റിയാദ് - ക്രിസ്റ്റിയാനൊ റൊണാൾഡൊ ഈ സീസണിലെ സൗദി പ്രൊ ലീഗിൽ സ്‌കോറിംഗ് തുടങ്ങി. ഹാട്രിക്കോടെ പോർചുഗീസ് വിംഗർ അക്കൗണ്ട് തുടങ്ങിയതോടെ ലീഗിലെ മൂന്നാം മത്സരത്തിൽ അന്നസ്ർ ആദ്യ വിജയം നേടി. മറുപടിയില്ലാത്ത അഞ്ചു ഗോളിന് അൽഫതഹിനെ അവർ തരിപ്പണമാക്കി. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലാണ് റൊണാൾഡൊ ഹാട്രിക് പൂർത്തിയാക്കിയത്. 38, 55 മിനിറ്റുകളിലായിരുന്നു മറ്റു ഗോളുകൾ. സാദിയൊ മാനെയാണ് മറ്റു രണ്ടു ഗോളുകൾ നേടിയത് -27, 81 മിനിറ്റുകളിൽ. മാനെയുടെ ആദ്യ ഗോളിന് അതിമനോഹരമായി വഴിയൊരുക്കിയതും റൊണാൾഡോയാണ്.
ഏഷ്യൻ ചാമ്പ്യൻസ് ലീഗ് പ്ലേഓഫിൽ യു.എ.ഇയിലെ ശബാബ് അൽഅഹലിക്കെതിരെ നിറംമങ്ങിയ റൊണാൾഡൊ അൽഹുഫൂഫിലെ പ്രിൻസ് അബ്ദുല്ല ബിൻ ജലവി സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ നിറഞ്ഞുകളിച്ചു. കരിയറിൽ മുപ്പത്തെട്ടുകാരന്റെ അറുപത്തിമൂന്നാം ഹാട്രിക്കാണ് ഇത്.
കഴിഞ്ഞ സീസണിൽ അവസാന ഘട്ടത്തിൽ കിരീടം കൈവിട്ട അന്നസ്ർ ഈ സീസണിലെ ആദ്യ രണ്ടു കളികളും തോറ്റിരുന്നു.
അൽഫയ്ഹ-അൽഹസം (0-0), അൽശബാബ്-ദമക് (1-1) മത്സരങ്ങൾ സമനിലയായി. അത്തആവുൻ 1-0 ന് അബഹയെ കീഴടക്കി. മൂന്നു റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒമ്പത് പോയന്റുമായി ജിദ്ദ ടീമുകളായ നിലവിലെ ചാമ്പ്യന്മാരായ അൽഇത്തിഹാദും അൽഅഹ്‌ലിയുമാണ് മുന്നിൽ. അൽഹിലാലിയും അൽഇത്തിഫാഖിനും അത്തആവുനും ഏഴ് പോയന്റ് വീതമുണ്ട്.






