കോപന്‍ഹാഗന്‍ - ഇന്ത്യയുടെ ഒന്നാം നമ്പര്‍ എച്ച്.എസ്. പ്രണോയിയും മുന്‍ സെമിഫൈനലിസ്റ്റ് ലക്ഷ്യ സെന്നും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ട് പിന്നിട്ടു. കഴിഞ്ഞ രണ്ടു തവണയും ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ പ്രണോയ് 24-22, 21-10 ന് ആദ്യ റൗണ്ടില്‍ ഫിന്‍ലന്റിന്റെ ഇടങ്കൈയന്‍ കാല്‍ കോളിനോണിനെ തോല്‍പിച്ചു. മൗറിഷ്യസിന്റെ ജൂലിയന്‍ പോളിനെ ലക്ഷ്യ അനായാസം മറികടന്നു (21-12, 21-7).
ആദ്യ ഗെയിമില്‍ തുടരെ എട്ട് പോയന്റ് നേടി 11-8 ന് പ്രണോയ് ലീഡ് ചെയ്‌തെങ്കിലും പിന്നീട് ശക്തമായ പോരാട്ടം നേരിട്ടു. മൂന്ന് ഗെയിം പോയന്റുകള്‍ ഫിന്‍ലന്റുകാരന് ലഭിച്ചതായിരുന്നു. ശാന്തനായി പ്രണോയ് മൂന്ന് ഗെയിം പോയന്റും അതിജീവിച്ചെങ്കിലും പുറത്തേക്കടിച്ച് ഗെയിം സ്വന്തമാക്കാനുള്ള ആദ്യ അവസരം പാഴാക്കി. ബാക്ക്ഹാന്റ് ബ്ലോക്കിലൂടെ മറ്റൊരു ഗെയിം പോയന്റില്‍ കൂടി രക്ഷപ്പെട്ടു. ആ അവസരവും പാഴാക്കിയതോടെ 22-21 ന് കോളിനോണ്‍ മുന്നിലെത്തി. മുന്‍തൂക്കം മുതലാക്കാന്‍ കോളിനോണിന് സാധിച്ചില്ല. മാരകമായ ക്രോസ് കോര്‍ട് സ്മാഷിലൂടെ 24-22 ന് പ്രണോയ് ഗെയിം പോക്കറ്റിലാക്കി. രണ്ടാം ഗെയിമില്‍ 6-5 വരെ ഒപ്പത്തിനൊപ്പം നീങ്ങിയ ശേഷം മലയാളി താരം ആധിപത്യം നേടി.
മിക്‌സഡ് ഡബ്ള്‍സില്‍ രോഹന്‍ കപൂര്‍-സിക്കി റെഡ്ഢി സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. ആഡം ഹാള്‍-ജൂലിയന്‍ മക്‌ഫേഴ്‌സന്‍ സഖ്യത്തോട് അവര്‍ മൂന്നു ഗെയിമില്‍ കീഴടങ്ങി.






