മുംബൈ - പരിക്കില്‍ നിന്ന് കരകയറിയ കെ.എല്‍ രാഹുലിനെയും ശ്രേയസ് അയ്യരെയും ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പെടുത്തി. അയര്‍ലന്റിനെതിരായ ട്വന്റി20 പരമ്പരയില്‍ ഫിറ്റ്‌നസും ഫോമും തെളിയിച്ച പെയ്‌സ്ബൗളര്‍മാരായ ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവരെ തിരിച്ചുവിളിച്ചു. ഇരുപതുകാരനായ ഇടങ്കൈയന്‍ പുതുമുഖ ബാറ്റര്‍ തിലക് വര്‍മക്കും പതിനേഴംഗ ടീമില്‍ അവസരം നല്‍കി. രാഹുല്‍ വിക്കറ്റ് കാക്കുമെന്നിരിക്കെ രണ്ടാം കീപ്പറുടെയും റിസര്‍വ് ഓപണറുടെയും അവസരം ഇശാന്‍ കിഷനാണ് ലഭിച്ചത്. മലയാളി താരം സഞ്ജു സാംസണെ റിസര്‍വായി ടീമിലുള്‍പെടുത്തി. 18 പേരും ഏഷ്യാ കപ്പിനായി ശ്രീലങ്കയിലേക്ക് പോവും. അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയുടെ യോഗത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പങ്കെടുത്തു. രാഹുല്‍ പൂര്‍ണ ഫിറ്റ്‌നസ് നേടിയിട്ടില്ലാത്തതിനാലാണ് സഞ്ജു ടീമിനൊപ്പം പോവുന്നതെന്ന് അഗാര്‍ക്കര്‍ അറിയിച്ചു.
വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ വിശ്രമമനുവദിച്ച മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ടീമിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയായിരിക്കും വൈസ് ക്യാപ്റ്റന്‍. യുസവേന്ദ്ര ചഹലിനെ ഒഴിവാക്കി കുല്‍ദീപ് യാദവിനെ ടീമിലെടുത്തു. ഓള്‍റൗണ്ടര്‍മാരായി ഓഫ്‌സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജദേജ, പെയ്‌സ്ബൗളര്‍ ശാര്‍ദുല്‍ താക്കൂര്‍ എന്നിവരുണ്ട്. ഇതേ ടീമില്‍ നിന്നായിരിക്കും ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ കണ്ടെത്തുകയെന്ന് അഗാര്‍ക്കര്‍ സൂചന നല്‍കി. ഓഫ്‌സ്പിന്നറായി ആര്‍. അശ്വിനെയും വാഷിംഗ്ടണ്‍ സുന്ദറിനെയും പരിഗണിച്ചെങ്കിലും ഉള്‍പെടുത്താനായില്ലെന്ന് അഗാര്‍ക്കര്‍ പറഞ്ഞു.
ഏഷ്യാ കപ്പ് ഈ മാസം 30 നാണ് ആരംഭിക്കുന്നത്. സെപ്റ്റംപബര്‍ രണ്ടിന് പള്ളിക്കലെയില്‍ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി. നേപ്പാളാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് ഗ്രൂപ്പ് ബി-യില്‍. രണ്ട് ഗ്രൂപ്പില്‍ നിന്നും രണ്ടു വീതം ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറും. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് ടീമുകള്‍ സെപ്റ്റംബര്‍ 17 ന് ഫൈനലില്‍ ഏറ്റുമുട്ടും.
ടീം: രോഹിത് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ്, രാഹുല്‍, ഹാര്‍ദിക് (വൈസ് ക്യാപ്റ്റന്‍), ജദേജ, ബുംറ, കുല്‍ദീപ്, സിറാജ്, ഷമി, ഇശാന്‍, ശാര്‍ദുല്‍, അക്ഷര്‍, സൂര്യകുമാര്‍ യാദവ്, തിലക്, പ്രസിദ്ധ്. റിസര്‍വ്: സഞ്ജു.






