'കിസ്സ് കേസ്' മുറുകുന്നു, ഇടപെട്ട് സ്‌പെയിന്‍ പ്രധാനമന്ത്രി

മഡ്രീഡ് - വനിതാ ലോകകപ്പിന്റെ സമ്മാനദാനച്ചടങ്ങളില്‍ സ്‌പെയിന്‍ കളിക്കാരി ജെന്നി ഹോര്‍മോസോയെ സ്പാനിഷ് ഫെഡറേഷന്‍ പ്രസിഡന്റ് ബലാല്‍ക്കാരമായി ചുണ്ടില്‍ ചുംബിച്ച വിവാദം കത്തിപ്പടരുന്നു. നാല്‍പത്തഞ്ചുകാരനായ പ്രസിഡന്റ് ലൂയിസ് റുബിയാലിസ് മാപ്പ് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചെങ്കിലും അത് പോരെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രൊ സാഞ്ചസ് പ്രഖ്യാപിച്ചു. അസ്വീകാര്യമായ പെരുമാറ്റം ഉണ്ടായതിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായ വിശദീകരണം വേണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.  
ചാമ്പ്യന്മാരായ സ്‌പെയിനിന്റെ കളിക്കാര്‍ക്ക് മെഡലുകളും ട്രോഫിയും വിതരണം ചെയ്യവെയാണ് റുബിയാലിസ് നിരവധി കളിക്കാരികളെ ആലിംഗനം ചെയ്യുകയും ഒരാളുടെ ചുണ്ടില്‍ ചുംബിക്കുകയും ചെയ്തത്. പതിനാറുകാരിയായ സ്പാനിഷ് രാജകുമാരി ഇന്‍ഫന്റ സോഫിയ സമീപത്തുണ്ടെന്ന കാര്യം ശ്രദ്ധിക്കാതെ ലിംഗം പിടിച്ച് റുബിയാലിസ് വിജയമാഘോഷിച്ചതും വിമര്‍ശിക്കപ്പെട്ടു. 
സംഭവത്തില്‍ ജെന്നി അതൃപ്തി പ്രകടിപ്പിക്കുന്ന വീഡിയൊ പ്രചരിച്ചെങ്കിലും പിന്നീട് റുബിയാലിസ് ദുരുദ്ദേശ്യത്തോടെയല്ല ചെയ്തതെന്ന് പ്രസ്താവന ഇറക്കിയിരുന്നു. പക്ഷെ നിരവധി മന്ത്രിമാരും ഒരു വിഭാഗം മാധ്യമങ്ങളും പ്രസിഡന്റിനെതിരെ രംഗത്തെത്തി. കളിക്കാരെ കെട്ടിപ്പിടിച്ചതും പലരുടെയും കവിളില്‍ ചുംബിച്ചതും വിജയാവേശത്തില്‍ സംഭവിച്ചതാണെന്നാണ് റുബിയാലിസ് ന്യായീകരിച്ചത്. 
 

Latest News