നാഷവൈല്‍ - മേജര്‍ ലീഗിലും കിരീടം നേടി ലിയണല്‍ മെസ്സി ചരിത്രം സൃഷ്ടിച്ചു. സഡന്‍ഡെത്തിലേക്ക് നീണ്ട ഷൂട്ടൗട്ടില്‍ 10-9 ന് നാഷവൈലിനെ തോല്‍പിച്ച് ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് ഫുട്‌ബോള്‍ കിരീടമുയര്‍ത്തി. 1-1 സമനിലയില്‍ കളിയവസാനിച്ചതിനെത്തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്.
ഇരുപത്തിനാലാം മിനിറ്റില്‍ അതിമനോഹരമായ മെസ്സിയുടെ ഗോളില്‍ മയാമി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ ഫാഫ പികോള്‍ട് തിരിച്ചടിച്ചു.
നിശ്ചിത സമയത്തിന്റെ അവസാന സെക്കന്റുകളില്‍ ലിയാന്ദ്രൊ കാംപാന മയാമിയെ വിജയിപ്പിക്കാന്‍ കിട്ടിയ അവസരം കളഞ്ഞുകുളിച്ചു. ഷൂട്ടൗട്ടില്‍ എലിയറ്റ് പാനിക്കോയുടെ ഷോട്ട് മയാമി ഗോളി ഡ്രെയ്ക് കലന്‍ഡര്‍ രക്ഷിച്ചു.






