ബാഴ്‌സലോണ - റയല്‍ മഡ്രീഡ് ജഴ്‌സിയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജൂഡ് ബെലിംഗാം സ്‌കോര്‍ ചെയ്തു. ഇംഗ്ലിഷ് മിഡ്ഫീല്‍ഡറുടെ ഇരട്ട ഗോളില്‍ റയല്‍ 3-1 ന് സ്പാനിഷ് ലീഗില്‍ അല്‍മീരിയയെ തകര്‍ത്തു. ഇരുപതുകാരന് രണ്ടു കളിയില്‍ മൂന്നു ഗോളായി. അത്‌ലറ്റിക് ബില്‍ബാവോക്കെതിരായ ആദ്യ കളിയിലും ബെലിംഗാം സ്‌കോര്‍ ചെയ്തിരുന്നു. ആദ്യം ഗോളടിച്ച് അല്‍മീരിയ വമ്പന്മാരായ എതിരാളികളെ ഞെട്ടിച്ചിരുന്നു.
ബെലിംഗാമിന്റെ പാസില്‍ നിന്ന് വിനിസിയൂസ് ജൂനിയറാണ് മൂന്നാമത്തെ ഗോളടിച്ചത്. ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് 13 കോടി യൂറോയുടെ കരാറിലാണ് ബെലിംഗാം റയലിലെത്തിയത്. സിനദിന്‍ സിദാന്‍ അണിഞ്ഞിരുന്ന അഞ്ചാം നമ്പറാണ് ബെലിംഗാമിന് റയല്‍ നല്‍കിയത്.






