ലണ്ടന്‍ - യുവ താരങ്ങള്‍ പങ്കെടുക്കുന്ന എ.ടി.പിയുടെ നെക്സ്റ്റ് ജെന്‍ ഫൈനല്‍സിന് സൗദി അറേബ്യ വേദിയൊരുക്കും. 2027 വരെ ജിദ്ദയിലാണ് ടൂര്‍ണമെന്റ് നടക്കുക. ആദ്യമായാണ് ഒരു പ്രധാന ഔദ്യോഗിക ടെന്നിസ് ടൂര്‍ണമെന്റ് സൗദിയില്‍ നടക്കുന്നത്. വര്‍ഷാന്ത്യത്തിലാണ് നെക്സ്റ്റ് ജെന്‍ ടൂര്‍ണമെന്റ് സാധാരണ നടക്കാറ്. 21 നും താഴെയും പ്രായമുള്ള കളിക്കാരാണ് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം നവംബര്‍ 28 മുതല്‍ ഡിസംബര്‍ രണ്ട് വരെ ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റിയിലെ ഇന്‍ഡോര്‍ ഹാര്‍ഡ് കോര്‍ടിലാണ് ടൂര്‍ണമെന്റ് അരങ്ങേറുക.
സൗദി വേദിയൊരുക്കുന്നതോടെ ടൂര്‍ണമെന്റിലെ പ്രൈസ് മണി കുത്തനെ ഉയരും. കഴിഞ്ഞ അഞ്ചു വര്‍ഷം ഇറ്റലിയിലെ മിലാനില്‍ ടൂര്‍ണമെന്റ് നടന്നപ്പോള്‍ 14 ലക്ഷം ഡോളറായിരുന്നു സമ്മാനത്തുക. ഈ വര്‍ഷം അത് 20 ലക്ഷം ഡോളറായാണ് ഉയര്‍ത്തുക, 40 ശതമാനം വര്‍ധന.
സൗദിയില്‍ ഔദ്യോഗിക വനിതാ ടെന്നിസ് ടൂര്‍ണമെന്റ് നടത്താനും ആലോചനയുണ്ട്. ഇതിനായി ഡബ്ല്യു.ടി.എ ചെയര്മാന് സ്റ്റീവ് സൈമണ്‍ ഫെബ്രുവരിയില്‍ സൗദി സന്ദര്‍ശിച്ചിരുന്നു.






