Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാർത്തകൾ, വായിക്കുന്നത് സുഷമ

ഇപ്പോഴും തിരക്കിന്റെ ലോകത്താണ് ഈ വാർത്താവതാരക. കടന്നുവന്ന വഴികൾ ഇപ്പോഴും മനസ്സിലുണ്ട്. ആലപ്പുഴ ജില്ലയിലെ ഓണാട്ടുകരയിൽ നിന്നും ശബ്ദസൗകുമാര്യംകൊണ്ട് രാജ്യതലസ്ഥാനം വരെയെത്തിയ വാർത്താ വായനക്കാരിയുടെ കഥ. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പിൻതലമുറയിൽ ജനിച്ചുവളർന്നതുകൊണ്ടാകാം അവകാശങ്ങൾക്കുവേണ്ടി പോരാടാൻ എന്നും മുൻപന്തിയിലുണ്ടായിരുന്നു. എന്നാൽ ആപാരമ്പര്യത്തിന്റെ ശേഷിപ്പുകളായി ഇന്ന് വീട്ടിലുള്ളത് ഒരു വാളും പരിചയും മാത്രം. പോരാത്തതിന് പഴയ ഒരു കട്ടിലുമുണ്ട്.

നാലു പതിറ്റാണ്ടുകാലം അനൗൺസറായും വാർത്താവതാരകയായും മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സുഷമചേച്ചി ഇവിടെയുണ്ട്. തിരുവനന്തപുരം പൂജപ്പുരയിലുള്ള വീട്ടിൽ ഇപ്പോഴും വാർത്തകളുടെ ലോകത്ത് വിരാജിക്കുന്ന വീട്ടമ്മ. ശബ്ദംകൊണ്ട് മായാജാലം തീർത്ത ഈ വാർത്താ വായനക്കാരി നമ്മെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്വരസാന്നിധ്യം കൊണ്ട്  നമ്മുടെ ഹൃദയത്തിൽ കയറിക്കൂടിയ ഒരാൾ.


വാർത്തകൾ വായിക്കുന്നത് സുഷമ എന്നു കേൾക്കാത്ത ഒരു ദിവസം പോലും മലയാളികൾക്കില്ലാത്ത ഒരു കാലമുണ്ടായിരുന്നു. നേരിട്ട് കണ്ടില്ലെങ്കിലും ശബ്ദംകൊണ്ട് സുപരിചിതമായ നാമം. അതാണ് സുഷമ ചേച്ചി. മലയാളിയുടെ അടുക്കളയിലും സ്വീകരണമുറിയിലും ഉമ്മറത്തും ചായക്കടയിലുമൊക്കെ ആകാശവാണി നിറഞ്ഞുനിന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തിന്റെ ഗൃഹാതുരസ്മരണയിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന നാമമാണ് സുഷമ എന്നത്.
നാലു വർഷംമുൻപ് ആകാശവാണിയുടെ പടികളിറങ്ങിയെങ്കിലും ഇപ്പോഴും ആ ലോകത്തുനിന്നും പിൻവാങ്ങാൻ അവർക്കായിട്ടില്ല. 
വിക്‌ടേഴ്‌സ് ചാനലിൽ പെൺപെരുമ എന്ന പരിപാടി അവതരിപ്പിക്കുന്നതോടൊപ്പം മലയാളം മിഷനുവേണ്ടി കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുന്നുമുണ്ട്. കൂടാതെ 'തനിമ ' എന്നൊരു ചാനലിലും പ്രവർത്തിക്കുന്നു. കുട്ടിക്കാലംതൊട്ടേ കലാഭിമുഖ്യമുള്ളതിനാൽ നൃത്തവും നാടകവും ഒപ്പമുണ്ട്. അഭിനയതാൽപര്യം നിമിത്തം ഹ്രസ്വചിത്രങ്ങളിലും വേഷമിടുന്നു.
കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന നാടകം അരങ്ങിൽ അവതരിപ്പിച്ചുകഴിഞ്ഞു. കൂടാതെ അമ്മ എന്ന പുരാണനാടകം സോളോയായും അവതരിപ്പിക്കുന്നുണ്ട്. നാടകത്തിൽ ശിഖണ്ഡിയുടെ വേഷത്തിലാണവർ എത്തുന്നത്. ഭാരതസ്ത്രീകളുടെ പ്രതീകമായാണ് ശിഖണ്ഡിയെ അവതരിപ്പിക്കുന്നത്.
പ്രായം  അറുപത്തിനാലിലെത്തിയെങ്കിലും ഇപ്പോഴും തിരക്കിന്റെ ലോകത്താണ് ഈ വാർത്താവതാരക. കടന്നുവന്ന വഴികൾ ഇപ്പോഴും മനസ്സിലുണ്ട്. ആലപ്പുഴ ജില്ലയിലെ ഓണാട്ടുകരയിൽ നിന്നും ശബ്ദസൗകുമാര്യംകൊണ്ട് രാജ്യതലസ്ഥാനം വരെയെത്തിയ വാർത്താ വായനക്കാരിയുടെ കഥ. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പിൻതലമുറയിൽ ജനിച്ചുവളർന്നതുകൊണ്ടാകാം അവകാശങ്ങൾക്കുവേണ്ടി പോരാടാൻ എന്നും മുൻപന്തിയിലുണ്ടായിരുന്നു. എന്നാൽ ആ പാരമ്പര്യത്തിന്റെ ശേഷിപ്പുകളായി ഇന്ന് വീട്ടിലുള്ളത് ഒരു വാളും പരിചയും മാത്രം. പോരാത്തതിന് പഴയ ഒരു കട്ടിലുമുണ്ട്.
ഏക്കർ കണക്കായ തെങ്ങിൻതോപ്പും മറ്റു കൃഷിസ്ഥലങ്ങളുമുള്ള കുടുംബത്തിലായിരുന്നു ജനിച്ചത്. സമ്പത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലായിരുന്നെങ്കിലും പെൺകുട്ടികൾ തൊഴിലെടുത്ത് സ്വന്തം കാലിൽ നിൽക്കണമെന്ന ചിന്താഗതിക്കാരനായിരുന്നു അച്ഛൻ. കെമിസ്ട്രി ബിരുദധാരിയായിരുന്നു അദ്ദേഹം. അമ്മ വിജയലക്ഷ്മി വീട്ടമ്മയും. പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിലുമെല്ലാം എന്നും പിന്തുണയുമായി കൂടെ നിന്നവർ. ആകാശവാണിയിൽ അനൗൺസർ തസ്തികയിലേക്ക് അപേക്ഷ നൽകാൻ ഉപദേശിച്ചതും അച്ഛൻ തന്നെ. അന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു. പരീക്ഷയും പാസായി കൂടിക്കാഴ്ചയും കഴിഞ്ഞപ്പോൾ ജോലിയും ലഭിച്ചു. 1980 
നവംബർ ഇരുപത്തിമൂന്നിനായിരുന്നു ആകാശവാണിയിൽ ജോലിക്കു പ്രവേശിച്ചത്. ഒരു വ്യാഴവട്ടക്കാലം അനൗൺസറായി ജോലി ചെയ്തു. യുവവാണി, വിദ്യാഭ്യാസരംഗം, കാർഷികരംഗം, കഥാവായന... തുടങ്ങി നിരവധി മേഖലകൾ കൈകാര്യം ചെയ്തു. തുടർന്നാണ് വാർത്താവതാരകയാകുന്നത്.
മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്ന പി. പദ്മരാജനാണ് വാർത്താവതാരകയാകുന്നതിനുള്ള പ്രചോദനം നൽകിയത്. സുഷമ വാർത്തകൾ വായിച്ചാൽ നന്നായിരിക്കുമെന്ന് ഉപദേശിച്ചതും അദ്ദേഹമായിരുന്നു. പദ്മരാജനെ പപ്പു അങ്കിൾ എന്നായിരുന്നു വിളിച്ചിരുന്നത്. അമ്മയുടെ അച്ഛൻ മുതുകുളത്തുകാരനാണ്. അവിടെ അടുത്താണ് ഞവരക്കൽ. ഞങ്ങൾ തമ്മിൽ ബന്ധുക്കളുമാണ്. ആകാശവാണിയിൽ ജോലിക്കു ചേരുമ്പോൾ അമ്മാവൻ പപ്പു അങ്കിളിനെ വിളിച്ചുപറഞ്ഞിരുന്നു. കൊച്ചുമകൾ അവിടേക്കു വരുന്നുണ്ട്, ശ്രദ്ധിക്കണമെന്ന്. അത് ഗുണകരമായി. എന്റെ ഉയർച്ചക്കുവേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തുതന്നത് പപ്പു അങ്കിളായിരുന്നു. വാർത്താ വായനയിലും മോഡുലേഷനിലുമെല്ലാം സഹായിയായതും അദ്ദേഹം തന്നെ. കൂടാതെ അന്ന് ആകാശവാണിയിലുണ്ടായിരുന്ന പ്രതാപവർമ്മയാണ് വിവർത്തനം പരിശീലിപ്പിച്ചത്. മലയാളത്തിൽനിന്നും ഇംഗ്ലീഷിലേക്കും തിരിച്ചും വാർത്തകൾ എങ്ങനെ വിവർത്തനം ചെയ്യണമെന്ന് പറഞ്ഞുതന്നത് അദ്ദേഹമായിരുന്നു. ആകാശവാണിയിൽ ജോലി ചെയ്തിരുന്ന കാലത്ത് അത്രയും സ്‌നേഹവും പരിഗണനയും നൽകിയത് ഇവർ രണ്ടുപേരുമായിരുന്നു. കൂടാതെ മലയാളത്തിലുള്ള എന്തു സംശയവും ദൂരീകരിക്കുന്നതിന് സാഹിത്യവാരഫലം എന്ന പംക്തി എഴുതിക്കൊണ്ടിരുന്ന എം. കൃഷ്ണൻനായരെയും ഇവർ പരിചയപ്പെടുത്തിത്തന്നു. ഇദ്ദേഹവും ഈ മേഖലയിൽ മുന്നേറാൻ ഏറെ സഹായം നൽകിയിരുന്നു.
1992 ഏപ്രിൽ പതിനാലിനാണ് വാർത്താ അവതാരകയായി ഡൽഹിയിലേക്ക് വണ്ടി കയറുന്നത്. ഇംഗ്ലീഷ് ന്യൂസ് റീഡിംഗായിരുന്നു അവിടത്തെ ജോലി. മണിപ്രവാളശൈലിയിലുള്ള മലയാളമായിരുന്നു അവിടെ വാർത്താവായനക്കാർ ഉപയോഗിച്ചിരുന്നത്. ആ രീതി പാടെ മാറ്റിയെടുക്കുകയായിരുന്നു. ജനറൽ ന്യൂസ് റീഡിംഗ് മുറിയിൽ എല്ലാ വാർത്തകളും എത്തുമായിരുന്നു. എന്നാൽ ഏതുതരത്തിലുള്ള വാർത്തകൾക്ക് പ്രാധാന്യം നൽകണമെന്നത് എഡിറ്ററുടെ താല്പര്യമനുസരിച്ചായിരുന്നു. ഈ രീതിയോട് യോജിക്കാനാവുമായിരുന്നില്ല. ഒരു വർഷം മാത്രമേ അവിടെ ജോലി ചെയ്യേണ്ടിവന്നുള്ളു. തുടർന്ന് തിരുവനന്തപുരത്തേയ്ക്ക് സ്ഥലംമാറ്റമാവുകയായിരുന്നു.
എല്ലാ വാർത്തകൾക്കും വേണ്ടത്ര പ്രാധാന്യം നൽകാൻ ശ്രമിച്ചിരുന്നു. സുനാമിയിൽ ചെന്നൈ ആകാശവാണി വെള്ളത്തിൽ മുങ്ങിയപ്പോൾ ആദ്യം വാർത്ത നൽകിയത് തിരുവനന്തപുരം ആകാശവാണിയായിരുന്നു. മറ്റ് മാധ്യമങ്ങൾ വാർത്തയാക്കുന്നതിനുമുൻപുതന്നെ ഈ വാർത്ത ജനങ്ങളിലെത്തിക്കാൻ ആകാശവാണിക്ക് കഴിഞ്ഞു. ഓരോ ദിവസവും വേദനിപ്പിക്കുന്നതും മദിപ്പിക്കുന്നതുമായ ഒട്ടേറെ വാർത്തകൾ വായിക്കേണ്ടിവന്നിട്ടുണ്ട്. ഇന്ദിരാഗാന്ധി വധവും രാജീവ് ഗാന്ധി വധവുമെല്ലാം ഏറെ വേദനയോടെയാണ് വായിച്ചത്. കൂടാതെ കോഴിക്കോട്ട് അച്ഛനും രണ്ടാനമ്മയും ചേർന്ന് ഒരു പിഞ്ചുബാലികയെ കൊലപ്പെടുത്തിയ വാർത്തയും ഏറെ വേദനിപ്പിക്കുന്നതായിരുന്നു. ഇടുക്കിയിൽ ഒരു പെൺകുട്ടി ലഹരിമരുന്നിന് അടിമയായ ചെറുപ്പക്കാരനാൽ നിഷ്‌കരുണം കൊല്ലപ്പെട്ട വാർത്തയും വേദനാജനകമായിരുന്നു. മനസ്സിലിന്നും നിറഞ്ഞുനിൽക്കുന്ന എത്രയോ വേദനിപ്പിക്കുന്ന വാർത്തകൾ വായിക്കേണ്ടിവന്നിട്ടുണ്ട്.
നമ്മുടെ കുഞ്ഞുങ്ങൾ ഇവിടെ സുരക്ഷിതമല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സ്ത്രീകൾ പോലും ഭർത്താക്കന്മാരിൽ നിന്നും ഓടിയൊളിക്കുന്ന കാഴ്ചകൾ കാണേണ്ടിവന്നിട്ടുണ്ട്. വിവാഹം കഴിച്ചു എന്ന കാരണത്താൽ സ്ത്രീ എന്നും ഭർത്താവിന്റെ അടിമയായി കഴിയണമെന്നുണ്ടോ ? സാമൂഹിക ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഇനിയും ദൂരീകരിക്കേണ്ടതായിട്ടുണ്ട്.
പലയിടത്തും ആകാശവാണി പ്രക്ഷേപണം അവസാനിപ്പിക്കുന്ന വാർത്തകൾ കേൾക്കുന്നുണ്ട്. എന്നാൽ ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണം. ഭരണാധികാരികളുടെ നാവായി ഒരിക്കലും ആകാശവാണി തരംതാഴരുത്. വിവരമില്ലാത്തതുകൊണ്ടാണ് അവരിങ്ങനെ ചെയ്യുന്നത്. ഇതിനെതിരെ ജനരോഷം ഉയരേണ്ടതായുണ്ട്. റേഡിയോയുടെ സ്ഥാനം മറ്റൊന്നിനും കിട്ടുകയില്ല. അത് മനസ്സിലാക്കിവേണം പ്രവർത്തിക്കേണ്ടത്.
വാർത്താവായനയിൽ ഭാഷയ്ക്കുള്ള സ്ഥാനം എടുത്തുപറയേണ്ടതാണ്. അക്ഷര സ്ഫുടതയും ഭാഷാ പ്രാവീണ്യവും വാർത്താ വായനക്കാർക്ക് അത്യന്താപേക്ഷിതമാണ്. മാത്രമല്ല, ദ്വയാർഥ പ്രയോഗമുള്ള വാക്കുകൾ ഉപയോഗിക്കാൻ പാടില്ല. സമയം പന്ത്രണ്ടേ മുപ്പത് എന്നല്ലാതെ പന്ത്രണ്ടര എന്നു പറയാൻ പാടില്ല. കാരണം അരയ്ക്ക് രണ്ടർഥമുണ്ട്. മനുഷ്യശരീരത്തിന്റെ ഒരു ഭാഗമാണ് അര. അതുകൊണ്ട് ഇത്തരം വാക്കുകൾ വാർത്താ വായനയിൽ ഉപേക്ഷിക്കുകയാണ് വേണ്ടത്. കാരണം ലോകം ഭാഷാവതരണത്തെ അത്രയും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത് എന്ന ബോധം വാർത്താ അവതാരകനുണ്ടായിരിക്കണം.
ആകാശവാണി ജീവിതകാലത്ത് തിക്താനുഭവങ്ങൾ നിരവധി നേരിടേണ്ടിവന്നിട്ടുണ്ട്. ജാതീയമായ അവഹേളനങ്ങൾ നേരിട്ട സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. മാത്രമല്ല, മനോരോഗിയായി പോലും ചിത്രീകരിക്കാനുള്ള ശ്രമം നടന്നിരുന്നു. വളരെയധികം ആസ്വദിച്ചാണ് ജോലി ചെയ്തിരുന്നതെങ്കിലും ഇത്തരത്തിലുള്ള അവഹേളനങ്ങൾ മാനസികമായി ഏറെ വേദനയുണ്ടാക്കിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കൂടെ നിന്നവർക്കെതിരെയും വിമർശനങ്ങളുണ്ടായിരുന്നു. അതെല്ലാം ഇന്നും മനസ്സിലുണ്ട്. അവയെല്ലാം ചേർത്ത് ഒരു ആത്മകഥ രചിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
സുഷമചേച്ചിക്ക് രണ്ടു പെൺമക്കളാണുള്ളത്. മൂത്ത മകൾ മാളു മോഹൻ ഡന്റിസ്റ്റാണെങ്കിലും ചെന്നൈ ഐ.സി.എം.ആറിലാണ് ജോലി നോക്കുന്നത്. മരുമകൻ റേഡിയോളജിസ്റ്റാണ്. ഇളയ മകൾ കല്യാണി കനഡയിലാണ്. ബയോകെമിസ്ട്രിയിൽ എം.എസ്‌സിക്കാരിയായ അവൾ അവിടെനിന്നും ക്വാളിറ്റി ഓഫ് ഫുഡ് എന്ന വിഷയത്തിൽ എം.എസ്.സി നേടി ചെയിൻ ഓഫ് ഫുഡ് പ്രൊഡക്ട് എന്ന സ്ഥാപനത്തിൽ ജോലി നോക്കുന്നു. അവളുടെ ഭർത്താവ് ഐ.ടി. സെക്ടറിലാണ്.
രാഷ്ട്രീയത്തിൽ തൽപരയല്ലെങ്കിലും കരുണാകരനെയും നായനാരേയും ഇഷ്ടമാണ്. ഇന്ദിരാഗാന്ധി പറഞ്ഞതുപോലെ എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ വളർച്ചയ്ക്കുവേണ്ടി സംഭാവന നൽകുകയും അതിനെ ശക്തവും ചലനാത്മകവുമാക്കുകയും ചെയ്യും എന്ന ലക്ഷ്യമാണ് എനിക്കുള്ളത് - സുഷമചേച്ചി പറഞ്ഞുനിർത്തി.

Latest News