഡുബോയിസിന്റെ രണ്ടാം തോല്‍വിയാണ്.
2021 ല്‍ ആന്റണി ജോഷ്വയില്‍ നിന്ന് പിടിച്ചെടുത്ത ഡബ്ല്യു.ബി.എ, ഐ.ബി.എഫ്, ഡബ്ല്യു.ബി.ഒ കിരീടങ്ങള്‍ ഉസിക് നിലനിര്‍ത്തി. ഡബ്ല്യു.ബി.സി ചാമ്പ്യനാണ് ഫുറി. ഏക ചാമ്പ്യനെ കണ്ടെത്താന്‍ ടൈസന്‍ ഫുറിയുമായി നാളെ മത്സരത്തിന് തയാറാണെന്ന് ഉസിക് പ്രഖ്യാപിച്ചു.






