ഹരാരെ - മുന്‍ സിംബാബ്‌വെ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്ക് 49ാം വയസ്സില്‍ മരണപ്പെട്ടുവെന്ന സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്ത സഹതാരങ്ങളെപ്പോലും കബളിപ്പിച്ചു. ഒപ്പം കളിച്ചിരുന്ന പലരും അനുശോചന സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്തു. കാന്‍സര്‍ ബാധയുടെ വിഷമങ്ങളുണ്ടെങ്കിലും താന്‍ ജീവനോടെയുണ്ടെന്നും സുഖം പ്രാപിച്ചു വരികയാണെന്നും ഒടുവില്‍ സ്ട്രീക്കിന് തന്നെ വിശദീകരിക്കേണ്ടി വന്നു.
സിംബാബ്‌വെക്കു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറും സഹതാരങ്ങള്‍ക്ക് പ്രചോദനവുമായിരുന്നു സ്ട്രീക്ക്. വലങ്കൈയന്‍ പെയ്‌സ്ബൗളറും മികച്ച ഓള്‍റൗണ്ടറുമായിരുന്നു. ഐ.പി.എല്ലിലുള്‍പ്പെടെ പരിശീകനായും ഉണ്ടായിരുന്നു. സിംബാബ്‌വെ ക്രിക്കറ്റ് ദുരിതകാലത്തിലേക്ക് പോവുകയും ജീവിതം വഴിമുട്ടുകയും ചെയ്ത ഘട്ടത്തില്‍ സ്ട്രീക്ക് ഒത്തുകളിക്കാരുടെ വലയില്‍ കുടുങ്ങുകയും ഐ.സി.സി എട്ടു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു.
65 ടെസ്റ്റിലും 189 ഏകദിനങ്ങളിലും സിംബാബ്‌വെക്കു കളിച്ചു. 4993 റണ്‍സും 455 വിക്കറ്റുമാണ് സമ്പാദ്യം. നൂറിലേറെ ടെസ്റ്റ് വിക്കറ്റെടുത്ത ഏക സിംബാബ്‌വെ ബൗളറാണ്. 2005 ല്‍ വിരമിച്ച ശേഷം ബംഗ്ലാദേശിന്റെ ബൗളിംഗ് കോച്ചായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും പരിശീലിപ്പിച്ചു.






