ഷാഖരി പറന്നു, ജമൈക്കന്‍  സ്വപ്‌നം തകര്‍ന്നു

ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതകളുടെ 100 മീറ്ററില്‍ അമേരിക്കയുടെ ഷാഖരി റിച്ചാര്‍ഡ്‌സന് ത്രസിപ്പിക്കുന്ന വിജയം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം നേടാമെന്ന ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രെയ്‌സര്‍ പ്രൈസിന്റെ സ്വപ്‌നം തകര്‍ത്ത് ചാമ്പ്യന്‍ഷിപ് റെക്കോര്‍ഡായ 10.65 സെക്കന്റില്‍ അമേരിക്കക്കാരി പറന്നെത്തി. ഇതോടെ മീറ്റിലെ വേഗമേറിയ രണ്ട് താരങ്ങളും അമേരിക്കക്കാരായി. പുരുഷ 100 മീറ്ററില്‍ നൂഹ് ലൈല്‍സായിരുന്നു ചാമ്പ്യന്‍. 
ഒമ്പതാം ലൈനില്‍ നിന്നാണ് സ്വര്‍ണത്തിലേക്ക് കുതിച്ചതെന്നതാണ് ഷാഖരയുടെ നേട്ടം. ജമൈക്കയുടെ ഷെറിഖ ജാക്‌സനും (10..72 സെ.) ഷെല്ലി ആന്‍ ഫ്രെയ്‌സറും (10.77 സെ.) വെള്ളിയും വെങ്കലവും കരസ്ഥമാക്കി. ലഹരിമരുന്നായ മരിജുവാന കഴിച്ചുവെന്നതിന്റെ പേരില്‍ ടോക്കിയൊ ഒളിംപിക്‌സില്‍ നിന്ന് വിലക്കപ്പെട്ട ഇരുപത്തിമൂന്നുകാരിക്ക് ഇത് ഉജ്വലമായ തിരിച്ചുവരവായി. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനുമായില്ല. 
 

Latest News