കുവൈത്ത് സിറ്റി - സോഷ്യല്‍മീഡിയ സെലിബ്രിറ്റിയായ കുവൈത്തി യുവതി ഓടിച്ച കാര്‍ അപകടത്തില്‍ പെട്ട് രണ്ടു സ്വദേശി യുവാക്കള്‍ മരണപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണ നടപടികള്‍ ആഭ്യന്തര മന്ത്രി ശൈഖ് ത്വലാല്‍ അല്‍ഖാലിദ് നേരിട്ട് നിരീക്ഷിക്കുന്നു. നിയമം എല്ലാവര്ക്കും ഒരേപോലെ ബാധകമാക്കണമെന്നും അന്വേഷണത്തില്‍ ഒരുവിധ ബാഹ്യഇടപെടലുകളും അനുവദിക്കരുതെന്നും ആഭ്യന്തര മന്ത്രി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സെലിബ്രിറ്റി റെഡ് സിഗ്നല്‍ കട്ട് ചെയ്തതിനെ തുടര്‍ന്നാണ് രണ്ടു പേരുടെ മരണത്തിനും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ അപകടമുണ്ടായത്. കരുതിക്കൂട്ടിയല്ലാത്ത കൊലപാതകം, റെഡ് സിഗ്നല്‍ കട്ട് ചെയ്യല്‍ എന്നീ ആരോപണങ്ങളാണ് അറസ്റ്റിലുള്ള യുവതി നേരിടുന്നത്.
അതിനിടെ, അപകട സമയത്ത് യുവതി മദ്യലഹരിയിലായിരുന്നെന്ന വിവരം പുറത്തുവന്നു. അമിത വേഗതയിലാണ് യുവതി കാര്‍ ഓടിച്ചിരുന്നത്. യുവതിക്കൊപ്പം മദ്യലഹരിയില്‍ മറ്റൊരു യുവാവും കാറിലുണ്ടായിരുന്നു. അപകടത്തില്‍ പെട്ട കാര്‍ സെലിബ്രിറ്റിയുടെതല്ല. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ഈ കാറിന്റെ വേഗം യുവതി പരീക്ഷിച്ച് റെഡ് സിഗ്നല്‍ കട്ട് ചെയ്തപ്പോഴാണ് അപകടം സംഭവിച്ചത്.
അതേസമയം, മദ്യലഹരിയില്‍ വാഹനമോടിക്കുന്നവര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം നിര്‍മിക്കണമെന്ന് കുവൈത്തി അഭിഭാഷക അര്‍വ അല്‍അനസി പാര്‍ലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു. കുവൈത്തിലെ നിലവിലെ നിയമം അനുസരിച്ച് അബദ്ധത്തിലുള്ള കൊലപാതകത്തിന് മൂന്നു വര്‍ഷം വരെ തടവും 3,000 ദീനാര്‍ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. മദ്യലഹരിയില്‍ ഡ്രൈവ് ചെയ്യുന്നതിന് ഒരു വര്‍ഷം തടവും റെഡ് സിഗ്നല്‍ കട്ട് ചെയ്യുന്നതിന് മൂന്നു മാസം തടവും ശിക്ഷ ലഭിക്കും.






