സൗദി താരത്തിനും ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ്

റിയാദ് - സൗദി അറേബ്യന്‍ ദേശീയ ടീമിന്റെ സെന്റര്‍ബാക്കായ ഹസന്‍ അല്‍ തംബഖ്തി അല്‍ശബാബില്‍ നിന്ന് അല്‍ഹിലാലിലേക്ക് ചേക്കേറി. ഇരുപത്തിനാലുകാരനായി നിരവധി ക്ലബ്ബുകള്‍ മത്സരിച്ചിരുന്നു. ഇത്തിഹാദില്‍ ചേരുമെന്നാണ് കരുതിയത്. സൗദി താരത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് തുകയാണ് അല്‍ഹിലാല്‍ ഡിഫന്റര്‍ക്ക് ഓഫര്‍ ചെയ്തത്. രണ്ട് സൗദി ക്ലബ്ബുകള്‍ തമ്മിലുള്ള റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയിലാണ് കരാറൊപ്പിട്ടത്. 
ഈ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഹിലാല്‍ സ്വന്തമാക്കുന്ന എട്ടാമത്തെ കളിക്കാരനാണ് ഹസന്‍. ബ്രസീല്‍ കളിക്കാരായ നെയ്മാര്‍, മാല്‍ക്കം, പോര്‍ചുഗല്‍ മിഡ്ഫീല്‍ഡര്‍ റൂബന്‍ നെവെസ്, സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ മിത്രോവിച്, സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ സെര്‍ജി മിലിന്‍കോവിച് സാവിച്, സെനഗാല്‍ ഡിഫന്റര്‍ ഖാലിദു കൂലിബാലി, മൊറോക്കന്‍് ഗോള്‍കീപ്പര്‍ യാസീന്‍ ബൂനു എന്നിവരാണ് മറ്റുള്ളവര്‍. 
അല്‍ശബാബ് അക്കാദമിയിലൂടെ വളര്‍ന്നുവന്ന ഹസന്‍ 2018 മുതല്‍ അവരുടെ സീനിയര്‍ ടീമിലുണ്ട്. കഴിഞ്ഞ ലോകകപ്പിലെ രണ്ടു കളികളിലുള്‍പ്പെടെ 20 തവണ സൗദി കുപ്പായമിട്ടു. 
അതിനിടെ, പോര്‍ചുഗലിന്റെ ഇരുപത്തെട്ടുകാരനായ മിഡ്ഫീല്‍ഡര്‍ ഒടാവിയൊ പോര്‍ടോയില്‍ നിന്ന് അന്നസ്‌റിലെത്തി. ആറ് കോടി യൂറോയുടേതാണ് കരാര്‍. ബ്രസീലില്‍ ജനിച്ച ഒടാവിയൊ 2014 ലാണ് പോര്‍ടോയില്‍ ചേര്‍ന്നത്. 2021 ല്‍ പോര്‍ചുഗല്‍ ടീമില്‍ അരങ്ങേറി. 

Latest News