ത്രില്ലിംഗ് തിരിച്ചുവരവ്, അന്നസ്ര്‍ ഏഷ്യന്‍ സ്വപ്‌നം കാത്തു

റിയാദ് - തുടങ്ങും മുമ്പെ പൊലിഞ്ഞുവെന്നു കരുതിയ അന്നസ്‌റിന്റെ ഏഷ്യന്‍ സ്വപ്‌നങ്ങള്‍ക്ക് സ്വപ്‌നസമാനമായ തിരിച്ചുവരവ. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അന്നസ്ര്‍ യു.എ.ഇയിലെ ശബാബ് അല്‍അഹ്‌ലിയെ 4-2 ന് തോല്‍പിച്ച് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ സ്ഥാനം പിടിച്ചു. ഇതോടെ അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ നാല് സൗദി ക്ലബ്ബുകളുണ്ടാവും. നെയ്മാറിന്റെ അല്‍ഹിലാല്‍, കരീം ബെന്‍സീമയുടെ അല്‍ഇത്തിഹാദ്, അല്‍ഫയ്ഹ ടീമുകള്‍ നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു. വ്യാഴാഴ്ച ക്വാലാലംപൂരിലെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ആസ്ഥാനത്ത് ഗ്രൂപ്പുകള്‍ നിശ്ചയിക്കാന്‍ നറുക്കെടും. 32 ടീമുകളാണ് പങ്കെടുക്കുക. അടുത്ത മാസം ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കും. 
88ാം മിനിറ്റ് വരെ 1-2 ന് പിന്നിലായിരുന്നു അന്നസ്ര്‍. സുല്‍ത്താന്‍ അല്‍ഗന്നാമാണ് ഹെഡറിലൂടെ സമനല കണ്ടെത്തിയത്. ഇഞ്ചുറി ടൈമില്‍ ബ്രസീലിയന്‍ ഫോര്‍വേഡ് ആന്‍ഡേഴ്‌സന്‍ ടാലിസ്‌ക ലീഡ് സമ്മാനിച്ചു. ഫൈനല്‍ വിസിലിന് അല്‍പം മുമ്പ് മാഴ്‌സെലൊ ബ്രോസവിച് നാലാം ഗോള്‍ നേടി. അന്നസ്‌റിന്റെ ആദ്യ ഗോളും ടാലിസ്‌കയുടെ വകയായിരുന്നു. 
പശ്ചിമേഷ്യയില്‍ പ്രമുഖ താരങ്ങള്‍ നിരവധിയുണ്ടെങ്കിലും കിഴക്കന്‍ മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന താരം ടൂര്‍ണമെന്റിനുണ്ടാവില്ല. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഓസ്‌കറിന്റെ ഷാംഗ്ഹായ് പോര്‍ട് പ്ലേഓഫില്‍ തോറ്റു. ഷാംഗ്ഹായിയെ 3-2 ന് തോല്‍പിച്ച് ബി.ജി പാത്തും യുനൈറ്റഡ് തായ്‌ലന്റ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് മുന്നേറി. നിലവിലെ ചാമ്പ്യന്മാരായ ഉറാവ റെഡ്‌സും (ജപ്പാന്‍) 3-0 ന് ഹോങ്കോംഗിലെ ലീ മാന്‍ വാരിയേഴ്‌സിനെ തോല്‍പിച്ച് മുഖ്യ റൗണ്ടില്‍ സ്ഥാനം നേടി. 
താരസമ്പന്നമായ സൗദി ക്ലബ്ബുകള്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് ഇത്തവണ വര്‍ണപ്പൊലിമയേകും. ആദ്യമായാണ് റൊണാള്‍ഡോയും സാദിയൊ മാനെയും നെയ്മാറും ബെന്‍സീമയുമൊക്കെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ രുചിയറിയുക. കഴിഞ്ഞ സീസണിലെ സൗദി പ്രൊ ലീഗില്‍ രണ്ടാം സ്ഥാനത്തായിരുന്നു അന്നസ്ര്‍. ഈ സീസണിന് മുമ്പ് ഇന്റര്‍ മിലാനില്‍ നിന്ന് മാഴ്‌സെലൊ ബ്രോസവിച്ചും ബയേണ്‍ മ്യൂണിക്കില്‍ നിന്ന് സാദിയൊ മാനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് അലക്‌സ് ടെലിസും ലെന്‍സില്‍ നിന്ന് സെകൊ ഫൊഫാനയും അന്നസ്‌റിലെത്തി. 
സൗദി ലീഗിലെ ആദ്യ രണ്ടു കളികളും തോറ്റ ക്ഷീണത്തിലായിരുന്നു അന്നസ്‌റെങ്കിലും യു.എ.ഇ ചാമ്പ്യന്മാരായ ശബാബ് അല്‍അഹ്‌ലിയെ അവര്‍ക്ക് തോല്‍പിക്കാനായി. ഒറ്റപ്പാദ പ്ലേഓഫ് റിയാദിലെ അന്നസ്‌റിന്റെ ഹോം സ്‌റ്റേഡിയത്തിലായിരുന്നു. 
സൗദി ക്ലബ്ബുകളും ഏഷ്യയിലെ മറ്റു രാജ്യങ്ങളിലെ ക്ലബ്ബുകളും തമ്മിലുള്ള വിടവ് വന്‍ തോതില്‍ വര്‍ധിച്ചുവെന്ന് സൗദി അറേബ്യയില്‍ അബഹയുടെ കോച്ചായിരുന്ന റോയല്‍ കൂമാന്‍സ് കരുതുന്നു. മുന്‍കാലത്ത് ജപ്പാനിലെയും തെക്കന്‍ കൊറിയയിലെയും ക്ലബ്ബുകള്‍ക്ക് സൗദി ക്ലബ്ബുകളുമായി പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നു. ഇനി അതുപോലും സാധിക്കില്ലെന്നാണ് കൂമാന്‍സിന്റെ അഭിപ്രായം. 
അബഹയില്‍ കോച്ചായിരുന്ന കാലത്ത് അന്നസ്‌റിനെ നേരിടാനായി ഒരുങ്ങിയ പരിചയമുണ്ട് കൂമാന്‍സിന്. ഇത്തവണ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ 10 കളികളില്‍ എട്ടും സൗദി ക്ലബ്ബുകള്‍ ജയിക്കാനാണ് സാധ്യത. എന്നാല്‍ ജയിക്കാനാവുമെന്ന വിശ്വാസത്തോടെ മറ്റു ക്ലബ്ബുകള്‍ ഇറങ്ങണമെന്നും അല്‍പം ഭാഗ്യമുണ്ടെങ്കില്‍ അതു സാധിക്കുമെന്നും ഡച്ചുകാരന്‍ പറയുന്നു. 
സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഗ്രൂപ്പ് ഘട്ടത്തില്‍ നാല് സൗദി ടീമുകളും എതിരാളികള്‍ക്ക് വന്‍ വെല്ലുവിളിയായിരിക്കും. നേരത്തെ തന്നെ നാലു തവണ ഏഷ്യന്‍ ചാമ്പ്യന്മാരായ അല്‍ഹിലാലില്‍ ബ്രസീല്‍ ഗോള്‍ഡന്‍ ബോയ് നെയ്മാറും സെര്‍ബിയയുടെ യുവപ്രതിഭ അലക്‌സാണ്ടര്‍ മിത്രോവിച്ചും ലോകകപ്പില്‍ മൊറോക്കോയുടെ വല കാത്ത യാസീന്‍ ബൂനുവുമൊക്കെയുണ്ട്. ബാലന്‍ഡോര്‍ ജേതാവ് കരീം ബെന്‍സീമയും ലോകകപ്പ് ചാമ്പ്യന്‍ എന്‍ഗോളൊ കാണ്ടെയും ബ്രസീല്‍ താരം ഫാബിഞ്ഞോയുമൊക്കെയാണ് സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദിനെ പേടിസ്വപ്‌നമാക്കുന്നത്. 
ഈ മാസമാദ്യം നടന്ന അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ഈജിപ്തിലെയും മൊറോക്കോയിലെയും അള്‍ജീരിയയിലെയുമൊക്കെ ക്ലബ്ബുകള്‍ക്ക് സൗദി ടീമുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നില്ല. സെമിയിലെത്തിയ നാലു ടീമുകളില്‍ മൂന്നും സൗദിയില്‍ നി്ന്നായിരുന്നു. അല്‍ഹിലാലിനെ തോല്‍പിച്ച് അന്നസ്ര്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ രണ്ടു ഗോളോടെ അന്നസ്‌റിന് കിരീടമുറപ്പിച്ച റൊണാള്‍ഡൊ ആയിരുന്നു ടോപ്‌സ്‌കോറര്‍. 
ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ പശ്ചിമേഷ്യയിലെയും കിഴക്കനേഷ്യയിലെയും ക്ലബ്ബുകള്‍ ഫൈനല്‍ വരെ ഏറ്റുമുട്ടില്ല. അതിനാല്‍ ഉറാവ റെഡ്‌സിനും (ജപ്പാന്‍) ഇഞ്ചിയോണ്‍ യുനൈറ്റഡിനും (തെക്കന്‍ കൊറിയ) ഷെജിയാംഗിനുമൊന്നും (ചൈന) സെമി ഫൈനല്‍ വരെ സൗദി ക്ലബ്ബുകളെ നേരിടേണ്ടി വരില്ല. 
റൊണാള്‍ഡൊ അഞ്ചു തവണ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുണ്ട്. ആദ്യ ശ്രമത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് നേടാനാവുമോയെന്നതാണ് ഇപ്പോഴത്തെ ചോദ്യം. 

Latest News