സ്‌പെയിനിന്റെ വിജയശില്‍പി ഗ്രൗണ്ട് വിട്ടത് കണ്ണീരോടെ

മഡ്രീഡ് - വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ സ്‌പെയിനിനെ ചാമ്പ്യന്മാരാക്കിയ ഗോളടിച്ച ശേഷം ഓല്‍ഗ കാര്‍ണോണ ഗ്രൗണ്ട് വിട്ടത് കൊടിയ ദുഃഖത്തോടെ. മത്സരമവസാനിച്ചയുടനെയാണ് പിതാവ് മരണപ്പെട്ട വാര്‍ത്ത ഓല്‍ഗ അറിഞ്ഞത്. പിതാവ് കുറച്ചുകാലമായി രോഗബാധിതനായിരുന്നു. എന്നാല്‍ ഫൈനല്‍ കാണാന്‍ ഓല്‍ഗയുടെ മാതാവും ബന്ധുക്കളും ഓസ്‌ട്രേലിയയിലായിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. വിജയാഘോഷം കഴിഞ്ഞ ശേഷമാണ് മരണവാര്‍ത്ത അവര്‍ മകളെ അറിയിച്ചത്. 
നിങ്ങളാനിക്ക് കരുത്ത് പകര്‍ന്നത്, നിങ്ങള്‍ ഈ രാത്രി എന്റെ കളി വീക്ഷിച്ചിട്ടുണ്ടാവാം, എന്റെ നേട്ടത്തില്‍ അഭിമാനം കൊണ്ടിട്ടുണ്ടാവാം, നിത്യശാന്തി -ഓല്‍ഗ ട്വിറ്ററില്‍ കുറിച്ചു. ഫൈനല്‍ വിസിലിനു ശേഷം ഗ്രൗണ്ടില്‍ മറ്റു സ്‌പെയിന്‍ താരങ്ങള്‍ക്കൊപ്പം നൃത്തം വെച്ച ഓല്‍ഗ ട്രോഫി സ്വീകരിച്ച ശേഷമാണ് ദുഃഖ വാര്‍ത്ത അറിഞ്ഞത്. ഇരുപത്തൊമ്പതാം മിനിറ്റില്‍ ഓല്‍ഗയുടെ ഇടങ്കാലന്‍ ഷോട്ടാണ് സ്‌പെയിനിന് ചരിത്രത്തിലാദ്യമായി വനിതാ ലോകകപ്പ് നേടിക്കൊടുത്തത്. സിഡ്‌നിയില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ അവര്‍ 1-0 ന് തോല്‍പിച്ചു. സ്വീഡനെതിരായ സെമി ഫൈനലിലും ഇരുപത്തിമൂന്നുകാരി സ്‌കോര്‍ ചെയ്തിരുന്നു. ഫൈനലിലെ മികച്ച കളിക്കാരിയായി ഓല്‍ഗ തെരഞ്ഞെടുക്കപ്പെട്ടു. 
ഫൈനലിലെ ഗോള്‍ ഓല്‍ഗ ആഘോഷിച്ച ഈയിടെ മാതാവ് നഷ്ടപ്പെട്ട ഒരു സുഹൃത്തിനെ അനുസ്മരിച്ചാണ്. റയല്‍ മഡ്രീഡ് ഡിഫന്ററാണ് ഓല്‍ഗ. റയല്‍ അനുശോചന സന്ദേശം പുറത്തുവിട്ടു. മറ്റൊരു സ്‌പെയിന്‍ താരം ഐറീന്‍ പരേദേസിന്റെ പിതാവ് ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പാണ് മരിച്ചത്. 

Latest News