കിസ്സ് 'കേസാ'യി, പുലിവാല് പിടിച്ച് പ്രസിഡന്റ് 

മഡ്രീഡ് - വനിതാ ലോകകപ്പ് ചാമ്പ്യന്മാരായ സ്‌പെയിനിന്റെ കളിക്കാര്‍ക്ക് മെഡലുകളും ട്രോഫിയും വിതരണം ചെയ്യവെ നിരവധി കളിക്കാരികളെ ആലിംഗനം ചെയ്യുകയും ഒരാളുടെ ചുണ്ടില്‍ ചുംബിക്കുകയും ചെയ്ത് സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ പ്രസിഡന്റ് പുലിവാല് പിടിച്ചു. ജെന്നി ഹോര്‍മോസോയെയാണ് സമ്മതം കൂടാതെ ലൂയിസ് റുബിയാലിസ് ചുംബിച്ചത്. ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് ജെന്നി ഡ്രസ്സിംഗ് റൂമില്‍ സഹതാരങ്ങളോട് പറയുന്ന വീഡിയൊ പ്രചരിക്കുന്നുണ്ട്. പതിനാറുകാരിയായ സ്പാനിഷ് രാജകുമാരി ഇന്‍ഫന്റ സോഫിയ സമീപത്തുണ്ടെന്ന കാര്യം ശ്രദ്ധിക്കാതെ ലിംഗം പിടിച്ച് റുബിയാലിസ് വിജയമാഘോഷിച്ചതും വിമര്‍ശിക്കപ്പെട്ടു. 
ജെന്നി പിന്നീട് ആരോപണം തള്ളി. ആഘോഷത്തിനിടയില്‍ സ്വാഭാവികമായി സംഭവിച്ചതാണെന്നും റുബിയാലിസ് എന്നും മാന്യമായാണ് പെരുമാറാറെന്നും താരം പറഞ്ഞു. റുബിയാലസും ആരോപണം തള്ളി. എങ്കിലും സ്‌പോര്‍ട്‌സ് മന്ത്രി മിക്വേല്‍ ഇസെറ്റയും സ്ത്രീസമത്വ മന്ത്രി ഐറീന്‍ മോണ്ടെരോയും ചില മാധ്യമങ്ങളും റുബിയാലിസിനെ രൂക്ഷമായി വിമര്‍ശിച്ചു. സമ്മതമില്ലാതെയുള്ള ചുംബനം സ്ത്രീകള്‍ സ്ഥിരമായി അനുഭവിക്കുന്ന ലൈംഗികാക്രമണമാണെന്ന് അവര്‍ ആരോപിച്ചു. സ്‌പെയിന്‍ മുഴുവന്‍ നോക്കിനില്‍ക്കെ പരസ്യമായി ഇങ്ങനെ ചെയ്യുമെങ്കില്‍ സ്വകാര്യമായി എന്തൊക്കെ സംഭവിക്കുമെന്ന് സാമൂഹിക നീതി മന്ത്രി ഇയോണ്‍ ബെലാറ ചോദിച്ചു. പ്രൊഫഷനല്‍ കളിക്കാരുടെ സംഘടനയും അപലപിച്ചു. 

Latest News