ഇന്ത്യയിലെ മാധ്യമ പ്രവർത്തകർക്കെല്ലാം അസൂയയുള്ള ഒറ്റ സിനിമാ നടനേയുള്ളു. അത് ബോളിവുഡ് താരം അക്ഷയ്കുമാറാണ്. കാരണമുണ്ട്. രണ്ട് ടേമിലായി പത്ത് വർഷത്തോടടുത്ത് ഇന്ത്യ ഭരിക്കുന്ന പ്രധാന മന്ത്രി മോഡിജി ഒറ്റ മാപ്രയേയും അങ്ങോട്ട് അടുപ്പിച്ചില്ല. കരൺ ഥാപ്പറിനോട് സലാം പറഞ്ഞിറങ്ങിയ ശേഷം അതാണ് ലൈൻ. എന്നാൽ അക്ഷയ കുമാരന് പ്രത്യേക ഇളവ് ലഭിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് മോഡിയുടെ അഭിമുഖമെടുത്ത് ടെലികാസ്റ്റ് ചെയ്തത് അക്ഷയനാണ്. (2014 ഇലക്്ഷന് തൊട്ടു മുമ്പ് സല്ലു അഹമ്മദാബാദിൽ ചെന്ന് മോഡിക്കൊപ്പം പ്രാവിനെ പറത്തിയതൊന്നും മറക്കുന്നില്ല) ബോളിവുഡിൽ താരങ്ങൾ പലതുണ്ടെങ്കിലും തിളങ്ങി നിൽക്കുന്നത് രാജീവ് ഹരി ഓം ഭാട്ടിയ എന്ന അക്ഷയനാണ്. ദിലീപ് ഒരു സിനിമയിൽ പറഞ്ഞത് പോലെ വിമൽ കുമാർ എന്നാണ് ഞാനെന്നെ വിളിക്കുന്നതെന്ന് പറഞ്ഞത് പോലെയല്ല. മൂപ്പര് സിനിമയിൽ എത്തിയപ്പോൾ പേര് മാറ്റിയതാണ്. 1991ൽ ഇറങ്ങിയ സൗഗന്ധ് ആണ് നടന്റെ ആദ്യ സിനിമ.
1967ലാണ് അക്ഷയ് ജനിക്കുന്നത്. 100 കോടി രൂപയാണ് ഇപ്പോൾ ഒരു സിനിമയ്ക്ക് വാങ്ങുന്നത്. നൂറിലധികം സിനിമകളിൽ അഭിനയിച്ചു. 2009ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. റുസ്തം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും നേടി. രാജേഷ് ഖന്നയുടെയും ഡിമ്പിൾ കപാഡിയയുടെയും മകളും നടിയുമായ ട്വിങ്കിളാണ് അക്ഷയിന്റെ ഭാര്യ.
കനേഡിയൻ പൗരത്വത്തിന്റെ പേരിൽ വിമർശനം നേരിട്ടിരുന്ന സൂപ്പർ സ്റ്റാർ അക്ഷയ്കുമാറിന് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പൗരത്വം തിരിച്ചുകിട്ടി. മനസ്സും പൗരത്വവും ഹിന്ദുസ്ഥാനി എന്ന് എക്‌സിൽ കുറിച്ച അക്ഷയ് പൗരത്വ സർട്ടിഫിക്കറ്റിന്റെ കോപ്പിയും പോസ്റ്റ് ചെയ്തു.
2019ൽ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കോവിഡ് കാരണം നടപടിക്രമങ്ങൾ വൈകി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നടത്തിയ അഭിമുഖത്തിനു ശേഷം അക്ഷയ്കുമാറിന്റെ വിദേശ പൗരത്വം ഏറെ ചർച്ച ചെയ്യപ്പെട്ടു. വിദേശിക്കാണ് മോഡി അഭിമുഖം അനുവദിച്ചതെന്നായിരുന്നു വിമർശനം. ബി.ജെ.പി അനുഭാവിയായ അക്ഷയിനെ അനുകൂലിച്ച് എതിർ പക്ഷവുമെത്തി. രാജ്യത്തോടുള്ള തന്റെ സ്‌നേഹം ചോദ്യം ചെയ്തപ്പോൾ നിരാശ തോന്നി എന്നാണ് അക്ഷയ് അന്ന് പ്രതികരിച്ചത്. ഇന്ത്യയാണ് തനിക്ക് എല്ലാം. താൻ സമ്പാദിച്ചതും നേടിയതുമെല്ലാം ഇവിടെ നിന്നാണ്. ഒന്നും അറിയാതെ ആളുകൾ സംസാരിക്കുമ്പോൾ വിഷമം വരാറുണ്ട്- സങ്കടത്തോടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
അക്ഷയ് നായകനായ പുതിയ സിനിമ ഒ.എം.ജി (ഓ, മൈ ഗോഡ്) കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്. സിനിമ ഹിറ്റിലേക്ക് കുതിക്കുന്നതിനിടെയാണ് ഇന്ത്യൻ പൗരത്വവും തിരിച്ചു കിട്ടിയത്.
പഞ്ചാബിലെ അമൃത്സറിൽ ജനിച്ച അക്ഷയ്കുമാർ 2011ലാണ് കനേഡിയൻ പൗരത്വം സ്വീകരിച്ചത്. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി, അപേക്ഷിച്ചയുടൻ കനേഡിയൻ സർക്കാർ പൗരത്വം നൽകുകയായിരുന്നു. അതോടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെട്ടു.കരിയറിന്റെ തുടക്കത്തിൽ നിരവധി സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടപ്പോഴാണ് കാനഡയിലെ സുഹൃത്തുക്കളുടെ ഉപദേശപ്രകാരം അക്ഷയ് പൗരത്വത്തിന് അപേക്ഷിച്ചത്. എന്നാൽ സിനിമയിൽ വിജയം കാണാൻ തുടങ്ങിയതോടെ വീണ്ടും ഇന്ത്യൻ പൗരത്വത്തിന് ശ്രമം തുടങ്ങിയെന്ന് അക്ഷയ് പറയുന്നു. കുടുംബത്തെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവന്നു. നമ്മുടെ വിലപ്പെട്ട താരത്തെ തിരിച്ചു കിട്ടിയത് ഇന്ത്യക്കാർക്കെല്ലാം അഭിമാന നമിഷമായി.
*** *** ***
പ്രണയ സ്മാരകമായിട്ടാണ് ആഗ്രയിലെ താജ് മഹൽ അറിയപ്പെടുന്നത്. ഷാജഹാന് മുംതാസിനോട് യഥാർഥത്തിൽ സ്‌നേഹമുണ്ടായിരുന്നുവോയെന്ന് സംശയിക്കുന്ന ചില രാഷ്ട്രീയക്കാർ യു.പിയിലുണ്ട്. അതവിടെ നിൽക്കെട്ട. പ്രണയം എന്തിനേക്കാളും വിലപ്പെട്ടതാണ് എന്ന് കരുതുന്ന ആളുകൾ ഇപ്പോഴും നമുക്കിടയിൽ ഉണ്ട്. അതിൽ ഒരാളാണ് മലേഷ്യയിൽ നിന്നുള്ള ആഞ്ചലിൻ ഫ്രാൻസിസ്. പണം വേണോ പ്രണയം വേണോ എന്ന ചോദ്യം ഉയർന്നപ്പോൾ കോടിക്കണക്കിന് സമ്പത്തുള്ള കുടുംബത്തിൽ നിന്നുമുള്ള ആഞ്ചലിൻ കുടുംബം വാഗ്ദാനം ചെയ്ത 2,484 കോടി രൂപ വേണ്ട എന്ന് വച്ചാണ് പ്രണയം തെരഞ്ഞെടുത്തത്.
അവരുടെ അച്ഛൻ ഖൂ കേ പെങ് പ്രശസ്തനായ വ്യവസായിയും അമ്മ പോളിൻ ചായ മുൻ മിസ് മലേഷ്യയും ആയിരുന്നു. എന്നാൽ, പണത്തിനും പ്രശസ്തിക്കും സൗന്ദര്യത്തിനും അപ്പുറം ആഞ്ചലിൻ തെരഞ്ഞെടുത്തത് പ്രണയമായിരുന്നു. അങ്ങനെ കുടുംബത്തിന്റെ ബിസിനസ് നോക്കി നടത്തുന്നതിന് പകരം കാമുകനായ ജെഡിഡിയ ഫ്രാൻസിസിനെ വിവാഹം ചെയ്തു. പ്രണയത്തെ കുറിച്ച് വീട്ടിൽ അവതരിപ്പിച്ചപ്പോൾ അച്ഛൻ അതിനെ എതിർക്കുകയാണ് ചെയ്തത്. പണം തന്നെ ആയിരുന്നു വില്ലൻ. എതിർപ്പ് വന്നതോടെ കുടുംബത്തെ വിട്ട് കാമുകനൊപ്പം പോകാനും വിവാഹം ചെയ്യാനുമായിരുന്നു ആഞ്ചലീനിന്റെ തീരുമാനം.
2008 -ൽ അവർ ഇരുവരും വിവാഹിതരാവുകയും വേറെത്തന്നെ താമസം ആരംഭിക്കുകയും ചെയ്തു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോഴാണ് ആഞ്ചലീനും കാമുകനും കണ്ടുമുട്ടുന്നതും പ്രണയം ആരംഭിക്കുന്നതും. ഇഷ്ടമല്ലെന്ന് പറഞ്ഞാൽ കത്തിച്ചു കളയുന്ന പരശുരാമന്റെ നാട്ടിലെ പുതിയ തലമുറ ഇതൊക്കെ ഒന്ന് വായിച്ചിരുന്നെങ്കിൽ.
*** *** ***
മലയാളത്തിലെ യുവനായികമാരിൽ മുൻനിരയിലുള്ള നടിയാണ് കല്യാണി. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞ നടിയാണ് കല്യാണി പ്രിയദർശൻ. പ്രിയദർശന്റെയും ലിസിയുടെയും മകളെന്ന മേൽവിലാസത്തിലാണ് എത്തിയതെങ്കിലും സിനിമാലോകത്തു വളരെപ്പെട്ടെന്നു തന്റേതായ ഒരിടം കണ്ടെത്താൻ കല്യാണിക്ക് സാധിച്ചു. വിവാഹ സങ്കൽപങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് കല്യാണി.
'അടുത്തിടെ എനിക്കു നാത്തൂനായി പ്രമോഷൻ ലഭിച്ചു. അനിയൻ ചന്തുവിന്റെ (സിദ്ധാർഥ്) വിവാഹം കഴിഞ്ഞു. ചന്തുവിന്റെ ഭാര്യ മെലാനി യുഎസ്സിൽ നിന്നാണ്. കരിയറോ വിവാഹമോ എന്തുമാകട്ടെ, ഞങ്ങളുടെ തീരുമാനത്തെ 100 ശതമാനം പിന്തുണയ്ക്കുന്ന ബെസ്റ്റ് പേരന്റ്സ് ആണു ഞങ്ങളുടേത്. കല്യാണത്തെ കുറിച്ചൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നേയില്ല. എങ്കിലും വിവാഹ സങ്കൽപം പറയാം.
'വരനെ ആവശ്യമുണ്ടി'ലെ ബിബീഷിന്റെ വ്യക്തിത്വവും, 'ഹൃദയ'ത്തിലെ അരുണിന്റെ നിഷ്‌കളങ്കതയും, 'ബ്രോ ഡാഡി'യിലെ ഈശോയുടെ ആത്മവിശ്വാസവും, 'തല്ലുമാല'യിലെ വസീമിന്റെ 'സ്ലാംഗും' ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസ്സിൽ. അങ്ങനെയുള്ള ആളെ കിട്ടുമോ, എങ്കിൽ കെട്ടാൻ ദേ, റെഡി' കല്യാണി പറഞ്ഞു.
പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിവാഹിതരാകുന്നു എന്ന ഗോസിപ്പുകൾ കഴിഞ്ഞ കുറേ കാലമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. 'ഹൃദയം' സിനിമ ഇറങ്ങിയതോടെ ഇത് കൂടുതൽ ശക്തിപ്പെടുകയും ചെയ്തു. ഹൃദയത്തിന് ശേഷം പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം 'വർഷങ്ങൾക്ക് ശേഷം' അടുത്തിടെയാണ് പ്രഖ്യാപിച്ചത്.
ഈ ബന്ധത്തെ കുറിച്ച് കല്യാണി തന്നെ പറയുന്നത് നോക്കാം- 'കുട്ടിക്കാലം തൊട്ടേ ഒന്നിച്ചു വളർന്നവരാണു ഞങ്ങൾ. പരസ്പരം അത്രയ്ക്ക് അടുത്തറിയാം. ഐ.വി. ശശി അങ്കിളിന്റെയും ലാലങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറെ അടുപ്പം. ഊട്ടിയിലാണ് അപ്പു പഠിച്ചത്. അവധിക്കാലത്താണു ഞങ്ങളുടെ ഒത്തുചേരൽ. ഏതെങ്കിലും സിനിമയുടെ സെറ്റിലാകും അതെന്നു മാത്രം. അപ്പുവും അനിയും കീർത്തിയും ചന്തുവുമാണ് എന്റെ ടീം. എനിക്ക് അപ്പു ഫാമിലി തന്നെയാണ്. വീട്ടിലെ ആൽബങ്ങളിൽ ചന്തുവിനൊപ്പമുള്ളതിനെക്കാൾ ഫോട്ടോ അപ്പുവുമൊത്താകും. പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാർക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിൻ എന്നാണ്. 'അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകൻ' എന്നൊക്കെ പറയാൻ വലിയ ബുദ്ധിമുട്ടാണെന്നേ' കല്യാണി പറഞ്ഞു.
*** *** ***
മാധ്യമ ഭീമനായ റൂപ്പർഡ് മർഡോക് വീണ്ടുമൊരു പ്രണയ കുരുക്കിൽ. വിരമിച്ച ശാസ്ത്രജ്ഞ എലേന സുക്കോവയാണ് പുതിയ കാമുകിയെന്നാണ് റിപ്പോർട്ട്. മാസങ്ങൾക്ക് മുമ്പ് കാമുകി ആൻ ലെസ്ലി സ്മിത്തുമായുള്ള വിവാഹ നിശ്ചയത്തിൽ നിന്ന് മർഡോക് പിൻമാറിയിരുന്നു. മർഡോക് വിവാഹത്തിൽ നിന്ന് പിൻമാറിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു. മുൻ പോലീസ് ഉദ്യോഗസ്ഥയാണ് ആൻ ലെസ്ലി സ്മിത്ത്. വിവാഹത്തിനായി മർഡോക് ഇവരോട് അനുവാദം ചോദിച്ചിരുന്നു. എന്നാൽ രണ്ടാഴ്ചക്കുള്ളിൽ അമ്പരപ്പിക്കുന്ന വിധത്തിൽ മർഡോക് വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ആൻ ലെസ്ലിയുടെ മതപരമായ വിശ്വാസങ്ങൾ മർഡോക്കിന് അത്ര താൽപര്യമില്ലായിരുന്നു. ഇതേ തുടർന്നാണ് പിൻമാറിയതെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ വേനൽകാലത്തായിരുന്നു ഇവരുടെ വിവാഹം പ്ലാൻ ചെയ്തിരുന്നത്. നാലാം വിവാഹത്തിലെ ഭാര്യയുമായി പിരിഞ്ഞ ശേഷമായിരുന്നു മർഡോക് ഈ വിവാഹത്തിന് തയ്യാറെടുത്തത്. മോഡലും നടിയുമായ ജെറി ഹാളായിരുന്നു മർഡോക്കിന്റെ നാലാം ഭാര്യ. ആദ്യ മൂന്ന് വിവാഹത്തിലായി മർഡോക്കിന് ആറ് കുട്ടികളുണ്ട്. ആറ് വർഷത്തോളം നീണ്ട വിവാഹ ജീവിതമായിരുന്നു ജെറി ഹാളുമായി മർഡോക്കിനുണ്ടായിരുന്നത്. എലനയ്ക്കൊപ്പം മർഡോക് ഒരു പായ്ക്കപ്പലിൽ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇത് വൈറലായിരിക്കുകയാണ്. ഡ്രഡ്ജ് റിപ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എലനയ്ക്കൊപ്പം സമയം ചെലവിടുന്നതോടെ മർഡോക്കിന്റെ ഊർജസ്വലത വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
മർഡോക്കിന്റെ മൂന്നാം ഭാര്യ വെൻഡി ഡെങ്ങാണ് എലനെയെ മർഡോക്കിന് പരിചയപ്പെടുത്തി കൊടുത്തത്. മോളിക്യൂളാർ ബയോളജിസ്റ്റാണ് 66കാരിയായ എലേന സുക്കോവ. ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലുള്ള മെഡിക്കൽ റിസർച്ച് യൂണിറ്റിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. അതിന് ശേഷമാണ് വിരമിച്ചത്. ആർട്ട് കലക്ടറും, സോഷ്യലൈറ്റുമായ ഡാഷ സുക്കോവയുടെ അമ്മയാണ് ഇവർ. യുഎസ്സിൽ അറിയപ്പെടുന്ന മുഖമാണ് ഡാഷ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ് ചെൽസിയുടെ മുൻ ഉടമ റോമൻ അബ്രഹാമോവിച്ചിന്റെ ഭാര്യയായിരുന്നു ഡാഷ. 2008ലായിരുന്നു ഈ വിവാഹം. 2017ൽ ഇരുവരും പിരിയുകയും ചെയ്തിരുന്നു. 1999 മുതൽ 2013 വരെ വെൻഡി ഡെങ്ങ് ആയിരുന്നു മർഡോക്കിന്റെ ഭാര്യ. 1967 മുതൽ 1999ൽ അന്ന മരിയയും, 1956 മുതൽ 1967 വരെ പട്രിഷ്യ ബുക്കറുമായിരുന്നു. 17 മില്യൺ യു.എസ് ഡോളറിന്റെ ആസ്തി മർഡോക്കിനുണ്ട്.
*** *** ***
തനിക്കെതിരെ ഉയരുന്ന ലഹരി ആരോപണങ്ങളിൽ പ്രതികരിച്ച് ശ്രീനാഥ് ഭാസി. മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി താൻ മാത്രമാണോ എന്നാണ് നടൻ ചോദിക്കുന്നത്. പണം തരാതെ തന്നെ പറ്റിച്ചവരോടാണ് താൻ മോശമായി പെരുമാറിയത്. തനിക്കെതിരെ ലഹരി ആരോപണങ്ങൾ ഉയർത്തുന്ന അങ്കിൾമാരെല്ലാം വൈകീട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്നവരാണെന്ന് എല്ലാവർക്കും അറിയാം.
അവർ കഴിക്കുന്ന മദ്യം ലഹരിയല്ലേ? മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ശ്രീനാഥ് ഭാസി മാത്രമാണോ? ഇവരെന്തു കൊണ്ടാണ് ലഹരി ഉപയോഗിക്കുന്ന എല്ലാവരെപ്പറ്റിയും പറയാത്തത്? എന്നും ശ്രീനാഥ് ഭാസി തുറന്ന് പറയുന്നു.
താൻ മോശമായി പെരുമാറി എന്ന് പറയുന്നവർ തന്നെ പറ്റിച്ചവരാണ്. പണം തരാതെ പറ്റിച്ചു കടന്നുകളഞ്ഞവരെ നേരിൽക്കണ്ടപ്പോഴാണ്. ജോലിയുടെ കൂലി തരാതെ പറ്റിക്കുന്നവരെ പൂമാലയിട്ട് സ്വീകരിക്കാൻ കഴിയുമോ?
പറ്റിച്ചവരോട് നിങ്ങൾ എങ്ങനെയാണ് പെരുമാറുക. അത്രയേ താനും ചെയ്തുള്ളൂ. അഭിനയിക്കുന്നത് സിനിമയിൽ മാത്രമാണ്. അതിനപ്പുറത്ത് സാധാരണ മനുഷ്യനാണ് താൻ. അത്തരമൊരാളുടെ ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം പ്രതീക്ഷിക്കണം. അത്രയ്ക്ക് വിഷമമുണ്ട്. ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ട്.
തന്നെ മലയാള സിനിമയിൽ വിലക്കും എന്ന് പറയുന്നവരുടെ അടുക്കളയിൽ അല്ലല്ലോ മലയാള സിനിമ ഉണ്ടാക്കുന്നത്. ചിലരെ കുറിച്ച് എന്തെങ്കിലും പറയാം എന്ന രീതിയാണ്. ഏത് ആരോപണത്തിനൊപ്പവും ലഹരി എന്ന് ചേർക്കാമെന്ന ധാരണയാണ് ചിലർക്ക് എന്നാണ് ശ്രീനാഥ് ഭാസി വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
*** *** ***
താൻ ജയിലിൽ കിടന്നപ്പോൾ ടോയ്ലറ്റ് ക്ലീൻ ചെയ്തിട്ടുണ്ടെന്ന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ബിഗ്ബോസ് ഒ.ടി.ടി ഫിനാലെയ്ക്കിടെയാണ് സൽമാൻ ഖാൻ സംസാരിച്ചത്. ഫിനാലെ എപ്പിസോഡിൽ വീട്ടിനുള്ളിൽ ഗാർഹിക ജോലികൾ 50 ശതമാനവും ചെയ്തത് പൂജ ഭട്ടാണെന്നും അതിന് അവരോട് നന്ദിയുണ്ടെന്നും സൽമാൻ പറഞ്ഞു. ബിഗ്ബോസ് വീട്ടിനുള്ളിൽ ആരെങ്കിലും ഭരണം നടത്തിയെന്ന് പറയുകയാണെങ്കിൽ അത് പൂജ ഭട്ടും, ബേബികയുമാണ്. ഈ വീട് നിങ്ങൾക്ക് മിസ് ചെയ്യും. പ്രത്യേകിച്ച് ബാത്ത് റൂം. കാരണം ബിഗ്ബോസിന്റെ 17 സീസണുകളിൽ ഇത്രയും വൃത്തിയുള്ള ബാത്ത് റൂം ഇതുവരെ ഉണ്ടായിട്ടില്ല' എന്നാണ് സൽമാൻ പറഞ്ഞത്. അപ്പോൾ 'നിങ്ങൾ തന്നെ ഒരു സീസണിൽ അകത്ത് കയറി വന്ന് ക്ലീൻ ചെയ്തെന്ന് ഞാൻ കേട്ടിട്ടുണ്ട്' എന്ന് പൂജ ഭട്ട് പറയുകയായിരുന്നു. 'അതേ ഞാൻ ചെയ്തിട്ടുണ്ട്. അന്ന് ഞാൻ അവിടുന്ന് എന്തൊക്കെയാണ് നീക്കം ചെയ്തതെന്ന് ശരിക്കും നിങ്ങളോട് പറയാൻ പറ്റില്ല.'
ബോർഡിംഗ് സ്‌കൂളിലാണെങ്കിൽ നിങ്ങൾ ഇതൊക്കെ ചെയ്തിട്ടുണ്ടാകും. ഇതൊന്നും പുതിയ കാര്യം അല്ല. ഞാൻ ജയിലിൽ പോലും ഇതൊക്കെ ചെയ്തിട്ടുണ്ട്. ഒരു ജോലിയും ഒരാളെ താഴെയുള്ളയാളാക്കുന്നില്ല' എന്നാണ് സൽമാൻ ഖാൻ പറയുന്നത്.കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാൻ ഖാൻ കുറ്റക്കാരനാണെന്ന് 2018ൽ ആയിരുന്നു കോടതി കണ്ടെത്തിയത്. കേസിൽ സൽമാന് 5 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
*** *** ***
കഴിഞ്ഞ ദിവസം മലബാറിലെ പ്രധാന നഗരത്തിലെ തിരക്കേറിയ കേന്ദ്രത്തിൽ ഒരു കാഴ്ച കണ്ടു. ഒരു വാൻ നിർത്തി ബിരിയാണി പൊതി എല്ലാവർക്കും വിതരണം ചെയ്യുന്നു. ഇഷ്ടം പോലെ കൊടുക്കാനുള്ള വക വാഹനത്തിലുണ്ട്. എല്ലാം വീഡിയോ ഗ്രാഫറെ വെച്ച് ചിത്രീകരിക്കുന്നുമുണ്ട്. അതു കൊണ്ട് മാത്രം ഭക്ഷണപ്പൊതി വാങ്ങാൻ അറച്ചുനിന്ന ഒരു കടയിലെ സെയിൽസ്മാനെയും കണ്ടു. ഇതിനിടയ്ക്കാണ് നന്മയുടെ പല തരം വാർത്തകൾ മാധ്യമങ്ങളിലൂടെ നിറഞ്ഞൊഴുകുന്നത്.
പണം വാരിക്കോരി കൊടുക്കുന്ന ഈ കരിമണൽ മുതലാളിയെ ഒന്നു കണ്ടു കിട്ടിയിരുന്നെങ്കിൽ എന്ന് ഏത് മലയാളിയും കൊതിച്ചു പോകും. എത്ര നല്ല മനുഷ്യൻ? ആരേയും സഹായിക്കും.
ജാതി, മത, രാഷ്ട്രീയ ഭേദമില്ല. ഒരു പക്ഷേ, സോഷ്യലിസം വരിക ഇത്തരക്കാരുടെ ചെയ്തികളിലൂടെയല്ലെന്നാർക്കറിയാം? ഏതായാലും പായക്കഥയും കരിമണൽ വിശേഷവും തകർത്താടിയപ്പോൾ കേരളത്തിൽ കോഴി വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്.
ഒരു മാസം മുമ്പ് 150-160 നിരക്കിൽ ലഭിച്ച ബ്രോയ്‌ലർ കോഴിക്ക് രണ്ടു ദിവസം മുമ്പ് 190 രൂപയായിരുന്നു. വെള്ളിയാഴ്ച കോഴിക്കോട് നഗരത്തിൽ 220 രൂപയ്ക്കാണ് വിറ്റത്. ചിലേടങ്ങളിൽ 240 ആയി ഉയർന്നുവെന്നും റിപ്പോർട്ടുണ്ട്. ഓണമാവുമ്പോഴേക്ക് 300ൽ എത്തുകയാണ് ലക്ഷ്യമെന്ന് കേൾക്കുന്നു. ആരും ഇടപെടാനില്ലാത്തതിനാൽ എന്തിനും എത്രയും വില കൂട്ടാമല്ലോ. സോഷ്യൽ മീഡിയയിൽ ആരോ അന്വേഷിച്ചത് പോലെ കേരളത്തിലെ യു.ഡി.എഫ് ഭരണകക്ഷിയുടെ ഭാര്യയോ, കാമുകിയോ?






