പണമൊഴുക്കില്‍ ചെല്‍സി മുന്നില്‍, ഹിലാല്‍ രണ്ടാമത്

ലണ്ടന്‍ - ഈ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ സീസണില്‍ ഏറ്റവുമധികം പണമൊഴുക്കിയ ക്ലബ്ബുകളുടെ പട്ടികയില്‍ സൗദി അറേബ്യയിലെ അല്‍ഹിലാലും. ഒന്നാം സ്ഥാനത്ത് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയാണ് -52.8 കോടി യൂറോ (4775 കോടി രൂപ). രണ്ടാം സ്ഥാനത്ത് അല്‍ഹിലാലും മൂന്നാം സ്ഥാനത്ത് ആഴ്‌സനലുമാണ്. അഞ്ചാം സ്ഥാനത്തുള്ള റയല്‍ മഡ്രീഡിന് തൊട്ടുപിന്നിലായി സൗദിയിലെ അല്‍അഹ്‌ലിയുണ്ട്. 
കഴിഞ്ഞ വര്‍ഷവും ചെല്‍സി തടസ്സമില്ലാതെ പണമൊഴുക്കിയിരുന്നു. പുതിയ കോച്ച് മൗറിസിയൊ പോകറ്റീനൊ വന്നതോടെ ഇത്തവണയും അവര്‍ പോക്കറ്റ് തുറന്നുവെച്ചു. റോമിയൊ ലാവിയ, മോയ്‌സസ് സായ്‌സീദൊ എന്നിവരാണ് ചെല്‍സിയില്‍ ചേര്‍ന്ന പ്രമുഖ കളിക്കാര്‍. എന്നാല്‍ അതൊന്നും കളിയില്‍ കാണുന്നില്ല. പ്രീമിയര്‍ ലീഗ് രണ്ട് റൗണ്ട് പിന്നിട്ടപ്പോള്‍ ഒരു പോയന്റുമായി അവര്‍ വാലറ്റത്താണ്. 
ഹിലാല്‍ കൂടുതല്‍ തുക ചെലവഴിച്ചത് നെയ്മാറിനാണ്. റൂബന്‍ നെവെസ്, അലക്‌സാണ്ടര്‍ മിത്രോവിച്, ഖാലിദു കൂലിബാലി തുടങ്ങിയവരും ഹിലാലിലെത്തി. ഡെക്ലാന്‍ റെയ്‌സ്, കായ് ഹാവേട്‌സ്, ജൂലിയന്‍ ടിംബര്‍ തുടങ്ങിയവര്‍ ആഴ്‌സനലില്‍ ചേര്‍ന്നു. 
ലിവര്‍പൂളില്‍ കരാര്‍ പൂര്‍ത്തിയാക്കി അല്‍അഹ്‌ലിയില്‍ ചേര്‍ന്ന ബ്രസീലിയന്‍ താരം റോബര്‍ടൊ ഫിര്‍മിനൊ ഹാട്രിക്കോടെയാണ് സൗദി ലീഗില്‍ അരങ്ങേറിയത്. 

Latest News