സ്പാനിഷ് വിജയത്തിന് ഒളി മങ്ങുന്നു, കൂടുതല്‍ ലൈംഗികാരോപണങ്ങള്‍

മഡ്രീഡ് - വനിതാ ലോകകപ്പിന്റെ സമ്മാനദാനച്ചടങ്ങളില്‍ സ്‌പെയിന്‍ കളിക്കാരി ജെന്നി ഹോര്‍മോസോയെ സ്പാനിഷ് ഫെഡറേഷന്‍ പ്രസിഡന്റ് ബലാല്‍ക്കാരമായി ചുണ്ടില്‍ ചുംബിച്ച വിവാദം കെട്ടടങ്ങുന്നില്ല. പ്രസിഡന്റ് ലൂയിസ് റുബിയാലിസിനെതിരെ അടിയന്തരവും സുതാര്യവുമായ അന്വേഷണം വേണമെന്ന് സ്പാനിഷ് ഗവണ്‍മെന്റ് ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞ് തടിയൂരാന്‍ നാല്‍പത്തഞ്ചുകാരന്‍ ശ്രമിച്ചെങ്കിലും അത് പോരെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രൊ സാഞ്ചസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്ന് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.  
റുബിയാലിസിനെതിരെ നടപടി ആവശ്യപ്പെട്ട് മറ്റ് രാജ്യങ്ങളിലെ കളിക്കാരികളും രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവും വലിയ വേദിയില്‍ ആഘോഷിക്കേണ്ട സമയത്താണ് ജെന്നി ഈ മനുഷ്യന്റെ മാനഭംഗശ്രമം നേരിട്ടതെന്ന് അമേരിക്കന്‍ കളിക്കാരി മെഗാന്‍ റപിനോ പറഞ്ഞു. 
ചാമ്പ്യന്മാരായ സ്‌പെയിനിന്റെ കളിക്കാര്‍ക്ക് മെഡലുകളും ട്രോഫിയും വിതരണം ചെയ്യവെയാണ് റുബിയാലിസ് നിരവധി കളിക്കാരികളെ ആലിംഗനം ചെയ്യുകയും ഒരാളുടെ ചുണ്ടില്‍ ചുംബിക്കുകയും ചെയ്തത്. പതിനാറുകാരിയായ സ്പാനിഷ് രാജകുമാരി ഇന്‍ഫന്റ സോഫിയ സമീപത്തുണ്ടെന്ന കാര്യം ശ്രദ്ധിക്കാതെ ലിംഗം പിടിച്ച് റുബിയാലിസ് വിജയമാഘോഷിച്ചതും വിമര്‍ശിക്കപ്പെട്ടു. 
അതിനിടെ, സ്‌പെയിനിന്റെ വിജയാഘോഷത്തിനിടെ കോച്ച് ജോര്‍ജെ വില്‍ദ വനിതാ അസിസ്റ്റന്റിന്റെ മാറില്‍ സ്പര്‍ശിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വനിതാ താരങ്ങള്‍ക്കും അസിസ്റ്റന്റ് കോച്ചിനുമെതിരായ ലൈംഗികാക്രമണങ്ങള്‍ സ്‌പെയിനിന്റെ വിജയത്തിന്റെ പൊലിമ കുറച്ചിട്ടുണ്ട്.

Latest News