ലൈല്‍സ് സ്പ്രിന്റ് കിംഗ്, ജോഷ്വ ദീര്‍ഘദൂര ചാമ്പ്യന്‍

ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്ററില്‍ അമേരിക്കയുടെ നൂഹ് ലൈല്‍സ് ചാമ്പ്യനായി. തുര്‍ച്ചയായി മൂന്നാം തവണയും 200 മീ. ചാമ്പ്യനായി സ്പ്രിന്റ് ഡബ്ള്‍ തികക്കുകയാണ് ഇരുപത്താറുകാരന്റെ അടുത്ത ലക്ഷ്യം. ഉഗാണ്ടയുടെ ജോഷ്വ ചെപ്‌റ്റേഗി മൂന്നാം തവണയും 10,000 മീറ്ററില്‍ സ്വര്‍ണം നേടി. 
9.83 സെക്കന്റില്‍ പറന്നെത്തിയാണ് നൂഹ് ലോക ചാമ്പ്യന്‍ഷിപ്പിലെ ഫാസ്റ്റസ്റ്റായത്. ലോക മീറ്റിലെ ഏറ്റവും ജനപ്രിയ ഇനം കാണാന്‍ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനുമുണ്ടായിരുന്നു. നിലവിലെ ചാമ്പ്യന്‍ ഫ്രെഡ് കിര്‍ലിയും ഒളിംപിക് ചാമ്പ്യന്‍ മാഴ്‌സെല്‍ ജേക്കബ്‌സും ഫൈനലിലെത്തിയിരുന്നില്ല. ബോട്‌സ്വാനയുടെ ലെറ്റ്‌സിലെ ടെബോഗൊ വെള്ളിയും (9.88 സെ.) ബ്രിട്ടന്റെ ഷാര്‍നല്‍ ഹ്യൂസ് (9.88 സെ.) ഫോട്ടോ ഫിനിഷില്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കി. 2019 ലെ ലോക ചാമ്പ്യന്‍ ക്രിസ്റ്റ്യന്‍ കോള്‍മാന്‍, ജമൈക്കയുടെ ഒബഌക് സെവില്‍ എന്നിവരും 10 സെക്കന്റില്‍ താഴെ ഓടി.
തുടര്‍ച്ചയായി മൂന്നു തവണ 10,000 മീറ്ററില്‍ ലോക ചാമ്പ്യനാവുന്ന നാലാമത്തെ അത്‌ലറ്റാണ് ചെപ്‌റ്റേഗി. കാനഡയുടെ എതാന്‍ കാറ്റ്‌സ്ബര്‍ഗ് ഹാമര്‍ത്രോയില്‍ ഒന്നാമനായി. ഹാമറില്‍ പോളണ്ടിന്റെ പാവല്‍ ഫായ്‌ദെക് ആറാം സ്വര്‍ണമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ നാലാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ഒളിംപിക്‌സില്‍ മൂന്നു തവണ മത്സരിച്ചപ്പോഴും പോളണ്ടുകാരന് വെങ്കലത്തിനപ്പുറം മുന്നേറാന്‍ സാധിച്ചിട്ടില്ല. പോളണ്ടിന്റെ തന്നെ വോയ്‌സിയേഷ് നോവിക്കിക്കാണ് വെള്ളി.
ഹംഗറിയുടെ ബെന്‍സ് ഹാലാസ് വെങ്കലം നേടി. വനിതകളുടെ ലോംഗ്ജമ്പില്‍ സെര്‍ബിയയുടെ ഇവാന വുലേറ്റക്കാണ് സ്വര്‍ണം. 
100 മീറ്ററില്‍ സ്വര്‍ണം നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ച കിര്‍ലി 10.02 സെക്കന്റില്‍ തന്റെ സെമി ഹീറ്റ്‌സില്‍ മൂന്നാമതായി. മൂന്ന് ഹീറ്റ്‌സിലെയും ആദ്യ രണ്ടു സ്ഥാനക്കാരും മറ്റു രണ്ട് ഫാസ്റ്റസ്റ്റ് ഫിനിഷര്‍മാരുമാണ് ഫൈനലിലേക്ക് മുന്നേറിയത്. 
സെമിയിലെ മികച്ച സമയം നൂഹ് ലെയ്ല്‍സിന്റേതായിരുന്നു-9.87 സെക്കന്റ്.  
വനിതാ വിഭാഗത്തില്‍ ഷാഖരി റിച്ചാഡ്‌സനും മേരി ജോസി ടാ ലൂ, ഷെറിഖ ജാക്‌സന്‍, നിലവിലെ ചാമ്പ്യന്‍ ഷെല്ലി ആന്‍ ഫ്രെയ്‌സര്‍ പ്രൈസ് എന്നിവര്‍ ഫൈനലിലെത്തി. 
വനിതകളുടെ 20 കി.മീ നടത്തത്തില്‍ സ്‌പെയിനിന്റെ മരിയ പെരസ് സ്വര്‍ണം നേടി. 

Latest News