ഡബ്ലിന്‍- അയര്‍ലന്റിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിന്റെ ഒരുക്കത്തിനിടയിലും ഇന്ത്യന്‍ കളിക്കാര്‍ ചന്ദ്രയാന്‍ ദൗത്യം ചന്ദ്രനില്‍ ഇറങ്ങുന്നത് തല്‍സമയം വീക്ഷിച്ചു. ഡബ്ലിനിലെ മാലഹൈഡില്‍ പരിശീലനത്തിന് മുമ്പാണ് കളിക്കാര്‍ ടി.വിക്കു ചുറ്റും നിന്ന് ദൗത്യം ഇറങ്ങുന്ന നിമിഷങ്ങള്‍ ആസ്വദിച്ചത്. വിജയകരമായ ദൗത്യത്തിന് ഐ.എസ്.ആര്‍.ഒയെ ബി.സി.സി.ഐ അഭിനന്ദിച്ചു.
അതിനിടെ, ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാല് മത്സരങ്ങള്‍ നടക്കും.
ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഇംഗ്ലണ്ടിനെതിരെയാണ്. പാക്കിസ്ഥാനും ന്യൂസിലാന്റും, ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും, ബംഗ്ലാദേശും ശ്രീലങ്കയും ഓസ്‌ട്രേലിയയും നെതര്‍ലാന്റ്‌സും തമ്മിലാണ് മറ്റു മത്സരങ്ങള്‍. ഓസ്‌ട്രേലിയ-നെതര്‍ലാന്റ്‌സ് മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണ്. ഇന്ത്യയുടെ ആദ്യ സന്നാഹം ഗുവാഹത്തിയിലും.
തിരുവനന്തപുരത്തെ ആദ്യ സന്നാഹ മത്സരം സെപ്റ്റംബര്‍ 29 ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ്. പിറ്റേന്ന് ഓസ്‌ട്രേലിയയും നെതര്‍ലാന്റ്‌സും ഏറ്റുമുട്ടും.
ഒക്ടോബര്‍ രണ്ടിനാണ് തിരുവനന്തപുരത്തെ മൂന്നാമത്തെ കളി -ന്യൂസിലാന്റും ദക്ഷിണാഫ്രിക്കയും തമ്മില്‍. പിറ്റേന്ന് ഇന്ത്യന്‍ ടീം അവസാന മത്സരത്തില്‍ നെതര്‍ലാന്റ്‌സുമായി ഏറ്റുമുട്ടും. ഒക്ടോബര്‍ അഞ്ചിന് ഓസ്‌ട്രേലിയ-ന്യൂസിലാന്റ് മത്സരത്തോടെ അഹമ്മദാബാദില്‍ ലോകകപ്പ് ആരംഭിക്കും.






