ക്രിക്കറ്റ് ബന്ധത്തില്‍ മഞ്ഞുരുക്കം, ഇന്ത്യന്‍ സംഘം പാക്കിസ്ഥാനിലേക്ക്

മുംബൈ - ഏഷ്യാ കപ്പ് ക്രിക്കറ്റിനിടയില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ റോജര്‍ ബിന്നി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയും പി.സി.ബി ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുകയും ചെയ്യും. പാക്കിസ്ഥാനും ശ്രീലങ്കയും സംയുക്തമായി ആദ്യ ഏഷ്യാ കപ്പ് നടത്തിയതിന്റെ ആഘോഷമെന്ന നിലയില്‍ ലാഹോറില്‍ പി.സി.ബി സംഘടിപ്പിക്കുന്ന വിരുന്നില്‍ ബി.സി.സി.ഐയെ പ്രതിനിധീകരിച്ചാണ് ബിന്നി ലാഹോറില്‍ പോവുന്നത്. ഈ മാസം 15 ന് പി.സി.ബി ക്ഷണക്കത്തയച്ചിരുന്നു. 
വാഗാ അതിര്‍ത്തി വഴി ലാഹോറിലേക്കുള്ള യാത്രയില്‍ ബി.സി.സി.ഐ വൈസപ്രസിഡന്റ് രാജീവ് ശുക്ലയും ബിന്നിയെ അനുഗമിക്കും. ശ്രീലങ്കയിലെ പള്ളിക്കലെയില്‍ സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം വീക്ഷിച്ച് തിരിച്ചുവന്ന ശേഷമായിരിക്കും ബി.സി.സി.ഐ സംഘം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുക. 
ഇന്ത്യ-പാക്കിസ്ഥാന്‍ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി ക്രിക്കറ്റ് ബന്ധവും ഏതാണ്ട് മരവിച്ചിരിക്കുകയായിരുന്നു. പല കാര്യങ്ങളിലും വിരുദ്ധ ധ്രുവങ്ങളിലായിരുന്നു ഇരു ബോര്‍ഡുകളും. എന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനു ശേഷം പാക്കിസ്ഥാന്‍ ടീമിന് അവരുടെ സര്‍ക്കാര്‍ അനുമതി നല്‍കിയത് മഞ്ഞുരുക്കാന്‍ സഹായിച്ചു. 
സന്ദര്‍ശനത്തിനിടെ ഇരു ബോര്‍ഡ് പ്രസിഡന്റുമാരും തമ്മില്‍ ചര്‍ച്ച നിശ്ചയിച്ചിട്ടില്ല. എന്നാല്‍ അവിടെ നടക്കുന്ന ഏഷ്യാ കപ്പ് മത്സരം ഇന്ത്യന്‍ സംഘം വീക്ഷിക്കും. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഈ ടീമുകള്‍ തമ്മില്‍ മൂന്നു മത്സരങ്ങള്‍ വരെ നടക്കാന്‍ സാധ്യതയുണ്ട്. 


 

Latest News