മെസ്സി ഡബ്ള്‍ അസിസ്റ്റ്, ത്രില്ലിംഗ് ജയവുമായി മയാമി

മയാമി - ലിയണല്‍ മെസ്സി ടീമിലെത്തിയ ശേഷം അജയ്യരായി മുന്നേറുന്ന ഇന്റര്‍ മയാമി ഒരാഴ്ചക്കിടെ രണ്ടാം കിരീടത്തിനരികെ. രണ്ടു ഗോളിന് പിന്നിലായ ശേഷം സിന്‍സിനാറ്റിയെ 5-4 ന് ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ഇന്റര്‍ മയാമി യു.എസ് ഓപണ്‍ കപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തി. സിന്‍സിനാറ്റി ലീഗിലെ ഒന്നാം സ്ഥാനക്കാരും ഇന്റര്‍ മയാമി വാലറ്റക്കാരുമാണ്. കഴിഞ്ഞയാഴ്ച മറ്റൊരു മുന്‍നിര ടീമിനെ ഫൈനലില്‍ തോല്‍പിച്ചാണ് ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് ചാമ്പ്യന്മാരായത്. 
മയാമിക്കു വേണ്ടിയുള്ള മത്സരങ്ങളില്‍ ആദ്യമായി ഗോളടിക്കാന്‍ സാധിച്ചില്ലെങ്കിലും മെസ്സിയുടെ രണ്ട് അസിസ്റ്റുകള്‍ നിര്‍ണായകമായി. നിശ്ചിത സമയത്ത് 2-2 ലും എക്‌സ്ട്രാ ടൈമില്‍ 3-3 ലും ടീമുകള്‍ ഒപ്പമായിരുന്നു. 
22 മിനിറ്റാവുമ്പോഴേക്കും 0-2 ന് പിന്നിലായതോടെ മെസ്സി കളിച്ച മത്സരത്തില്‍ മയാമി ആദ്യമായി തോല്‍ക്കുമെന്ന് തോന്നി. എന്നാല്‍ മെസ്സി ഒരുക്കിയ രണ്ടവസരങ്ങള്‍ ലിയനാഡൊ കംപാന ഗോളാക്കിയതോടെ എക്‌സ്ട്രാ ടൈമിലേക്ക് കളി നീങ്ങി. രണ്ടാം ഗോള്‍ ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിലായിരുന്നു. എക്‌സ്ട്രാ ടൈമില്‍ മയാമി ലീഡ് നേടിയെങ്കിലും സിന്‍സിനാറ്റി തിരിച്ചടിച്ചു. 
ഷൂട്ടൗട്ടിലും 4-4 വരെ സമനിലയായിരുന്നു. എന്നാല്‍ നിക് ഹാഗലന്റിന്റെ ഷോട്ട് മയാമി ഗോളി രക്ഷപ്പെടുത്തി. ബെഞ്ചമിന്‍ ക്രമാഷി മയാമിയുടെ ഊഴം ഗോളാക്കി.
 

Latest News