കോപന്‍ഹാഗന്‍ - ഇഞ്ചോടിഞ്ച് പൊരുതിയ ശേഷം ലോക മൂന്നാം നമ്പര്‍ കുന്‍ലാവുത് വിദിത്‌സരണിനു മുന്നില്‍ കീഴടങ്ങിയതോടെ മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് ഇതാദ്യമായി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. ആദ്യ ഗെയിം 21-18 ന് നേടിയ ശേഷമാണ് ലോക ഒമ്പതാം നമ്പറിന് അടിതെറ്റിയത്. തുടര്‍ന്നുള്ള ഗെയിമുകള്‍ തായ്‌ലന്റുകാരന്‍ 21-13, 21-14 ന് സ്വന്തമാക്കി. ഡെന്മാര്‍ക്കിന്റെ ആന്റേഴ്‌സ് ആന്‍ഡേഴ്‌സനും ജപ്പാന്റോ കുദായ് നരോക്കയും രണ്ടാം സെമി ഫൈനലില്‍ ഏറ്റുമുട്ടും. വനിതാ ഫൈനല്‍ സ്‌പെയിനിന്റെ കരൊലൈന മാരിനും കൊറിയയുടെ ആന്‍ സെ യംഗും തമ്മിലാണ്. മാരിന്‍ 23-21, 21-13 ന് അകാനെ യാമാഗുചിയെയും ആന്‍ 21-19, 21-15 ന് ചെന്‍ യൂ ഫെയിയെയും തോല്‍പിച്ചു.
ക്വാര്‍ട്ടറിലെ ഉശിരന്‍ പോരാട്ടത്തിന്റെ ക്ഷീണത്തിലായിരുന്നു പ്രണോയ്. ലോക ഒന്നാം നമ്പര്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സല്‍സനെയാണ് ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ ഗെയിം കൈവിട്ട ശേഷം പ്രണോയ് തോല്‍പിച്ചത്. പ്രി ക്വാര്‍ട്ടറല്‍ മുന്‍ ചാമ്പ്യന്‍ സിംഗപ്പൂരിന്റെ ലോ കീ യൂനിനെയും അട്ടിമറിച്ചു.
പുരുഷ ഡബ്ള്‍സ് ലോക രണ്ടാം നമ്പര്‍ സഖ്യം സത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി ജോഡി ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു. വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ചാമ്പ്യന്‍ പി.വി സിന്ധു ആദ്യ മത്സരം തോറ്റു. വനിതാ ഡബ്ള്‍സില്‍ കണ്ണൂര്‍ക്കാരി ട്രീസ ജോളിയും പുല്ലേല ഗോപിചന്ദിന്റെ മകള്‍ ഗായത്രിയും പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും പ്രി ക്വാര്‍ട്ടറില്‍ പുറത്തായി.






