ക്വാലാലംപൂര്‍ - ബ്രസീലിന്റെ ഗോള്‍ഡന്‍ ബോയ് നെയ്മാര്‍ ആദ്യമായി ഇന്ത്യയില്‍ കളിച്ചേക്കും. നെയ്മാര്‍ ഉള്‍പ്പെടുന്ന സൗദി അറേബ്യയിലെ അല്‍ഹിലാലും ഐ.എസ്.എല്‍ ക്ലബ്ബായ മുംബൈ സിറ്റി എഫ്.സിയും ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഒരു ഗ്രൂപ്പിലാണ്. ഹോം ആന്റ് എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങളെന്നതിനാല് മുംബൈ സിറ്റിയെ നേരിടാന്‍ അല്‍ഹിലാല്‍ ഇന്ത്യയിലെത്തും. നാലു തവണ ഏഷ്യന്‍ ചാമ്പ്യന്മാരായ അല്‍ഹിലാല്‍ കഴിഞ്ഞ തവണ ഫൈനലില്‍ ജപ്പാനിലെ ഉറാവ റെഡ്സിനോട് തോല്‍ക്കുകയായിരുന്നു. എ.സി.എല്ലില്‍ ഇന്ത്യയുടെ ഏക പ്രതിനിധിയാണ് മുംബൈ സിറ്റി. ഇറാനിലെ നസാജി മസന്ദാരന് എഫ്.സി, ഉസ്ബെക്കിസ്ഥാനിലെ നവ്ബഹോര്‍ എന്നിവയാണ് ഗ്രൂപ്പ് ഡി-യിലെ മറ്റു ടീമുകള്‍.
പ്ലേഓഫിലൂടെ ഗ്രൂപ്പ് ഘട്ടത്തില്‍ സ്ഥാനം പിടിച്ച ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അന്നസ്ര്‍ ഗ്രൂപ്പ് ഇ-യിലാണ്. പെര്‍സെപോളിസ് എഫ്.സി (ഇറാന്), അല്‍ദുഹൈല്‍ (ഖത്തര്‍), ഇസ്തിഖ്ലോല് (താജിക്കിസ്ഥാന്‍) ടീമുകളുമായി അവര്‍ പൊരുതണം. അന്നസ്ര്‍ 2020 ലും 2021 ലും സെമിഫൈനലിലെത്തിയിരുന്നു.
കരീം ബെന്‍സീമ ആക്രമണം നയിക്കുന്ന നിലവിലെ സൗദി ചാമ്പ്യന്മാരായ അല്‍ഇത്തിഹാദിന് ഗ്രൂപ്പ് സി-യില്‍ സെപാഹന് (ഇറാന്), എയര്‍ഫോഴ്സ് ക്ലബ്ബ് (ഖത്തര്‍), എ.ജി.എം.കെ (ഉസ്ബെക്കിസ്ഥാന്) ടീമുകളുമായി കളിക്കണം. 2004 ലും 2005 ലും ഇത്തിഹാദ് തുടര്‍ച്ചയായി ഏഷ്യന്‍ ചാമ്പ്യന്മാരായിരുന്നു. സൗദിയിലെ നാലാമത്തെ ടീമായ അല്‍ഫയ്ഹ ഗ്രൂപ്പ് എ-യില്‍ പാഖ്തകോര് (ഉസ്ബെക്കിസ്ഥാന്), അഹല് (തുര്‍ക്ക്മെനിസ്ഥാന്‍), അല്‍ഐന്‍ (യു.എ.ഇ) ടീമുകള്‍ക്കൊപ്പമാണ്.
സെപ്റ്റംബര്‍ 18 ന് ആരംഭിക്കുന്ന ഗ്രൂപ്പ് മത്സരങ്ങള്‍ ഡിസംബര്‍ 13 വരെ നീളും. നോക്കൗട്ട് റൗണ്ട് 2024 ഫെബ്രുവരി 12ന് ആരംഭിക്കും. മെയ് 11 നും 18 നുമാണ് രണ്ട് പാദങ്ങളിലായി ഫൈനല്‍.






