ജീവിതാനുഭവങ്ങളെ ഭാവനയുമായി ഇടകലർത്തിയെഴുതുമ്പോഴുണ്ടാകുന്ന ക്ലിഷ്ടത, ഈ സമാഹാരത്തിൽ ഒരിടത്തുമില്ല. വായന സുഗമമായി മുന്നോട്ടു പോകുമ്പോഴും ചിലപ്പോൾ ചില നിമിഷങ്ങളിലേക്ക്, അനുഭവങ്ങളിലേക്ക് ഒരിക്കൽക്കൂടി പിൻവിളി നടത്തിക്കുന്നതാണ് ഈ രചനകളത്രയും. അത് കൊണ്ടുതന്നെ പരിണതപ്രജ്ഞരായ കഥയെഴുത്തുകാരുടെ കൂട്ടത്തിൽ അനിൽ നാരായണയും ഇടം നേടിയിരിക്കുന്നുവെന്ന് പറയാതിരിക്കാനാവില്ല. ജീവിതത്തിന്റെ സൗന്ദര്യാംശങ്ങളെ, തികഞ്ഞ അകക്കാഴ്ചയോടെ ആവിഷ്‌കരിക്കുന്ന കഥകൾ രാശികളായി തെളിഞ്ഞും ചിലപ്പോൾ മറഞ്ഞും തോന്നിപ്പിക്കുന്ന അനർഘമുഹൂർത്തങ്ങളുടെ വായനാനുഭവം സമ്മാനിക്കുന്നു ഒരു സ്ത്രീയും ഒരു പരപുരുഷനും.
സൗദിയിൽ പ്രവാസിയായ അനിൽ നാരായണയുടെ ആദ്യപുസ്തകമാണ് മാക്‌സ് ബുക്‌സ് പ്രസാധനം നിർവഹിച്ച 'ഒരു സ്ത്രീയും (ഒരു) പരപുരുഷനും'. രചനയുടെ ക്രാഫ്റ്റ് തനിക്ക് അനായാസം വഴങ്ങുമെന്ന് ഈ എഴുത്തുകാരൻ തന്റെ പതിമൂന്ന് കഥകളുടെ ഈ സമാഹാരത്തിൽ അടിവരയിടുന്നുവെന്ന് ഓരോ കഥകളിലൂടെയും കടന്നുപോകുമ്പോൾ വായനക്കാരന് അനുഭവവേദ്യമാകും. കൃതഹസ്തനായ ഒരു കഥാകൃത്തിന്റെ കൈയടക്കം എല്ലാ കഥകളിലുമുണ്ട്.
അനിൽ നാരായണ എഴുതുന്നു: അധികമൊന്നും എഴുതിയിട്ടില്ല. എഴുതാതെ പോയതാണേറെ. എഴുതിയവയിൽ മിക്കതും അച്ചടിമഷി പുരണ്ടില്ല. ആദ്യവായനക്കാരന്റെ കണ്ണിലെ തിളക്കമാണ് അച്ചടിച്ച അക്ഷരത്തെക്കാൾ ഞാനിഷ്ടപ്പെട്ടത്. അക്ഷരങ്ങളെ സ്‌നേഹിച്ച് ഈ യാത്ര തുടങ്ങിയിട്ട് നാളേറെയായി. ഈ യാത്രയിൽ ചില കഥാപാത്രങ്ങൾ തുടക്കത്തിലേ എന്നോടൊപ്പം കൂടിയവരാണ്. ചിലരൊക്കെ ഇടയ്ക്ക് വന്നുചേർന്നു. അവർ പറഞ്ഞുതന്ന കഥകൾ കേട്ടാണ് ഞാൻ നടന്നത്. അതിൽ ചിലതെല്ലാം എനിക്ക് പ്രിയപ്പെട്ടതായി. എനിക്കേറെയിഷ്ടം പ്രണയകഥകളായിരുന്നു. ചിലപ്പോൾ തോന്നും പ്രണയം ഒരു മഴയായി എന്നിലേക്ക് പെയ്തിറങ്ങുകയായിരുന്നുവെന്ന്. ചില രാത്രികളിൽ ഞാൻ ആ പ്രണയത്തെ പുണർന്നുറങ്ങി. മഴ പുഴയെ പ്രണയിക്കുന്നത് കാണാൻ പുഴയോരത്തിലൂടെ നടന്നു. മഴ തീരുമ്പോൾ ഇളകിമറിയുന്ന പുഴയിൽ വേർപാടിന്റെ സങ്കടം കണ്ടെന്റെ കണ്ണ് നിറഞ്ഞു....
ഈ സമാഹാരത്തിലെ ആദ്യകഥ കടൽനഗരം പ്രതീകാത്മകമായ കുറെ സ്‌കെച്ചുകൾ വരച്ചിടുന്നുണ്ട്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു നഗരം വേരുകളില്ലാത്ത, ആരോടും ഒന്നിനോടും ബന്ധമില്ലാത്ത, ഒഴുക്കിനൊത്ത് ചലിക്കുന്ന ഒന്ന് മാത്രമാണ്. കപ്പിത്താനില്ലാത്ത, തീരത്തടുക്കാത്ത, കടൽ മാത്രം കണ്ട് കഴിയേണ്ടി വരുന്ന വേരറ്റ കടൽനഗരത്തിലെ ജീവിതമാണോ അതോ ചുട്ടുപൊള്ളുന്ന മണൽപ്പാടങ്ങളും വരൾച്ചക്കാറ്റും മാത്രമുള്ള മരുഭൂ ജീവിതമാണോ തമ്മിൽ ഭേദമെന്ന് തർക്കിക്കുന്ന കഥാപാത്രങ്ങൾ ..ചതിയുടേയും കണ്ണീരിന്റേയും ചോരയുടേയും മരണത്തിന്റേയും, ഇടയ്ക്ക് മഴക്കാറ് നീങ്ങിത്തെളിയുന്ന പകൽവെളിച്ചം പോലെ ചില സന്തോഷങ്ങളുടേയും കഥകളല്ലേ, അല്ലെങ്കിൽതന്നെ എല്ലാ കഥകളും എല്ലാ ജീവിതങ്ങളുമെന്ന് ഈ കൃതിയുടെ അവതാരികയിൽ ഡോ. പ്രമീളാ ദേവി ചോദിക്കുന്നുണ്ട്. ജീവിതത്തിന്റെ രാശിചക്രങ്ങളെക്കുറിച്ചുള്ള ആധി പല കഥകളുടേയും ജാതകം മാറ്റിയെഴുതുന്നുണ്ട്, ഇവിടെ. നക്ഷത്രപ്പിറവികളുടെ ധന്യത നേടുന്ന കഥകളാകട്ടെ അനിലിന്റേത് എന്നും അവർ പറയുന്നുണ്ട്. ഓരോ വാക്കും നക്ഷത്രം തന്നെയാകുമ്പോഴാണ് എഴുത്തുകാരൻ കാലത്തേയും കടന്ന് മുന്നോട്ടു പോകുന്നത്. അനിൽ നാരായണയുടെ പല കഥകളിലേയും ബിംബകൽപനകൾ അത്തരത്തിൽ നക്ഷത്രത്തിളക്കമേറ്റി നിൽപുണ്ട്.
ഒരു പുതിയ പുഴ ഇവിടെ തുടങ്ങുന്നു. ടെന്റിന്റെ കാലുകൾ അനങ്ങിത്തുടങ്ങി. എന്നും കൊതിച്ച ജലയാത്രയുടെ ആരംഭമാണ്. പതുക്കെയാണ് ടെന്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്. യാത്രാരംഭം കുറിച്ചുകൊണ്ട് ഒരു ഇടി വെട്ടി. അകലെ, പൊട്ടിയ കണ്ണാടിച്ചില്ലിനിടയിലൂടെ വെളിച്ചം അവിനാഷിന്റെ മുഖത്തേക്ക് അടിച്ചു.. പറ്റില്ല. മുറിച്ചുകളയാൻ പറ്റാത്ത ബന്ധങ്ങൾ ഈ മരുഭൂമിയിലുപേക്ഷിച്ച് ഞാനെവിടെപ്പോകാൻ ( കഥ: കടൽനഗരം).
ഏറെക്കാലമായി ജീവിക്കുന്ന മരുഭൂമിയുടെ ജൈവികതയുമായുള്ള നാഭിനാളബന്ധം അത്ര പെട്ടെന്നൊന്നും മുറിച്ചുകളയാനാകുന്നില്ല, കഥാകാരന്. വെള്ളം ഒരു പുഴ പോലെ ഒഴുകി വരുന്നുവെന്ന വാങ്മയം, മരുഭൂമിയുടെ വറ്റാത്ത കാരുണ്യത്തിന്റെ തെളിനീർ പ്രവാഹവുമായി നമുക്ക് വായിച്ചെടുക്കാനാവും.
കഥ തീരുമ്പോൾ, കൊറോണക്കാലത്തെ പ്രണയം (ഗബ്രിയേൽ ഗാർഷ്യ മർക്കേസിന്റെ കോളറക്കാലത്തെ പ്രണയത്തിന്റെ ഓർമകളിലേക്ക് വേണമെങ്കിൽ പിൻതിരിയാം), ദിവസക്കൂലിക്ക് ഒരു ഭാര്യ, ഒരു വടക്കൻ വീരഗാഥ, നാലു വരകൾക്കുള്ളിലെ സൗഹൃദം, പാലുണ്ണി, മരുഭൂമികൾ ഇല്ലാതെയാകുന്നതും, സത്യവാനും സാവിത്രിയും പിന്നെ നിങ്ങളും, ലോക്ഡൗൺ, വൈവാഹികം, മരുഭൂമിയിൽ ഒരു കുട്ടി എന്നീ കഥകളിലെല്ലാം ജീവിതത്തിന്റെ സചേതനമായ സ്പന്ദനങ്ങളുണ്ട്. ഒരു എഴുത്തുകാരന്റെ കന്നിപുസ്തകത്തിന് കിട്ടാവുന്ന ഏറ്റവും വലിയ അക്ഷരസുകൃതത്തിന്റെ അമൃതഗംഗയാണ് ഈ കഥകളിലത്രയും ഒഴുകുന്നത്. രണ്ടാമതും നമ്മെ വായിപ്പിക്കുന്നതാണ് ഇതിലെ ചില കഥകൾ.
കടൽനഗരം, ഒരു സ്ത്രീയും (ഒരു) പരപുരുഷനും, കഥ തീരുമ്പോൾ, കൊറോണക്കാലത്തെ പ്രണയം, ദിവസക്കൂലിക്ക് ഒരു ഭാര്യ, ഒരു വടക്കൻ വീരഗാഥ, നാലു വരകൾക്കുള്ളിലെ സൗഹൃദം, പാലുണ്ണി, മരുഭൂമികൾ ഇല്ലാതെയാകുന്നതും, സത്യവാനും സാവിത്രിയും പിന്നെ നിങ്ങളും, ലോക് ഡൗൺ, വൈവാഹികം, മരുഭൂമിയിൽ ഒരു കുട്ടി എന്നീ കഥകളിലെല്ലാം വേരോടി നിൽക്കുന്നത് വ്യത്യസ്തമായ പ്രമേയങ്ങൾ എന്ന പോലെ വ്യത്യസ്തമായ രചനാരീതിയുമാണ്. മരുഭൂമിയുമായി ബന്ധപ്പെട്ട ശീർഷകങ്ങളിലെ രണ്ടു കഥകളിലും പ്രവാസവുമായി ബന്ധപ്പെട്ട ചില ജൈവികചിത്രങ്ങളും ആതുരതകളും ഉൾച്ചേർന്നിട്ടുണ്ട്.
കൈവീശി അവൾ യാത്രയാകുമ്പോൾ ആ സ്വർണത്തലമുടിക്കാരി പാവ ചിരിച്ചുതുടങ്ങിയിരുന്നു. അയാളുടെ കവിളുകളിൽ ചോക്‌ലേറ്റിന്റെ മധുരം നിറഞ്ഞുനിന്നു. പിന്നെ എങ്ങുനിന്നോ ഒരു മഴ പെയ്തു. ആ മഴയിൽ അയാൾക്ക് മുന്നിലെ മരുഭൂമിയിൽ ഒരു ചെടി മുളച്ചു. അങ്ങനെ ഒരായിരം...മരുഭൂമി ഇല്ലാതെയാവുകയായിരുന്നു..( കഥ: മരുഭൂമികൾ ഇല്ലാതെയാകുന്നതും..).
മരുഭൂമിക്ക് പകരം മരുപ്പച്ച അഥവാ ജീവിതത്തിന്റെ ഊഷരതയിൽ നിന്ന് പുതിയൊരു ഉർവരതയെന്ന പ്രത്യാശയുടെ ഒരു ഇമേജ് കഥാകാരൻ ഇവിടെ ഉദ്ദേശിക്കുന്നുണ്ടോ എന്നും വായനക്കാർക്ക് സന്ദേഹിക്കാവുന്നതാണ്. ഇതേ കഥയിൽ പറയുന്ന സ്വർണത്തലമുടിക്കാരിയുടെ മുഖമുയർത്തിയ ഉന്മഷം, മുകളിലത്തെ മുറിയിൽ സ്ത്രീശരീരങ്ങൾക്കിടയിലേക്ക് അയാൾ എത്തിയത്... തുടങ്ങിയ കൽപനകളിലും ജീവിതാസക്തിയുടെ നിറക്കൂട്ടുകളുണ്ട്.
പ്രവാസം സമ്മാനിച്ച വിഭ്രാന്തികളുടെ ആത്മാവിഷ്‌കാരം കൂടി ചില കഥകളിലുണ്ട്. മരുഭൂമിയിൽ ഒരു കുട്ടി എന്ന കഥയിൽ കഥാകൃത്ത് കുട്ടിക്കാലത്ത് കണ്ട പട്ടിണിക്കാലവും ചില നാട്ടോർമ്മകളും ഇതൾ വിടർത്തുന്നു. അനിൽ നാരായണയുടെ പല കഥകളിലും മഴയുടെ മന്ദ്രസ്ഥായിയിലുള്ള ചില താളങ്ങൾ ആസ്വദിക്കാനാവും. അവ പലപ്പോഴും പ്രവാസി തേടിക്കൊണ്ടിരിക്കുന്ന പച്ചപ്പിന്റെ അനുഭവ ചിത്രങ്ങളായി മാറുന്നു. മരുഭൂമിയിലെ മഴ, പലപ്പോഴും പ്രവാസിയുടെ നൊസ്റ്റാൾജിയയാണെന്ന് അതനുഭവിച്ച എഴുത്തുകാരന് നല്ല ബോധ്യവുമുണ്ട്.
വൈവാഹികം എന്ന കഥയിൽ ഭ്രമാത്മകമായ ദാമ്പത്യം നയിക്കുന്ന അച്യുതൻകുട്ടിയെയാണ് അവതരിപ്പിക്കുന്നത്. വായനക്കാരൻ ചിലപ്പോൾ സ്വയം അച്യുതൻകുട്ടിയായി മാറുന്ന അനുഭവം. ഫാന്റസി ബോധപൂർവം ഇവിടെ കൊണ്ടുവരുന്നതല്ല, അങ്ങനെ ആയിത്തീരുന്ന ഒരു സ്വയംഭൂ അനുഭവം. ഇവിടെ കഥാകൃത്തിന്റെ ആത്മചോദന പൂർണമായ അർഥത്തിലും പ്രകടിതമാകുന്നുണ്ട്.
ജീവിതാനുഭവങ്ങളെ ഭാവനയുമായി ഇടകലർത്തിയെഴുതുമ്പോഴുണ്ടാകുന്ന ക്ലിഷ്ടത, ഈ സമാഹാരത്തിൽ ഒരിടത്തുമില്ല. വായന സുഗമമായി മുന്നോട്ടു പോകുമ്പോഴും ചിലപ്പോൾ ചില നിമിഷങ്ങളിലേക്ക്, അനുഭവങ്ങളിലേക്ക് ഒരിക്കൽക്കൂടി പിൻവിളി നടത്തിക്കുന്നതാണ് ഈ രചനകളത്രയും. അത് കൊണ്ടുതന്നെ പരിണതപ്രജ്ഞരായ കഥയെഴുത്തുകാരുടെ കൂട്ടത്തിൽ അനിൽ നാരായണയും ഇടം നേടിയിരിക്കുന്നുവെന്ന് പറയാതിരിക്കാനാവില്ല. ജീവിതത്തിന്റെ സൗന്ദര്യാംശങ്ങളെ, തികഞ്ഞ അകക്കാഴ്ചയോടെ ആവിഷ്‌കരിക്കുന്ന കഥകൾ രാശികളായി തെളിഞ്ഞും ചിലപ്പോൾ മറഞ്ഞും തോന്നിപ്പിക്കുന്ന അനർഘമുഹൂർത്തങ്ങളുടെ വായനാനുഭവം സമ്മാനിക്കുന്നു ഒരു സ്ത്രീയും ഒരു പരപുരുഷനും. കാമന തുടിക്കുന്ന കവിതകൾ പോലെയുള്ള കഥകൾ. അവയ്ക്ക് പരഭാഗശോഭ പകരുന്ന പ്രണയസങ്കേതങ്ങളുടെ അലങ്കാരകവചങ്ങളും.
ഒരു സ്ത്രീയും (ഒരു)
പരപുരുഷനും
അനിൽ നാരായണ
മാക്‌സ് ബുക്‌സ്
വില: 190 രൂപ






