മഡ്രീഡ - വനിതാ ലോകകപ്പ് ഫൈനലിനു ശേഷമുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ രാജി വെക്കില്ലെന്ന് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് ലൂയിസ് റുബിയാലിസ് പ്രഖ്യാപിച്ചതോടെ വനിതാ കളിക്കാര്‍ സമരം തുടങ്ങി. തന്റെ സമ്മതത്തോടെയാണ് ചുംബിച്ചതെന്ന റുബിയാലിസിന്റെ വാദം സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജെന്നി ഹോര്‍മോസൊ നിഷേധിക്കുകയും ചെയ്തു. ഇപ്പോഴത്തെ നേതൃത്വം തുടരുകയാണെങ്കില്‍ സ്പെയിനിന് കളിക്കില്ലെന്ന് ലോകകപ്പില്‍ പങ്കെടുത്ത 23 പേരുള്‍പ്പെടെ എണ്‍പതോളം സ്പാനിഷ് കളിക്കാരികള്‍ പ്രഖ്യാപിച്ചു
ഫൈനലിനു ശേഷം മെഡല്‍ദാനച്ചടങ്ങില്‍ സ്പെയിന് കളിക്കാര്‍ നിരനിരയായി മുന്നോട്ടുപോകവെ ജെന്നി ഹോര്‍മോസോയെ റുബിയാലിസ് തലയില്‍ പിടിച്ചുവലിക്കുകയും ചുണ്ടില്‍ ചുംബിക്കുകയുമായിരുന്നു. സമ്മതമില്ലാതെയുള്ള ചുംബനം വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തി. സ്പെയിന് പ്രധാനമന്ത്രിയും മന്ത്രിമാരും ഫിഫയും കളിക്കാരുടെ സംഘടനയായ ഫിഫ്പ്രോയുമൊക്കെ നാല്പത്തഞ്ചുകാരനെതിരെ രംഗത്തു വന്നു. അതിനിടെ, റുബിയാലിസ് രാജി വെക്കാത്തതില്‍ പ്രതിഷേധിച്ച് സ്പെയിനിന്റെ പുരുഷ ടീമില്‍ നിന്ന് പിന്മാറുകയാണെന്ന് ബോര്‍ഹ ഇഗ്ലെസിയാസ് പ്രഖ്യാപിച്ചു.
എന്നാല്‍ പരസ്പര സമ്മതത്തോടെയാണ് ചുംബനമെന്നും ഇതിന്റെ പേരില്‍ രാജിയില്ലെന്നും അവസാനം വരെ പൊരുതുമെന്നും റുബിയാലിസ് പ്രഖ്യാപിച്ചു. ജെന്നിയാണ് തന്നെ എടുത്തുയര്‍ത്തി ആദ്യം ശരീരസമ്പര്‍ക്കം സ്ഥാപിച്ചത്. ചുംബനം തരട്ടേയെന്ന് ചോദിച്ചപ്പോള്‍ സമ്മതിച്ചു. വിജയാഘോഷ വേളയില്‍ പരസ്പര സമ്മതത്തോടെയുള്ള ചുംബനമായിരുന്നു അത്. മകളെപ്പോലെയാണ് കരുതിയത്. അതിന്റെ പേരില്‍ വ്യാജ ഫെമിനിസ്റ്റുകള്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ് -സ്പാനിഷ് സോക്കര്‍ ഫെഡറേഷന് അടിയന്തരമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ റുബിയാലിസ് പറഞ്ഞു. സ്പെയിനിന്റെ പുരുഷ, വനിതാ കോച്ചുമാരുള്‍പ്പെടെ സദസ്യര്‍ കൈയടിയോടെയാണ് റുബിയാലിസിന്റെ പ്രസംഗം കേട്ടത്. എന്നാല്‍ താന്‍ നിസ്സഹായയായിരുന്നുവെന്നും ലൈംഗികാതിക്രമത്തിന്റെ ഇരയാണെന്നും ജെന്നി തിരിച്ചടിച്ചു. താന്‍ പ്രസിഡന്റിനെ എടുത്തുയര്‍ത്തുകയോ ചുംബനത്തിന് സമ്മതിക്കുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ വിശദീകരിച്ചു.
ഫിഫ റുബിയാലിസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മതമില്ലാതെയാണ് ചുംബനമെന്നു തെളിഞ്ഞാല്‍ ലൈംഗികാതിക്രമത്തിന് നടപടിയെടുക്കാം. ബാലന്‍ഡോര്‍ ജേത്രി അലക്സിയ പുടേലാസ് ഉള്‍പ്പെടെ സ്പെയിന് കളിക്കാരും റുബിയാലിസിനെതിരെ രംഗത്തു വന്നിട്ടുണ്ട്.






