ബുഡാപെസ്റ്റ് - ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് അപ്രതീക്ഷിത കുതിപ്പ്. ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര പ്രതീക്ഷിച്ചതു പോലെ ആദ്യ ഏറില്‍ തന്നെ ഒന്നാം സ്ഥാനത്തോടെ ഫൈനലില്‍ ബെര്‍ത്തുറപ്പിച്ചു. എന്നാല്‍ ഡി.പി മനു, കിഷോര്‍ ജേന എന്നിവരും ഫൈനലിലേക്ക് മുന്നേറിയത് ഇതുവരെ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ ഇന്ത്യന്‍ ക്യാമ്പില്‍ ആഘോഷാന്തരീക്ഷം സൃഷ്ടിച്ചു. നീരജിന്റെ 88.77 മീറ്ററാണ് യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനം. ഈ ഏറോടെ ഇരുപത്തഞ്ചുകാരന് പാരിസ് ഒളിംപിക്സിനും യോഗ്യത നേടി. 85.50 മീറ്ററാണ് ഒളിംപിക്സിന്റെ യോഗ്യതാ മാര്‍ക്ക്.
യോഗ്യതാ റൗണ്ടില്‍ നീരജിന് ഒരൊറ്റയേറെ വേണ്ടി വന്നുള്ളൂ. ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരനെക്കാള്‍ ആറ് മീറ്ററിലേറെ മുന്നിലായിരുന്നു നീരജ്. 83 മീറ്ററോ ആദ്യ 12 സ്ഥാനമോ ആണ് ഫൈനലിലെത്താനുള്ള മാനദണ്ഡം. നീരജ് 89.94 മീറ്റര്‍ വരെ എറിഞ്ഞിട്ടുണ്ട്. സ്റ്റേഡിയത്തിലെത്തിയപ്പോള്‍ തന്നെ ഉള്ളില്‍ ആവേശം നുരയുകയായിരുന്നുവെന്ന് നീരജ് പറഞ്ഞു. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജിന് വെള്ളിയായിരുന്നു ലഭിച്ചത്.
പാക്കിസ്ഥാന്റെ അര്‍ഷദ് നദീം (86.79 മീ.) രണ്ടാം സ്ഥാനത്തുണ്ട്. നീരജിന്റെ അഭാവത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം അര്‍ഷദിനായിരുന്നു. ഫൈനലില്‍ നീരജിന് ഏറ്റവും വലിയ വെല്ലുവിളിയായേക്കുമെന്ന് കരുതിയ ഇരട്ട ലോക ചാമ്പ്യന്‍ ആന്ഡേഴ്സന് പീറ്റേഴ്സ് (78.49 മീ.) ഫൈനലിലെത്തിയില്ല. 2015 ലെ ലോക ചാമ്പ്യന്‍ ജൂലിയസ് യേഗോയും (78.42 മീ.) പുറത്തായി.
ചെക് റിപ്പബ്ലിക്കിന്റെ യാഖുബ് വാദ്ലേഷ് (83.50 മീ.), ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (82.39 മീ.) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. ലിത്വാനിയയുടെ എഡിസ് മറ്റുസേവിഷ്യസിന് (82.35 മീ.) പിന്നില്‍ ആറാം സ്ഥാനത്താണ് മനു (81.31 മീ.). നീരജ് ഉള്‍പ്പെട്ട ഗ്രൂപ്പ് എ-യില്‍ മൂന്നാം സ്ഥാനത്തായിരുന്നു മനു. കിഷോര്‍ ജേന (80.55 മീ.) ഗ്രൂപ്പ് ബി-യില്‍ അഞ്ചാം സ്ഥാനത്തും ആകെ ഒമ്പതാം സ്ഥാനത്തുമാണ്.






