മഹ്‌റേസിന് പകരക്കാരന്‍, തേടിയ താരത്തെ സിറ്റി കണ്ടെത്തി

മാഞ്ചസ്റ്റര്‍ - സൗദി അറേബ്യയില്‍ അല്‍അഹ്‌ലിയില്‍ ചേര്‍ന്ന അള്‍ജീരിയന്‍ വിംഗര്‍ റിയാദ് മഹ്‌റേസിന് മാഞ്ചസ്റ്റര്‍ സിറ്റി പകരക്കാരനെ കണ്ടെത്തി. ഫ്രഞ്ച് ക്ലബ്ബ് റെന്നിന്റെ ബെല്‍ജിയം താരം ജെറമി ദോകുവിനെ ടീമിലുള്‍പ്പെടുത്താന്‍ സിറ്റി ഏതാണ്ട് ധാരണയിലെത്തി. ആറരക്കോടി യൂറോയുടേതാണ് കരാര്‍. ഇരുപത്തൊന്നുകാരന്‍ 2020 മുതല്‍ റെന്നിലുണ്ട്. 
ഈ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ രണ്ട് കളിക്കാരെ മാത്രമേ സിറ്റി ടീമിലെടുത്തിട്ടുള്ളൂ -ഡിഫന്റര്‍ ജോസ്‌കൊ ഗ്വാര്‍ദിയോളിനെയും മിഡ്ഫീല്‍ഡര്‍ മാറ്റിയൊ കൊവാസിച്ചിനെയും. സെപ്റ്റംബര്‍ ഒന്നിന് ഈ ട്രാന്‍സ്ഫര്‍ ജാലകം അടക്കും. 
അതിനിടെ, സിറ്റി കോച്ച് പെപ് ഗാഡിയോള പുറം വേദനയെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി. രണ്ടു മത്സരങ്ങളില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടാവില്ല. ബാഴ്‌സലോണയിലായിരുന്നു ശസ്ത്രക്രിയ. ഗായിഡോളയുടെ അസിസ്റ്റന്റ് യുവാന്‍മ ലിലോക്കായിരിക്കും കോച്ചിന്റെ താല്‍ക്കാലിക ചുമതല. 
ചെല്‍സി അക്കാദമിയിലെ മികച്ച പ്രതിഭ ലൂയിസ് ഹാള്‍ കടമായി ന്യൂകാസിലില്‍ ചേര്‍ന്നു. പതിനെട്ടുകാരനായ ലെഫ്റ്റ്ബാക്ക് ബാല്യം മുതല്‍ ന്യൂകാസില്‍ ആരാധകനായിരുന്നു. ചെല്‍സി അക്കാദമിയിലെ കഴിഞ്ഞ സീസണിലെ പ്ലയര്‍ ഓഫ് ദ ഇയറായിരുന്നു. 

Latest News