ലോക ബാഡ്മിന്റണ്‍: ആദ്യ  കളി തോറ്റ് സിന്ധു പുറത്ത്

കോപന്‍ഹാഗന്‍ - ആദ്യ മത്സരം തോറ്റ് മുന്‍ ചാമ്പ്യന്‍ പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. മുന്‍ ഒന്നാം നമ്പറും ലോക ചാമ്പ്യനും ഒളിംപിക് വെങ്കല മെഡലുകാരിയുമായ ജപ്പാന്റെ നൊവോമി ഒകുഹാരയാണ് സിന്ധുവിനെ 21-14, 21-14 ന് തോല്‍പിച്ചത്. രണ്ടാം ഗെയിമില്‍ 14-9 ന് മുന്നിലെത്തിയെങ്കിലും സിന്ധുവിന് ലീഡ് നിലനിര്‍ത്താനായില്ല. നിരന്തര പരാജയങ്ങളെത്തുടര്‍ന്ന് സിന്ധു ഈയിടെ കോച്ചിനെ മാറ്റിയിരുന്നു. കൊറിയക്കാരനായ പാര്‍ക്ക് തേ സാിംഗിനെ മാറ്റി ഇന്തോനേഷ്യക്കാരനായ മുന്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ മുഹമ്മദ് ഹാഫിസ് ഹാശിമിനെ പരിശീലകനായി നിയമിച്ചിരുന്നു. പക്ഷെ മോശം ഫോം തുടരുകയാണ്. 
ലോക ചാമ്പ്യന്‍ഷിപ്പിലെ മുന്‍ സെമിഫൈനലിസ്റ്റും 11ാം റാങ്കുകാരനുമായ ലക്ഷ്യ സെന്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ലോക 51ാം നമ്പര്‍ തെക്കന്‍ കൊറിയയുടെ ജ്യോന്‍ ഹ്യോക് ജിന്നിനെ 21-11, 21-12 ന് ലക്ഷ്യ തകര്‍ത്തു. ലോക മൂന്നാം നമ്പര്‍ കുന്‍ലാവുത് വിദിത്‌സരണാണ് മൂന്നാം റൗണ്ടില്‍ ലക്ഷ്യയുടെ എതിരാളി. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിക്കാണ് ജ്യോന്‍ ഹോക്കിനോട് ലക്ഷ്യ പകരം ചോദിച്ചത്. 
വനിതാ ഡബ്ള്‍സില്‍ ഇന്ത്യയുടെ അശ്വിനി ഭട്ട്, ശിഖ ഗൗതം ജോഡിയും മിക്‌സഡ് ഡബ്ള്‍സില്‍ വി.ജി പ്രസാദ്-ജുഹി ദേവാങ്കന്‍ സഖ്യവും പുറത്തായി. 
 

Latest News