വിജയമാവര്‍ത്തിച്ച് സുഫിയാന്‍, നിരാശപ്പെടുത്തി വലേറി

ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒളിംപിക് ചാമ്പ്യന്മാര്‍ക്ക് സമ്മിശ്ര നേട്ടം. 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചെയ്‌സില്‍ മൊറോക്കോയുടെ ഒളിംപിക് ചാമ്പ്യന്‍ സുഫിയാന്‍ അല്‍പബഖലി വിജയമാവര്‍ത്തിച്ചപ്പോള്‍ വനിതകളുടെ ഡിസ്‌കസില്‍ അമേരിക്കയുടെ വലേറി ഓള്‍മാനെ സഹതാരം ലോലോഗ തൗസാഗ അട്ടമറിച്ചു. നാലു മീറ്ററിലേറെ വ്യത്യാസത്തില്‍ തന്റെ മികച്ച പ്രകടനം മെച്ചപ്പെടുത്തിയാണ് ലോലോഗ (69.49 മീ.) സ്വര്‍ണം തൊട്ടത്. കഴിഞ്ഞ വര്‍ഷം വെങ്കലം നേടാനേ ഓള്‍മാന് സാധിച്ചിരുന്നുള്ളൂ. 
അതേസമയം ലോക റെക്കോര്‍ഡുകാരനായ എത്യോപ്യയുടെ ലമേച ഗിര്‍മയെ ഇരുപത്തേഴുകാരനായ സുഫിയാന്‍ വീണ്ടും മുട്ടുകുത്തിച്ചു. 

ഹൈജമ്പില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഖത്തറിന്റെ മുതാസ് ഈസ ബാര്‍ഷിമിന് അപൂര്‍വ റെക്കോര്‍ഡ്. ഹൈജമ്പില്‍ അഞ്ച് മെഡല്‍ നേടുന്ന ആദ്യ അത്‌ലറ്റായി ബാര്‍ഷിം. മൂന്നു തവണ ഹൈജമ്പില്‍ ലോക ചാമ്പ്യന്‍ഷിപ് സ്വര്‍ണം നേടിയിരുന്നു. 2.33 മീറ്റര്‍ മാത്രം ചാടിയ മുതാസിന് മൂന്നാം സ്ഥാനമേ ലഭിച്ചുള്ളൂ. ടോക്കിയൊ ഒളിംപിക്‌സില്‍ മുതാസിനൊപ്പം സ്വര്‍ണം പങ്കിട്ട ജിയാന്‍മാര്‍ക്കൊ തംബേരിക്കാണ് സ്വര്‍ണം (2.36 മീ.). അമേരിക്കയുടെ യുവോണ്‍ ഹാരിസണ്‍ അതേ ദൂരം കൂടുതല്‍ അവസരങ്ങളെടുത്ത് ചാടി വെള്ളി കരസ്ഥമാക്കി. 
കെനിയയുടെ ഫെയ്ത് കിപ്യെഗോണ്‍ 1500 മീറ്ററില്‍ മൂന്നാം തവണ സ്വര്‍ണം നേടി. തുടക്കം മുതല്‍ കുതിച്ച് എതിരാളികളെ നിഷ്പ്രഭയാക്കിയ കെനിയക്കാരി 3:54.87 മിനിറ്റില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഹാട്രിക് സ്വര്‍ണം പ്രതീക്ഷെത്തിയ നെതര്‍ലാന്റ്‌സിന്റെ സിഫാന്‍ ഹസന് ഒരവസരം പോലും ലഭിച്ചില്ല. സിഫാന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എത്യോപ്യയുടെ വെല്‍തേജി ദിരീബെക്കാണ് വെള്ളി. 2017 ലും 2022 ലും കിപ്യെഗോണായിരുന്നു ചാമ്പ്യന്‍. ഇരുപത്തൊമ്പതുകാരി മൂന്ന് ലോക റെക്കോര്‍ഡുകള്‍ക്കും ഉടയമാണ്. 
ടോക്കിയൊ ഒളിംപിക്‌സിലും ഈയിനത്തില്‍ സിഫാന് വെങ്കലമായിരുന്നു ലഫഭിച്ചത്. ഇത്തവണ 10,000 മീറ്ററിലും 5000 മീറ്ററിലും 1500 മീറ്ററിലും സ്വര്‍ണം ലക്ഷ്യമിട്ടാണ് സിഫാന്‍ ബുഡാപെസ്റ്റിലെത്തിയത്. ആദ്യം നടന്ന 10,000 മീറ്ററില്‍ വിജയത്തിനരികെ സിഫാന്‍ കാലിടറി വീഴുകയും ഒഴിഞ്ഞ കൈയുമായി വര കടക്കേണ്ടി വരികയും ചെയ്തിരുന്നു. 

Latest News