മത്സരാന്ത്യം ഒപ്പത്തിനൊപ്പം, സ്വര്‍ണം പകുത്ത് താരങ്ങള്‍

ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ പോള്‍വോള്‍ടില്‍ ആരോഗ്യകരമായ മത്സരത്തിന്റെ സുന്ദര നിമിഷങ്ങള്‍. പരസ്പരം മത്സരിച്ച് ഒരാള്‍ക്ക് സ്വര്‍ണം നേടാമെന്ന ഘട്ടത്തില്‍ കെയ്തി മൂണും നീന കെന്നഡിയും മെഡല്‍ പങ്കിടാന്‍ തീരുമാനിച്ചു. രണ്ടു വര്‍ഷം മുമ്പ് ഒളിംപിക്‌സില്‍ ജിയാന്‍മാര്‍ക്കൊ തംബേരിയും മുതാസ് ഈസ ബാര്‍ഷിമും പുരുഷ ഹൈജമ്പ് സ്വര്‍ണം പങ്കിട്ടത് അവര്‍ക്ക് മാതൃകയായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് രണ്ട് പേര്‍ സ്വര്‍ണം പങ്കിടുന്നത്. 
ഹൈജമ്പിലും പോള്‍വോള്‍ടിലും ഉയരങ്ങള്‍ കൂട്ടിക്കൂട്ടി വെച്ചാണ് മത്സരിക്കുക. ഒരു ഉയരത്തില്‍ തുടര്‍ച്ചയായി മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെടുമ്പോഴാണ് പുറത്താവുക. രണ്ട് പേര്‍ ഒരേ ഉയരം ചാടിയാല്‍ ഏറ്റവും കുറഞ്ഞ ശ്രമത്തില്‍ ആ ഉയരം ചാടിയയാള്‍ക്കാണ് സ്വര്‍ണം കിട്ടുക. അതും തുല്യമാണെങ്കില്‍ തൊട്ടുമുമ്പുള്ള ഉയരങ്ങള്‍ ചാടാന്‍ എത്ര ശ്രമം വേണ്ടിവന്നു എന്നു പരിശോധിക്കും. എന്നാല്‍ ഒളിംപിക്‌സിന്റെ ഹൈജമ്പില്‍ മുതാസിനോടും തംബേരിയോടും വേണമെങ്കില്‍ സ്വര്‍ണം പങ്കിടാമെന്ന് ഒഫിഷ്യലുകള്‍ അറിയിക്കുകയും ഇരുവരും സ്വീകരിക്കുകയുമായിരുന്നു. 
കെയ്തി മൂണാണ് ഒളിംപിക്‌സില്‍ പോള്‍വോള്‍ട് സ്വര്‍ണം നേടിയത്. ഒളിംപിക്‌സ് ഹൈജമ്പ് മത്സരം വരെ സ്വര്‍ണം പങ്കിടാമെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്ന് മൂണ്‍ പറഞ്ഞു. 
മൂണും ഓസ്‌ട്രേലിയക്കാരിയായ കെന്നഡിയും 4.95 മീറ്റര്‍ മറികടക്കാന്‍ ശ്രമിച്ച് മൂന്നു തവണ വീതം പരാജയപ്പെടുകയായിരുന്നു. 4.90 മീറ്ററില്‍ ഒരു തവണ പരാജയപ്പെട്ട ശേഷം മറികടക്കുകയും ചെയ്തു. വേണമെങ്കില്‍ രണ്ടു പേര്‍ക്കും വീണ്ടും ശ്രമിക്കാമായിരുന്നു. എന്നാല്‍ ഇരുവരും വേണ്ടെന്നു വെച്ചു. 4.90 മീറ്റര്‍ ചാടിയപ്പോള്‍ സ്വര്‍ണം ലഭിച്ചുവെന്നാണ് തോന്നിയതെന്ന് കെന്നഡി പറഞ്ഞു. എന്നാല്‍ മൂണും ആ ദൂരം പിന്നിട്ടു. 


 

Latest News