ദോഹ- ദോഹ-തിരുവനന്തപുരം സെക്ടറിൽ ശൈത്യകാല ഷെഡ്യൂൾ പ്രകാരം നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിച്ച എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റിനെയും, സിവിൽ ഏവിയേഷൻ അതോറിറ്റിയെയും തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് യൂസേർസ് ഫോറം ഇൻ ഖത്തർ (തൗഫിക്) മാനേജിംഗ് കമ്മിറ്റി അഭിനന്ദിച്ചു. തൗഫികിന്റെ വളരെ നാളായുള്ള ആവശ്യമായിരുന്നു ഇത്. ഇവ്വിഷയകമായി കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്കും, സിവിൽ ഏവിയേഷൻ അതോറിറ്റിക്കും തൗഫിക് നിവേദനം നൽകിയിരുന്നു.
വർഷങ്ങളായി കടുത്ത യാത്രാ ദുരിതം അനുഭവിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ തെക്കു കിഴക്കൻ ഭാഗങ്ങളിലുള്ളവർക്കും, തമിഴ്നാട് സംസ്ഥാനത്തിന്റെ നാഗർകോവിൽ, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി മുതലായ ജില്ലകളിൽ നിന്നുള്ളവർക്കും വലിയ അനുഗ്രഹമാണ് ഈ തീരുമാനമെന്ന് യോഗം വിലയിരുത്തി.
തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഖത്തറിലേക്കു യാത്ര ചെയ്യന്നവരിൽ അധികവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും, നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരും ആണ്. ഇങ്ങനെയുള്ളവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം ഗുണം ചെയ്യും. ഈ സർവീസ്തുടർന്നും നടത്തണമെന്ന് തൗഫിക് കമ്മിറ്റി ആവശ്യപ്പെട്ടു.
ഗൾഫ്-കേരള സെക്ടറിൽ സീസൺ സമയത്ത് ഉണ്ടാകുന്ന വിമാന ടിക്കറ്റ് നിരക്ക് വർധനക്കെതിരെയുള്ള നിയമ പോരാട്ടത്തിനു പിന്തുണ നൽകാൻ തൗഫിക് കമ്മിറ്റി യോഗം തീരുമാനിച്ചു.
തൗഫിക് ജനറൽ കൺവീനർ തോമസ് കുര്യൻ നെടുംതറയിൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ, മുഖ്യ ഉപദേശകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി, അനീഷ് വി.എം, ഒ.കെ പരുമല, റിജോ ജോയ് എന്നിവർ സംസാരിച്ചു.






