കൊല്‍ക്കത്ത - ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന്റെ അപ്രസക്തമായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി മറുപടിയില്ലാത്ത രണ്ടു ഗോളിന് മുന്‍ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയെ തോല്‍പിച്ചു. ആദ്യ രണ്ടു കളിയും ജയിച്ച ഗോകുലം നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു. ആദ്യ രണ്ടു കളികളിലും സമനില വഴങ്ങിയ ബംഗളൂരു പുറത്താവുകയും ചെയ്തിരുന്നു. ഈ ഗ്രൂപ്പില്‍ നിന്ന് കേരളാ ബ്ലാസ്റ്റേഴ്‌സും ഗ്രൂപ്പ് ഘട്ടം കടന്നില്ല.
രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളും. അമ്പത്തെട്ടാം മിനിറ്റില്‍ റോബിന്‍ യാദവും കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ലാല്‍പെഖ്‌ലുവയും സ്‌കോര്‍ ചെയ്തു.
ആരന്‍ ഡിസില്‍വയുടെ ഹാട്രിക്കില്‍ നേപ്പാള്‍ ആര്‍മിയെ 3-0 ന് തകര്‍ത്തെങ്കിലും ഹൈദരാബാദ് എഫ്.സിക്ക് ക്വാര്‍ട്ടര്‍ ബെര്‍ത്തുറപ്പായില്ല. ആദ്യ രണ്ടു കളികളില്‍ അവര്‍ക്ക് ഒരു പോയന്റേയുള്ളൂ.






