ബെന്‍സീമ ഇത്തിഹാദ് വിടുമോ?  വിശദീകരണവുമായി കോച്ച്

ജിദ്ദ - ബാലന്‍ഡോര്‍ ജേതാവ് കരീം ബെന്‍സീമ അല്‍ഇത്തിഹാദ് വിടുമെന്ന വാര്‍ത്തകള്‍ക്കിടെ വിശദീകരണവുമായി കോച്ച് നൂനൊ എസ്പിരിറ്റോ. സൗദി ലീഗില്‍ ആദ്യ രണ്ടു കളികളിലും ഗോളടിക്കാന്‍ കഴിയാതിരുന്ന ബെന്‍സീമ കോച്ചിന്റെ നിലപാടില്‍ അസ്വസ്ഥനാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തന്റെ ശൈലിക്കൊത്ത് കളിക്കുന്നയാളല്ല ബെന്‍സീമയെന്ന് കോച്ച് ക്ലബ്ബധികൃതരെ അറിയിച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ആരാധകര്‍ ഏറ്റെടുത്തതോടെയാണ് വാര്‍ത്തകള്‍ കോച്ച് നിഷേധിച്ചത്. എല്ലാ കളിക്കാരുമായും നല്ല ബന്ധമാണെന്നും ബെന്‍സീമ സന്തോഷവാനാണെന്ന് ഗ്രൗണ്ടില്‍ കാണുന്നുണ്ടെന്നും പോര്‍ചുഗീസുകാരന്‍ പറഞ്ഞു. 
ബെന്‍സീമയും കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോറര്‍ അബ്ദുറസാഖ് ഹംദല്ലയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തിഹാദിന് പെനാല്‍്ട്ടി ലഭിച്ചപ്പോള്‍ ഹംദല്ലക്ക് പന്ത് കൈമാറി ബെന്‍സീമ ഈ പ്രചാരണത്തിന്റെയും മുനയൊടിച്ചു. 
ക്യാപ്റ്റന്‍സിയെച്ചൊല്ലി ബെന്‍സീമയും കോച്ചും തമ്മില്‍ ഭിന്നത ഉടലെടുത്തുവെന്നായിരുന്നു മറ്റൊരു റിപ്പോര്‍ട്ട്. റൊമാരിഞ്ഞോയെയാണ് കോച്ച് ക്യാപ്റ്റനായി നിലനിര്‍ത്തിയത്. എന്നാല്‍ അല്‍റിയാദിനെതിരായ കളിയില്‍ ക്യാപ്റ്റന്റെ ആംബാന്റ് ബെന്‍സീമയുടെ കൈയിലായിരുന്നു. 

ബെന്‍സീമക്ക് ആദ്യ ഗോള്‍;
ഇത്തിഹാദ്, ഹിലാല്‍ മുന്നേറുന്നു

ജിദ്ദ - അല്‍ഇത്തിഹാദ് ജഴ്‌സിയില്‍ കരീം ബെന്‍സീമക്ക് ആദ്യ ഗോള്‍. സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ അല്‍റിയാദിനെതിരായ 4-0 വിജയത്തില്‍ ആദ്യ ഗോളാണ് ബെന്‍സീമ സ്‌കോര്‍ ചെയ്തത്. അബ്ദറസാഖ് ഹംദല്ല രണ്ട് ഗോള്‍ നേടി. ഇരുപത്തഞ്ചാം മിനിറ്റില്‍ പെനാല്‍ട്ടിയില്‍ നിന്നും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ സാലിഹ് അല്‍അംരി സ്‌കോറിംഗ് പൂര്‍ത്തിയാക്കി. നിലവിലെ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദിന് ഇത് മൂന്നു കളിയില്‍ മൂന്നാം ജയമാണ്. 
നെയ്മാര്‍ ഇല്ലാതെ കളിച്ച അല്‍ഹിലാല്‍ 4-0 ന് അല്‍റഅദിനെ തകര്‍ത്തു. സെര്‍ബിയന്‍ ഇന്റര്‍നാഷനല്‍ അലക്‌സാണ്ടര്‍ മിത്രോവിച്ചാണ് ആദ്യ ഗോളടിച്ചത്. സാലിം അല്‍ദോസരി രണ്ട് ഗോള്‍ സ്‌കോര്‍ ചെയ്തു. മറ്റൊരു സെര്‍ബിയന്‍ താരം സെര്‍ജി മിലിന്‍കോവിച് സാവിച് എഴുപത്താറാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടു. അല്‍റഅദിന്റെ ഉമര്‍ ഗോണ്‍സാലസും തൊട്ടുപിന്നാലെ പുറത്തായി. 89ാം മിനിറ്റില്‍ അബ്ദുല്ല അല്‍ഹംദാന്‍ ഹിലാലിന്റെ നാലാം ഗോള്‍ കണ്ടെത്തി.
ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ ഫ്രാങ്ക് കെസി നേടിയ ഗോളില്‍ അല്‍അഹ്‌ലി 1-0 ന് അല്‍അഖ്ദൂദിനെ കീഴടക്കി. ഇത്തിഹാദും അഹ്‌ലിയും ഒമ്പത് പോയന്റുമായി ഒന്നാം സ്ഥാനം പങ്കിടുന്നു. അല്‍ഹിലാലിനും അല്‍ഇത്തിഫാഖിനും ഏഴ് പോയന്റുണ്ട്. 

Latest News