തോല്‍വിയിലും തലയുയര്‍ത്തി പ്രജ്ഞാനന്ദ, 66 ലക്ഷം രൂപ സമ്മാനം

ബാകു - തന്റെ നിറഞ്ഞ ട്രോഫി കാബിനറ്റിലെ ഒഴിഞ്ഞ മൂലയും മാഗ്‌നസ് കാള്‍സന്‍ കിരീടം കൊണ്ട് നിറച്ചു. ഇന്ത്യയുടെ പതിനെട്ടുകാരന്‍ രമേശ്ബാബു പ്രജ്ഞാനന്ദയെ ടൈബ്രേക്കറില്‍ തോല്‍പിച്ച് കാള്‍സന്‍ ആദ്യമായി ലോകകപ്പ് ചാമ്പ്യനായി. ടൈബ്രേക്കറിലെ ആദ്യ ഗെയിമില്‍ മോശം തുടക്കത്തിനു ശേഷം കാള്‍സന്‍ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ഡ്രോ ആയി. ചെറുപ്രായത്തില്‍ ലോകകപ്പ് റണ്ണര്‍അപ്പായത് പ്രജ്ഞാനന്ദക്ക് ശോഭനമായ ഭാവിയാണ് സൂചിപ്പിക്കുന്നതെന്ന് കായികനീരീക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. 66 ലക്ഷം രൂപയാണ് പ്രജ്ഞാനന്ദക്ക് സമ്മാനം ലഭിച്ചത്. 
ക്ലാസിക്കല്‍ രീതിയില്‍ നടന്ന രണ്ടു ഗെയിമുകളും സമനിലയായതിനെത്തുടര്‍ന്നാണ് കളി റാപ്പിഡ് രീതിയിലുള്ള ടൈബ്രേക്കറിലേക്ക് നീങ്ങിയത്. ക്ലാസിക്കല്‍ മത്സരത്തില്‍ ആദ്യ കളിയില്‍ പ്രജ്ഞാനന്ദ വെള്ളക്കരുവുമായി കളിച്ച് 35 നീക്കങ്ങളില്‍ സമനില നേടി. രണ്ടാം മത്സരത്തില# കറുത്ത കരുവുമായി കളിച്ച് മുപ്പത് നീക്കങ്ങളിലാണ് ലോക ചാമ്പ്യനെ സമനിലയില്‍ കുരുക്കിയത്. ഒരു മണിക്കൂര്‍ നീണ്ട രണ്ടാം ഗെയിമില്‍ തുടക്കം മുതല്‍ കാള്‍സന്‍ സമനിലക്കായാണ് കളിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ് അസ്വസ്ഥതയുണ്ടായിരുന്നു കാള്‍സന്. ടൈബ്രേക്കറില്‍ കൂടുതല്‍ കരുത്തോടെയും ഏകാഗ്രതയോടെയും യുവ താരത്തെ നേരിടാന്‍ കാള്‍സന് സാധിച്ചു. 
ലോക മൂന്നാം നമ്പര്‍ ഫാബിയാനൊ കരുവാനയെ ടൈബ്രേക്കറില്‍ അട്ടിമറിച്ചാണ് പ്രജ്ഞാനന്ദ ഫൈനലിലെത്തിയത്. നേരത്തെ രണ്ടാം സീഡ് ഹികാരു നകാമുറയെയും പതിനെട്ടുകാരന്‍ തോല്‍പിച്ചിരുന്നു. കാള്‍സനും ബോബി ഫിഷറും കഴിഞ്ഞാല്‍ ലോകകപ്പ് ഫൈനലിന് യോഗ്യത നേടുന്ന പ്രായം കുറഞ്ഞ താരമാണ് പ്രജ്ഞനന്ദ. 2005 ല്‍ നോക്കൗട്ട് രീതിയില്‍ ലോകകപ്പ് നടത്താന്‍ ആരംഭിച്ച ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്. 2000 ലും 2002 ലും വിശ്വനാഥന്‍ ആനന്ദ് ലോകകപ്പ് ചാമ്പ്യനായത് 24 കളിക്കാര്‍ പങ്കെടുത്ത ലീഗ് കം നോക്കൗട്ടടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്റുകളിലാണ്.
 

Latest News