നോവലിസ്റ്റും യാത്രാവിവരണമെഴുത്തുകാരനും പരിഭാഷകനും തുടങ്ങി നിരവധി രംഗത്ത് ഒരു പോലെ പ്രവർത്തിക്കുന്ന രാധാകൃഷ്ണൻ ചെറുവല്ലിയുടെ പുതിയ പുസ്തകമാണ് എക്‌ല ചലോ രേ....ബംഗാളിലൂടെ അദ്ദേഹം നടത്തിയ യാത്രാനുഭവങ്ങളാണിതിലുള്ളത്. പലതവണ അദ്ദേഹം ബംഗാളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ബംഗാളിന്റെ പ്രകൃതിയും മാറുന്ന മുഖച്ഛായയും അദ്ദേഹം ഒരു നോവൽപോലെ ഇതിൽ വരച്ചിടുന്നു.
ബംഗാളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു യാത്രികന്റെ ചങ്കിലേക്ക് വന്നുവീഴുന്ന കനലുകളാണ് വിഭജനത്തിന്റെ വേർപാടുകളും വേദനകളും. വിട്ടുപോന്ന ഇടത്തെപറ്റിയുള്ള വിങ്ങുന്ന ഓർമ്മകൾപലരുടെയും രാത്രികളെ ഇപ്പോഴും അസ്വസ്ഥമാക്കുന്നുണ്ടെന്ന് ഉദാഹരണസഹിതം അദ്ദേഹം നമുക്ക് ചൂണ്ടിക്കാട്ടിതരുന്നു.മാറിമറിയുന്ന ബംഗാൾ യാഥാർത്ഥ്യങ്ങളെ അടുത്തറിയാൻ ഒരു യാത്രികൻ നടത്തിയശ്രമങ്ങളാണ് എക്‌ല ചലോ രേയെന്ന് പറയാം.
യാത്രാവിവരണ പുസ്തകങ്ങൾ മലയാളത്തിൽ കൂടുതലായുണ്ടാകുന്നുണ്ട്. പലതും വീട്ടിൽനിന്ന് യാത്ര തിരിക്കുന്നതുമുതലുള്ള കാഴ്ചകൾ വെറുതെ രേഖപ്പെടുത്തിവയ്ക്കുന്നവയാണ്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി വംഗദേശത്തിന്റെ ഭൂതവും വർത്തമാനവും ഭാവിയെക്കുറിച്ചുള്ള ആകുലതകളും രാധാകൃഷ്ണൻ ഇതിൽ പങ്കുവയ്ക്കുന്നു. ഇടതുപക്ഷരാഷ്ട്രിയം മുറുകെപിടിക്കുന്ന രാധാകൃഷ്ണൻ ചെറുവല്ലി ബംഗാളിൽ സംഭവിച്ച രാഷ്ട്രിയ മാറ്റത്തിന് പിന്നിലെ കാരണങ്ങളിലേക്കുള്ള ചില സൂചനകളും നൽകുന്നു.
രാധാകൃഷ്ണൻചെറുവല്ലി എഴുതുന്നു'സ്‌പോർട്‌സ് ക്ലബ്ബുകൾ പ്രധാനമാണിവിടെ.അതിന്റെ നിയന്ത്രണം ഏറെക്കുറെ കൈക്കരുത്തുള്ളവരിലായിരുന്നു. ആ ക്ലബ്ബുകളുടെ പ്രവർത്തകർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ജനപ്രതിനിധികളായി എത്തപ്പെട്ടു.അവരെ വേണ്ടവിധത്തിൽ നിയന്ത്രിക്കാൻ ഇടതുമുന്നണിക്കായില്ല. മുന്നണിക്കുപുറത്തുള്ള അധികാരകേന്ദ്രമായും കൈകരുത്തിന്റെ പര്യായമായും അവർ വളർന്നു.ഇടതുപക്ഷഭരണം തകർന്നപ്പോൾ അക്കൂട്ടർ തൃണമൂലിലേക്ക് പോയി. ഈ ക്ലബ്ബുകൾക്ക് ബംഗാൾ രാഷ്ട്രിയത്തിലുള്ള സ്വാധീനം കണക്കിലെടുത്താണ് മമതസർക്കാർ ക്ലബ്ബ് ഒന്നിന് ഒന്നും രണ്ടുംലക്ഷം രൂപവീതം ഗ്രാന്റ് നൽകിയത്. ക്ലബ്ബുകൾ കൈയ്യടക്കാൻ ബി.ജെ.പി.കൊണ്ടുപിടിച്ചുശ്രമിക്കുകയാണ്. പലപ്പോഴും അത് ബി.ജെ.പി-തൃണമൂൽ സംഘട്ടനങ്ങളായിമാറുന്നുണ്ട്.'
ഒരു കാലത്ത് ഇടതുപക്ഷഭരണത്തിന്റെ ഗുണ്ടാസംഘമായി പ്രവർത്തിച്ചവർ രാഷ്ട്രിയ സാഹചര്യം മാറിയപ്പോൾ തൃണമൂലിനൊപ്പമായി. തൃണമൂൽ തകരുമ്പോൾ ബി.ജെ.പിക്കൊപ്പമാകും ഗുണ്ടകൾ. മുമ്പിവർ കോൺഗ്രസിനൊപ്പമായിരുന്നിരിക്കാം. എപ്പോഴും അധികാരത്തിന്റെ തണലിൽ തഴച്ചുവളരുന്ന ഇത്തരത്തിലുള്ള ക്രിമിലുകളെ രാഷ്ട്രിയം നോക്കാതെ അടിച്ചമർത്തുകയെന്നതാണ് ഭരണകൂടങ്ങൾ ചെയ്യേണ്ടത്. എന്നാൽ ഭരണകൂടങ്ങൾക്ക് തങ്ങളെ ആവശ്യമുണ്ടെന്ന് മറ്റാരെക്കാളും നന്നായി അറിയുന്നത് ഗുണ്ടകൾക്കാണ്. ബംഗാളിൽ നടന്നത് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും നടക്കുന്നുണ്ട്.
മമതയുടെ തൃണമൂൽ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് ബംഗാളിരാഷ്ട്രിയം ചുവട് മാറ്റുമോയെന്ന ആശങ്ക ഈ കൃതിയുടെ പലഭാഗത്തും ഇതുപോലെ അദ്ദേഹം പങ്കുവയ്ക്കുന്നതുകാണാം.
ബംഗാളിലെ സുന്ദർവനങ്ങളെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ബ്രിട്ടീഷ് ഭാരണകാലത്ത് ഇന്ത്യയുടെ പ്രകൃതിസമ്പത്ത് വലിയതോതിലവർ കൊള്ളചെയ്തുകൊണ്ടുപോയി. ഇതിനായി തുറമുഖങ്ങളും തീവണ്ടിപ്പാതകളും അവരുണ്ടാക്കി. ഇങ്ങനെ കാനിങ് പ്രഭുവിന്റെ കാലത്ത് മഡല നദിക്കരിയിലുണ്ടാക്കാനായി ശ്രമിച്ചതുറമുഖത്തിന്റെ നാശകാരണത്തെക്കുറിച്ച് രാധാകൃഷ്ണൻചെറുവല്ലി നമുക്ക് ചൂണ്ടിക്കാട്ടിതരുന്നു. കാനിങ് പ്രഭു സിങ്കപ്പൂരിനെ വെല്ലുന്ന ഒരു തുറമുഖം നിർമ്മിക്കാൻ ഹെന്റി പാഡിങ്ടൺ എന്ന വിദഗ്ധനെ ചുമതലപ്പെടുത്തുന്നു. എന്നാൽ കണ്ടൽക്കാടുകൾ മുഴുവൻ വെട്ടിമാറ്റി നിർമ്മിക്കുന്ന തുറമുഖത്തിന് ദീർഘായുസ്സുണ്ടാകില്ലെന്ന് ഹെന്റി പാഡിങ്ടൺ മുന്നറിയിപ്പ് നൽകുന്നു. കണ്ടൽക്കാടുകളുടെ പരിസ്ഥിതി പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കിക്കൊടുത്തു. എന്നാൽ അധികാരഗർവ്വോടെ അതൊക്കെ കാനിങ് പ്രഭു തള്ളിക്കളഞ്ഞു, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ലക്ഷ്യം ഇവിടുത്തെ പ്രകൃതിവിഭവങ്ങൾ കടത്തിക്കൊണ്ടുപോകുകയെന്നതുമാത്രമാണല്ലോ, തുറമുഖ നിർമ്മാണം മുന്നോട്ട് പോയി. ഇതിനിടയിൽ 1867ൽ മഡല നദി പ്രളയത്തിൽമുങ്ങി. പ്രളയജലത്തിൽ അതുവരെ ബ്രിട്ടീഷുകാർ കെട്ടിപ്പൊക്കിയതൊക്കെ തകർത്തുതരിപ്പണമാക്കി. ഇതോടെ തുറമുഖ പദ്ധതിതന്നെ ബ്രിട്ടീഷ് സർക്കാരിന് ഉപേക്ഷിക്കേണ്ടതായിവന്നു.
ഈ സംഭവം പ്രകൃതിയെ പരിഗണിക്കാതെയുള്ള വികസനവാദികൾക്ക് എക്കാലത്തുമൊരു താക്കീതായിരിക്കുമെന്ന് സംശയമില്ല. ചെറുവല്ലി ഇതേക്കുറിച്ചെഴുതി അവസാനിപ്പിക്കുന്നതിങ്ങനെയാണ്: 'സിങ്കപ്പൂർ തുറമുഖത്തെവെല്ലുവിളിക്കാനായി വിഴിഞ്ഞത്തു നിർമ്മിക്കുന്ന തുറമുഖത്തിന്റെ കാര്യംവെറുതെ ഓർത്തുപോയി' ഇങ്ങനെ ബംഗാളിലൂടെയാണ് സഞ്ചാരമെങ്കിലും കേരളത്തേയും ചേർത്തുപിടിച്ച് ചിന്തിക്കുന്നുവെന്നതാണ് ഈ പുസ്തകത്തെ വേറിട്ടുനിർത്തുന്നത്.
എക്‌ല ചലോ രേ
ബംഗാൾ യാത്രകളുടെ പുസ്തകം.
രാധാകൃഷ്ണൻ ചെറുവല്ലി
ചിന്ത പബ്ലിഷേഴ്‌സ്
വില: 330 രൂപ






