ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ബുര്‍ക്കിനഫാസോക്ക് ആദ്യത്തെ സ്വര്‍ണം സമ്മാനിച്ച് ഹ്യൂസ് ഫാബ്രിസ് സാംഗൊ ട്രിപ്പിള്‍ജമ്പില്‍ ഒന്നാം സ്ഥാനത്തെത്തി. 17.64 മീറ്ററാണ് സാംഗൊ ചാടിയത്. ക്യൂബന്‍ താരങ്ങളായ ലസാരൊ മാര്‍ടിനേസിനെയും ക്രിസ്റ്റ്യന്‍ നപ്പോളിസിനെയുമാണ് സാംഗൊ മറികടന്നത്. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ സാംഗൊ വെള്ളി നേടിയിരുന്നു. ഒളിംപിക്‌സില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു. ജമൈക്കയുടെ പതിനെട്ടുകാരന്‍ ജയ്ദന്‍ ഹിബേര്‍ട് പരിക്കേറ്റ് പിന്മാറിയത് സാംഗോയുടെ വഴി എളുപ്പമാക്കി.
നാടകീയമായ ഡിസ്‌കസ് ത്രോ മത്സരത്തില്‍ ഒളിംപിക് ചാമ്പ്യന്‍ ഡാനിയേല്‍ സ്റ്റാള്‍ അവസാന ഏറില്‍ സ്വര്‍ണം പിടിച്ചു. നിലവിലെ ഒളിംപിക് ചാമ്പ്യനായ സ്വീഡന്‍കാരന്‍ രണ്ടാം തവണയാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്. 2019 ല്‍ ദോഹയിലായിരുന്നു ആദ്യ സ്വര്‍ണം.
ആറാമത്തെയും അവസാനത്തെയും ഏറില്‍ 70.02 മീറ്റര്‍ പായിച്ച് നിലവിലെ ചാമ്പ്യന്‍ സ്ലൊവേനിയയുടെ ക്രിസ്റ്റ്യന്‍ ചെ മുന്നില്‍ കയറിയതോടെയാണ് ഡിസ്‌കസ് മത്സരം ആവേശകരമായത്. എന്നാല്‍ സ്റ്റാള്‍ നിരാശപ്പെടുത്തിയില്ല. ചാമ്പ്യന്‍ഷിപ് റെക്കോര്‍ഡായ 71.46 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം പിടിച്ചു. ലിത്വാനിയയുടെ പത്തൊമ്പതുകാരന്‍ മൈകൊലാസ് അലക്‌നക്കാണ് വെങ്കലം (68.85 മീ.).
110 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കയുടെ ഗ്രാന്റ് ഹോളോവേ തുടര്‍ച്ചയായി മൂന്നാം തവണയും സ്വര്‍ണം കരസ്ഥമാക്കി. അമേരിക്കയുടെ തന്നെ ഗ്രെഗ് ഫോസ്റ്റര്‍ക്ക് മാത്രം സാധിച്ച നേട്ടമാണ് ഇത്. ഒന്നാന്തരം സ്റ്റാര്‍ടിനു ശേഷം സീസണ്‍ ബെസ്റ്റായ 12.96 സെക്കന്റില്‍ ഇരുപത്തഞ്ചുകാരന്‍ ഫിനിഷിംഗ് ലൈനിലേക്ക് കുതിച്ചപ്പോള്‍ ജമൈക്കയുടെ ഒളിംപിക് ചാമ്പ്യന്‍ ഹാന്‍സര്‍ പാര്‍ച്ച്‌മെന്റിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അമേരിക്കയുടെ തന്നെ ഡാനിയേല്‍ റോബര്‍ട്‌സിനാണ് വെങ്കലം. ഫോസ്റ്റര്‍ ആദ്യ സ്വര്‍ണം നേടിയതിന്റെ നാല്‍പതാം വാര്‍ഷികത്തിലാണ് ഗ്രാന്റ് ഹോളോവേയുടെ ട്ടേം. 1983 ലും 1987 ലും 1993 ലുമാണ് ഫോസ്റ്റര്‍ ചാ്മ്പ്യനായത്. അമേരിക്കയുടെ തന്നെ അലന്‍ ജോണ്‍സണ്‍ നാല് സ്വര്‍ണം നേടിയിട്ടുണ്ട്. അമേരിക്കയുടെ തന്നെ ഏരീസ് മെറിറ്റിന്റെ പേരിലാണ് ലോക റെക്കോര്‍ഡ് (12.80 സെ.).
വനിതകളുടെ 100 മീറ്ററില്‍ അമേരിക്കയുടെ ഷാഖരി റിച്ചാര്‍ഡ്‌സന് ത്രസിപ്പിക്കുന്ന വിജയം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം നേടാമെന്ന ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രെയ്‌സര്‍ പ്രൈസിന്റെ സ്വപ്‌നം തകര്‍ത്ത് ചാമ്പ്യന്‍ഷിപ് റെക്കോര്‍ഡായ 10.65 സെക്കന്റില്‍ അമേരിക്കക്കാരി പറന്നെത്തി. ഇതോടെ മീറ്റിലെ വേഗമേറിയ രണ്ട് താരങ്ങളും അമേരിക്കക്കാരായി. പുരുഷ 100 മീറ്ററില്‍ നൂഹ് ലൈല്‍സായിരുന്നു ചാമ്പ്യന്‍.
ഒമ്പതാം ലൈനില്‍ നിന്നാണ് സ്വര്‍ണത്തിലേക്ക് കുതിച്ചതെന്നതാണ് ഷാഖരയുടെ നേട്ടം. ജമൈക്കയുടെ ഷെറിഖ ജാക്‌സനും (10..72 സെ.) ഷെല്ലി ആന്‍ ഫ്രെയ്‌സറും (10.77 സെ.) വെള്ളിയും വെങ്കലവും കരസ്ഥമാക്കി. ലഹരിമരുന്നായ മരിജുവാന കഴിച്ചുവെന്നതിന്റെ പേരില്‍ ടോക്കിയൊ ഒളിംപിക്‌സില്‍ നിന്ന് വിലക്കപ്പെട്ട ഇരുപത്തിമൂന്നുകാരിക്ക് ഇത് ഉജ്വലമായ തിരിച്ചുവരവായി. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനുമായില്ല.






