ബാകു - ഫിഡെ ചെസ് ലോകകപ്പിന്റെ ഫൈനലിലെ ആദ്യ ഗെയിമില്‍ ലോക ഒന്നാം നമ്പര്‍ മാഗനസ് കാള്‍സനെ തളച്ച് ഇന്ത്യയുടെ യുവ താരം രമേശ്ബാബു പ്രജ്ഞാനന്ദ. മുപ്പത്തഞ്ചാം നീക്കത്തിലാണ് ഇരുവരും സമനില സമ്മതിച്ചത്. വെള്ളക്കരുവുമായി കളിച്ച പ്രജ്ഞാനന്ദക്ക് തുടക്കത്തില്‍ സമയത്തിന്റെ ആനുകൂല്യമുണ്ടായിരുന്നു. എന്നാല്‍ അത് മുതലാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ സമയത്തിന്റെ സമ്മര്‍ദ്ദം അനുഭവിക്കുകയും ചെയ്തു. ഇന്നാണ് രണ്ടാം ഗെയിം.
ലോക മൂന്നാം നമ്പര്‍ ഫാബിയാനൊ കരുവാനയെ ടൈബ്രേക്കറില്‍ അട്ടിമറിച്ചാണ് പ്രജ്ഞാനന്ദ ഫൈനലിലെത്തിയത്. നേരത്തെ രണ്ടാം സീഡ് ഹികാരു നകാമുറയെയും പതിനെട്ടുകാരന്‍ തോല്‍പിച്ചിരുന്നു. സമയനിയന്ത്രണമുള്ള ടൈബ്രേക്കറിലേക്ക് കളി നീ്ട്ടിയാണ് കരുവാനയെ പ്രജ്ഞനന്ദ പിടിച്ചുകെട്ടിയത്. മൂന്നു ദിവസത്തിനിടെ നാലു തവണ സമനില പാലിച്ചതിനെത്തുടര്‍ാണ് പ്രജ്ഞനന്ദ-കരുവാന മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയത്. 3.5-2.5 ന് പ്രജ്ഞനന്ദ ജയിച്ചു. കാള്‍സനും ബോബി ഫിഷറും കഴിഞ്ഞാല്‍ ലോകകപ്പ് ഫൈനലിന് യോഗ്യത നേടുന്ന പ്രായം കുറഞ്ഞ താരമാണ് പ്രജ്ഞനന്ദ. 2005 ല്‍ നോക്കൗട്ട് രീതിയില്‍ ലോകകപ്പ് നടത്താന്‍ ആരംഭിച്ച ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്. 2000 ലും 2002 ലും വിശ്വനാഥന്‍ ആനന്ദ് ലോകകപ്പ് ചാമ്പ്യനായത് 24 കളിക്കാര്‍ പങ്കെടുത്ത ലീഗ് കം നോക്കൗട്ടടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്റുകളിലാണ്.






