ഖത്തർ ജോജോ ക്ലബ് ഓണനിലാവിന് ഇന്ന് തുടക്കം; പ്രമുഖ താരങ്ങളെത്തും

ദോഹ- ജോജോ ജോർജ് ലവേഴ്‌സ് ക്ലബും ലുലു ഹൈപ്പർമാർക്കറ്റും ചേർന്നൊരുക്കുന്ന ഓണാഘാഷം ഓണനിലാവ്-2023ന് ഇന്ന് തുടക്കമാകും. ആഘോഷ പരിപാടികൾ ഓഗസ്റ്റ് 25, സെപ്റ്റംബർ ഒന്ന് തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
പ്രശസ്ത സിനിമാ നടിമാരായ സനുഷ, മാളവിക, നടൻ ഹരിപ്രശാന്ത് വർമ എന്നിവർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ മുഖ്യാതിഥികളായി പങ്കെടുക്കും. ഓഗസ്റ്റ് 25 ന് ഒയാസിസ് ലുലുവിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി ഒൻപതു മണി വരെയാണ് പരിപാടി നടക്കുക. ഓണപ്പൂക്കള മത്സരം, നാടൻപാട്ട്, സൂപ്പർ മമ്മി സീസൺ വൺ റിയാലിറ്റി ഷോ തുടങ്ങിയ പരിപാടികളിലായി 420 ൽ അധികം കലാകാരന്മാർ പങ്കെടുക്കും. നടി സനുഷയായിരിക്കും മുഖ്യാതിഥി.
സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച അഞ്ചു മണി മുതൽ തുമാമ ഒലിവ് ഇന്റർനാഷണൽ സ്‌കൂളിലാണ് ആഘോഷ പരിപാടികൾ നടക്കുക. ഖത്തർ മഞ്ഞപ്പട നയിക്കുന്ന ബാന്റ് മേളം, പഞ്ചാരി മേളം, 180 വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര എന്നിവ നടക്കും. നടി മാളവിക മെഗാ തിരുവാതിരയിൽ പങ്കാളിയാവും. മാനവീയം 2023 എന്ന തീമിൽ വൈകുന്നേരം ഏഴു മണി മുതൽ  സ്‌റ്റേജ് ഷോ നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 300 ൽ അധികം കുട്ടികൾ പങ്കെടുക്കുന്ന ഓണ ഡാൻസ്, ഓണപ്പാട്ട്, കുമ്മാട്ടി കളി, പൂരക്കളി, മയിലാട്ടം, മറയൂരാട്ടം, കൈകൊട്ടിക്കളി, തിറകളി, പൂതാട്ടം എന്നിവ അരങ്ങേറും. 
രാത്രി 9.30 ന് ഖത്തറിലെ നാലു പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന കമ്പവലി മത്സരം നടക്കും. സിനിമാ നടൻ ഹരിപ്രശാന്ത് വർമ പരിപാടിയിൽ പങ്കെടുക്കും. ഒലിവ് ഇന്റർനാഷണൽ സ്‌കൂളിൽ ഓണച്ചന്തയും, ഭക്ഷ്യമേളയും ഒരുക്കുമെന്നും സംഘാടകർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഐ.സി.ബി.എഫ് മെമ്പറും ജോജോ  ലവേഴ്‌സ് ക്ലബ് ലീഗൽ അഡൈ്വസറുമായ അബ്ദുറഹൂഫ് കൊണ്ടോട്ടി, ചെയർമാൻ സൂരജ് ലോഹി, പ്രസിഡന്റ് ടിജു തോമസ്, സെക്രട്ടറി സുബ്ഹാൻ, പ്രോഗ്രാം കൺവീനർ നിഖിൽദാസ് ദേവദാസ്, ഷംനാസ് തെരുവത്ത് തുടങ്ങിയവർ പങ്കെടുത്തു.

Tags

Latest News