അയര്‍ലന്റില്‍ തിളങ്ങി ബുംറയും പ്രസിദ്ധും ലോകകപ്പിലേക്ക്

ഡബഌന്‍ - അയര്‍ലന്റിനെതിരായ ട്വന്റി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിലും ഏഷ്യാ കപ്പ് ടീമിലുമെത്താന്‍ സാധ്യതയുയര്‍ത്തി. ദീര്‍ഘകാലത്തെ പരിക്കിനു ശേഷം അയര്‍ന്റിനെതിരെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരുവരും രണ്ടു വീതം വിക്കറ്റെടുത്തു. 33 റണ്‍സ് ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യയുടെ അഞ്ചിന് 185 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയ ടീമിന് എട്ടിന് 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓപണര്‍ ആന്‍ഡി ബാല്‍ബിര്‍നി (51 പന്തില്‍ 72) പൊരുതിയെങ്കിലും കാര്യമായ പിന്തുണ കിട്ടിയില്ല. ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിംഗ് (0), ലോര്‍ക്കാന്‍ ടക്കര്‍ (0), ഹാരി ടെക്റ്റര്‍ (7), കേടിസ് കാംഫര്‍ (18), ജോര്‍ജ് ഡോക്കറല്‍ (13) എന്നിങ്ങനെയായിരുന്നു മറ്റു മുന്‍നിര ബാറ്റര്‍മാരുടെ സംഭാവന. പതിനഞ്ചോവറില്‍ അഞ്ചിന് 115 ലേക്ക് തകര്‍ന്നപ്പോഴും അയര്‍ലന്റിന് പ്രതീക്ഷയുണ്ടായിരുന്നു. ബുംറയും (4-1-15-2) പ്രസിദ്ധും (4-0-29-2) രവി ബിഷ്‌ണോയിയും (4-0-37-2) അര്‍ഷദീപ് സിംഗും (4-0-29-1) വിക്കറ്റ് പങ്കുവെച്ചു. 
ഋതുരാജ് ഗെയ്കവാദും (43 പന്തില്‍ 58) സഞ്ജു സാംസണും (26 പന്തില്‍ 40) അടിത്തറയിട്ടതോടെ ഇന്ത്യ അഞ്ചിന് 185 റണ്‍സെടുത്തു. അവസാന രണ്ടോവറില്‍ റിങ്കു സിംഗും (21 പന്തില്‍ 38) ശിവം ദൂബെയും (16 പന്തില്‍ 22 നോട്ടൗട്ട്) 42 റണ്‍സ് ചേര്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചു. പതിനഞ്ചോവറില്‍ മൂന്നിന് 129 ആയിരുന്നു സ്‌കോര്‍. 
ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ തിലക് വര്‍മ ഈ മത്സരത്തില്‍ രണ്ടാമത്തെ പന്തില്‍ പുറത്തായി. ഗെയ്കവാദും സഞ്ജുവും തുടരെ പുറത്തായതോടെ ഇന്ത്യ മുടന്തിയതായിരുന്നു. റിങ്കു സിംഗ് താളം കണ്ടെത്താന്‍ അല്‍പം സമയമെടുത്തു. ആദ്യ മത്സരം ഇന്ത്യയാണ് ജയിച്ചത്. 

Latest News