ബുഡാപെസ്റ്റ് - ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്ററില്‍ പുതിയ ചാമ്പ്യനുണ്ടാവും. അമേരിക്കയുടെ ഫ്രെഡ് കിര്‍ലി ഹീറ്റ്സില്‍ പുറത്തായി. സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിച്ച കിര്‍ലി 10.02 സെക്കന്റില്‍ തന്റെ ഹീറ്റ്സില്‍ മൂന്നാമതായി. മൂന്ന് ഹീറ്റ്സിലെയും ആദ്യ രണ്ടു സ്ഥാനക്കാരും മറ്റു രണ്ട് ഫാസ്റ്റസ്റ്റ് ഫിനിഷര്മാരുമാണ് ഫൈനലിലേക്ക് മുന്നേറിയത്.
സെമിയിലെ മികച്ച സമയം നൂഹ് ലെയ്ല്സിന്റേതാണ് -9.87 സെക്കന്റ്. 2019 ലെ ലോക ചാമ്പ്യന്‍ ക്രിസ്റ്റ്യന്‍ കോള്മാന് 9.88 സെക്കന്റില്‍ ഫിനിഷ് ചെയ്തു. ജമൈക്കയുടെ ഒബഌക് സെവില്‍, ബ്രിട്ടന്റെ ഷാര്നല് ഹ്യൂസ് എന്നിവരും 10 സെക്കന്റില്‍ താഴെ ഓടി ഫൈനലില്‍ സ്ഥാനം പിടിച്ചു.
വനിതാ വിഭാഗത്തില്‍ ഷാഖരി റിച്ചാഡ്സനും മേരി ജോസി ടാ ലൂ, ഷെറിഖ ജാക്സന്, നിലവിലെ ചാമ്പ്യന്‍ ഷെല്ലി ആന്‍ ഫ്രെയ്സര്‍ പ്രൈസ് എന്നിവര്‍ ഫൈനലിലെത്തി.
വനിതകളുടെ 20 കി.മീ നടത്തത്തില്‍ സ്പെയിനിന്റെ മരിയ പെരസ് സ്വര്‍ണം നേടി. വനിതാ ലോംഗ്ജമ്പ്, പുരുഷന്മാരുടെ 100 മീറ്റര്‍, ഹെപ്റ്റാത്തലണ്‍, പുരുഷ ഹാമര്‍ ത്രോ എന്നിവയില്‍ ഇന്ന് സ്വര്‍ണം നിര്‍ണയിക്കപ്പെടും. ഹാമറില്‍ പോളണ്ടിന്റെ പാവല്‍ ഫായ്ദെക് ആറാം സ്വര്‍ണമാണ് ലക്ഷ്യമിടുന്നത്. ഒളിംപിക്സില്‍ മൂന്നു തവണ മത്സരിച്ചപ്പോഴും പോളണ്ടുകാരന് വെങ്കലത്തിനപ്പുറം മുന്നേറാന്‍ സാധിച്ചിട്ടില്ല.






